ചക്കിട്ടപാറയില്‍ മകന്റെ വെടിയേറ്റു അമ്മ മരിച്ചു

Web Desk
Posted on May 20, 2018, 10:08 pm

പേരാമ്പ്ര: മകന്‍റെ വെടിയേറ്റ് അമ്മ മരിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട് മാവട്ടം മലയില്‍ കുരിശുമല റോഡില്‍ പള്ളിച്ചാം വീട്ടില്‍ ചിത്രാംഗദന്‍റെ ഭാര്യ ഷൈജി (38)യാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിനുള്ളില്‍ അടുക്കളയില്‍ വെടിയേറ്റു മരിച്ച നിലയിലായിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത മകന്റെ വെടിയേറ്റാണു അമ്മ മരിച്ചതെന്നു പൊലീസ് പറയുന്നു.
കാട്ടില്‍ നിന്നു ലഭിച്ച തോക്കു കൊണ്ടു പതിനേഴുകാരനായ മകന്‍ കളിക്കുന്നതിനിടയില്‍ അമ്മക്കു വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. സംഭവം അയല്‍വാസികളാണു പെരുവണ്ണാമൂഴി പൊലീസിനെ അറിയിച്ചത്. ഇവര്‍ എത്തി പരിശോധിച്ചപ്പോള്‍ ഷൈജി മരിച്ച നിലയിലായിരുന്നു. നാദാപുരം ഡി വൈ എസ് പി സുനില്‍ കുമാറും രാത്രി തന്നെ സംഭവ സ്ഥലത്തു എത്തിയിരുന്നു. ഇന്നലെ രാവിലെ പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി സുനില്‍കുമാറിന്റെയും പെരുവണ്ണാമൂഴി സബ് ഇന്‍സ്‌പെക്ടര്‍ കെ കെ രാജേഷിന്റെയും മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചക്കു ഒന്നരയോടെ ജഡം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കയച്ചു. പോസ്റ്റ്‌മോര്‍ട്ടം ഇന്നു രാവിലെ നടക്കും. ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
സയന്‍റിഫിക്, വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. വെടിയേല്‍ക്കാന്‍ കാരണക്കാരനായ മകനെ പൊലീസ് നിരീക്ഷണത്തില്‍ ബന്ധുക്കളുടെ സംരക്ഷണത്തില്‍ ഏല്‍പ്പിച്ചു. സംഭവത്തെ പറ്റി കൂടുതല്‍ അന്വേഷണം നടത്തി വ്യക്തത വരുത്തിയ ശേഷമെ കൂടുതല്‍ നടപടികളിലേക്കു കടക്കുയെന്നു പേരാമ്പ്ര സി ഐ അറിയിച്ചു.
വിദ്യാര്‍ത്ഥികളായ അജയ്, അഭിജിത്ത്, അശ്വതി എന്നിവരാണു മരിച്ച ഷൈജിയുടെ മക്കള്‍. പൂഴിത്തോട്ടിലെ എലിച്ചു പാറ വിജയന്റെ മകളാണ് ഷൈജി. മാതാവ്: ജയ. സഹോദരി: ഷൈമ