മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി രക്ഷയില്ല, കുരുക്കുവീഴാൻ നിമിഷങ്ങൾ മാത്രം

Web Desk
Posted on December 02, 2019, 7:31 pm

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് നിരപരാധികളുടെ ജീവൻ അപഹരിക്കുന്ന നിരവധി സംഭവങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. എന്നാൽ ഇവയിൽ നിന്നെല്ലാം പ്രതികൾ രക്ഷപ്പെടുന്നതിനായി സ്ഥിരമായി പറയുന്ന കള്ളങ്ങളാണ് വാഹനമോടിച്ചത് സുഹൃത്താണ്. താൻ മദ്യപിച്ചിട്ടില്ല എന്നെല്ലാം. എന്നാൽ ഇനി മോട്ടോർ വാഹന വകുപ്പിന്റെ അടുത്ത് ഇത്തരം കള്ളങ്ങളൊന്നും വിലപോകില്ല.

കാരണം ഇനി പ്രതിയെ പിടികൂടിയ സ്ഥലവും മദ്യപിച്ച അളവും മദ്യപിച്ച ആളുടെ പടവുമുള്‍പ്പെടെ പ്രിന്റായി ഉദ്യോഗസ്ഥരുടെ കൈയിലെത്തും. ഇതിനായി 17 അത്യാധുനിക ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളാണ് മൂന്നാഴ്ചയ്ക്കിടെ ഇറങ്ങാനൊരുങ്ങുന്നത്. ആല്‍ക്കോമീറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. 25 ലക്ഷംരൂപയാണ് ഒരു ഇന്റര്‍സെപ്റ്ററിന് വില.

you may also like this video

അതി നൂതന ക്യാമറകളാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. വാഹനങ്ങളുടെ നമ്പർ ശേഖരിക്കുകയും ക്യാമറകൾ വഴി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിനാൽ എല്ലാ വാഹനങ്ങളും കൈകാണിച്ച് നിർത്തേണ്ട ആവശ്യം വരുന്നില്ല. ശക്തമായ റഡാർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള വാഹനങ്ങളുടെവരെ വേഗം അളക്കാം. സണ്‍ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍പ്പോലും അത് ഏതുതരത്തിലുള്ളതാണെന്ന് വാഹനത്തിലെ സംവിധാനം ഉടന്‍ കണ്ടെത്തും.

വാഹന്‍സാരഥി സോഫ്റ്റ്‌വേറുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. നിയമലംഘനം നടത്തിയ വാഹനങ്ങള്‍ക്ക് രാജ്യത്തൊരിടത്തും സേവനം കിട്ടില്ല. ‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായാണ് ഇന്റര്‍സെപ്റ്റര്‍ തയ്യാറാക്കുന്നത്. കൈകാണിച്ചിട്ട് നിര്‍ത്താതെപോകുന്ന വാഹനങ്ങളെ ഇന്റര്‍സെപ്റ്റര്‍ വാഹനംതന്നെ കരിമ്പട്ടികയില്‍പ്പെടുത്താനാണ് തീരുമാനം.