March 24, 2023 Friday

Related news

December 5, 2022
November 6, 2022
November 4, 2022
October 10, 2022
October 10, 2022
July 20, 2022
July 1, 2022
April 19, 2022
April 7, 2022
November 7, 2021

ട്രൂപ്പിന്റെ ബോർഡ് വച്ചതിന് നാടക വാനിന് കനത്ത പിഴ; നടപടിയിൽ വ്യാപക പ്രതിഷേധം

Janayugom Webdesk
തൃശൂർ
March 5, 2020 8:56 pm

സമിതിയുടെ ബോർഡ് വച്ചതിന് നാടക സംഘം സഞ്ചരിച്ച വാഹനത്തിന് കനത്ത പിഴയിട്ട മോട്ടോർ വാഹനവകുപ്പിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം. സാംസ്കാരിക സാമൂഹിക പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തു വന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നടപടി പരിശോധിക്കാൻ തൃശൂർ ആർടിഒയെ ചുമതലപ്പെടുത്തിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യം നടന്നിട്ടുണ്ടെങ്കിൽ കർശനമായ നടപടിയെടുക്കണമെന്ന് ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടതായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു.

ആലുവ അശ്വതി നാടക ട്രൂപ്പിനാണ് നാടക കമ്പനിയുടെ പേരുള്ള ബോർഡ് വാഹനത്തിൽ വച്ചതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വൻ തുക പിഴയായി ചുമത്തിയത്. തൃശൂർ ബ്ലാങ്ങാട് നാടകം അവതരിപ്പിക്കുവാൻ പോകുന്നതിനിടെ എങ്ങണ്ടിയൂരിൽ വച്ചാണ് പരിശോധനയ്ക്കായി വാഹനം തടഞ്ഞത്. വാഹനത്തിന്റെ രേഖകൾ ശരിയാണെങ്കിലും ബോർഡ് വയ്ക്കുന്നതിന് ഫീസ് അടച്ചിട്ടുണ്ടോയെന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷീബ ചോദിച്ചു. ബോർഡ് വയ്ക്കുന്നതിന് അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്ന വിവരം ട്രൂപ്പ് ഉടമ ഉണ്ണി ജയന്ത് പറഞ്ഞതിനെത്തുടർന്നാണ് ഉദ്യോഗസ്ഥ പിഴ ഈടാക്കിയത്.

മോട്ടോർ വെഹിക്കിൾ നിയമ പ്രകാരമാണ് നടപടിയെന്നും ഫൈനായി 9,600 രൂപയാണ് അടയ്ക്കേണ്ടതെന്നുമാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷീബയുടെ വിശദീകരണം. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ സാംസ്കാരികരംഗത്ത് പ്രതിഷേധം കനക്കുകയാണ്. ആലുവ അശ്വതി തിയേറ്റേഴ്സിന്റെ മേൽ ചുമത്തിയ കുറ്റം ഒഴിവാക്കണമെന്ന് യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാ കൃഷ്ണനും ജനറൽ സെക്രട്ടറി ഇ എം സതീശനും ആവശ്യപ്പെട്ടു. കേരളത്തിലെ സാംസ്കാരിക വളർച്ചയുടെ വിത്തും വളവുമാണ് നാടകമെന്നും, ഇത്തരം സംഭവങ്ങളുണ്ടാകുന്നത് ഖേദകരമാണെന്നും കവി കരിവെള്ളൂർ മുരളി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നാടകവണ്ടിക്ക് വൻതുക പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം ശക്തിയായി പ്രതിഷേധിച്ചു. നടപടി നിയമാനുസൃതമാണെങ്കിൽ തന്നെ വകുപ്പ് മേധാവികളും സർക്കാരും ഇടപെട്ട് ചുമത്തിയ പിഴ ഒഴിവാക്കാൻ തയ്യാറാവണമെന്ന് ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ആവശ്യപ്പെട്ടു. സാംസ്കാരിക കേരളത്തിന് നാണക്കേടുണ്ടാക്കി നാടക സംഘത്തിന് പിഴ ചുമത്തിയതിൽ പ്രതിഷേധിച്ച് എഐവൈഎഫ് ജില്ലാ കമ്മറ്റി നാളെ രാവിലെ 11 ന് തൃപ്രയാർ ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ പി സന്ദീപും സെക്രട്ടറി രാകേഷ് കണിയാംപറമ്പിലും അറിയിച്ചു.

Eng­lish Sum­ma­ry; motor vehi­cle inspec­tor fined huge mon­ey for dra­ma troupe vehicle

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.