ജൂലൈ പത്തിന് മോട്ടോര്‍ വാഹന പണിമുടക്ക്

Web Desk

തിരുവനന്തപുരം

Posted on June 27, 2020, 10:49 pm

മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ജൂലൈ പത്തിന് രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ പണിമുടക്ക് നടത്തും. പെട്രോൾ, ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജിഎസ്‌ടിയുടെ പരിധിയില്‍ കൊണ്ടു വരിക, ഓട്ടോ- ടാക്സി നിരക്ക് കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും കൊറോണക്കാലത്ത് കേന്ദ്രസർക്കാർ എണ്ണക്കമ്പനികളുമായി ചേര്‍ന്ന് പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്നതിൽ പ്രതിഷേധിച്ച് രാജ്യത്ത് അതിശക്തമായ തൊഴിലാളി പ്രക്ഷോഭങ്ങള്‍ സംയുക്തമായി വളര്‍ന്ന് വരേണ്ടതുണ്ടെന്ന് സംയുക്ത സമര സമിതി യോഗം തീരുമാനിച്ചു.
ജൂലൈ ആറിന് സംസ്ഥാനത്ത് ഓട്ടോ-ടാക്സി സ്റ്റാന്റുകളില്‍ കരിദിനം ആചരിക്കാനും തീരുമാനമായി.

സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, സംയുക്ത സമരസമിതി സംസ്ഥാന കണ്‍വീനര്‍ കെ എസ് സുനില്‍കുമാര്‍, പട്ടം ശശിധരന്‍ (എഐടിയുസി), വി ആര്‍ പ്രതാപൻ, ആര്‍ എസ് വിമല്‍കുമാര്‍ (ഐഎന്‍ടിയുസി ), നാലാഞ്ചിറ ഹരി (സിഐടിയു), മാഹീന്‍ അബൂബക്കര്‍ (എസ്‌ടിയു), കവടിയാര്‍ ധര്‍മ്മന്‍ (കെടിയുസി), മലയിന്‍കീഴ് ചന്ദ്രന്‍ (എച്ച്എംഎസ്) എന്നിവർ യോഗത്തില്‍ പങ്കെടുത്തു. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പണിമുടക്ക് സമരം വിജയിപ്പിക്കണമെന്ന് സംയുക്ത സമരസമിതി നേതാക്കളായ ജെ ഉദയഭാനു (എഐടിയുസി), കെ എസ് സുനില്‍കുമാര്‍ (സിഐടിയു), പി ടി പോള്‍ (ഐഎന്‍ടിയുസി), മനയത്ത് ചന്ദ്രന്‍ (എച്ച്എംഎസ്), വി എ കെ തങ്ങള്‍ (എസ്‌ടിയു), സി ടി വിജയന്‍ (യുടിയുസി) എന്നിവര്‍ അഭ്യർത്ഥിച്ചു.

ENGLISH SUMMARY:Motor vehi­cle strike on July 10
You may also like this video