പൗരത്വ രജിസ്റ്റര്‍: ക്യൂ നിന്ന ദമ്പതികളുടെ കൈക്കുഞ്ഞ് മരിച്ചു

Web Desk
Posted on July 11, 2019, 10:27 pm

ബാരാപേട്ട: ദേശീയ പൗരത്വ രജിസ്റ്ററിലെ അപാകത പരിഹരിക്കുന്നതിന് ക്യൂ നിന്ന ദമ്പതികളുടെ കൈക്കുഞ്ഞ് മരിച്ചു. അസം സ്വദേശികളായ അനാര്‍ ഹുസൈന്‍, സബേദ ദമ്പതികളുടെ 40 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനാര്‍ ഹുസൈന്റെ സഹോദരിയുടെ പേര് പൗരത്വ രജിസ്റ്ററില്‍ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് പരിഹരിക്കുന്നതിനാണ് വീട്ടില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ബാരാപ്പേട്ടയിലെ ഹിയറിങ് കേന്ദ്രത്തില്‍ എത്തിയത്. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിന് മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടി വന്നതായി അനാര്‍ ഹുസൈന്‍ പറഞ്ഞു. രേഖകള്‍ നല്‍കിയ ശേഷം അനാര്‍ തന്റെ ഭാര്യയായ സബേദയോട് കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു. പാല്‍ കൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് കുഞ്ഞ് മരിച്ചതായി അറിഞ്ഞതെന്നും അനാര്‍ പറയുന്നു.