Web Desk

തിരുവനന്തപുരം:

March 02, 2021, 8:20 am

മോട്ടോർ വാഹന പണിമുടക്ക് ഇന്ന്

Janayugom Online

പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും സംയുക്തമായി ഇന്ന് വാഹനപണിമുടക്ക് നടത്തും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹനഉടമകളും പണിമുടക്കുന്നുണ്ട്.

ഇന്ധന വില ദിനംപ്രതി കുതിച്ചുയരാൻ ഇടയാക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ടാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്തുന്നത്. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങൾ, ചരക്കു കടത്തു വാഹനങ്ങൾ, സ്വകാര്യ ബസ്, കെഎസ്ആർടിസി ബസുകൾ തുടങ്ങിയവ നിരത്തിലിറങ്ങില്ല. പാൽ, പത്രം, ആംബുലൻസ്, പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ, വിവാഹം തുടങ്ങിയവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

2014 ൽ ഒന്നാം മോഡി സർക്കാർ അധികാരത്തിലേറുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 93 ഡോളർ ആയിരുന്നു. അന്ന് ഇന്ത്യയിൽ പെട്രോൾ വില ലിറ്ററിന് 75 രൂപയും ഡീസലിന് 57 രൂപയുമായിരുന്നു. ഇപ്പോൾ ക്രൂഡോയിൽ വില 56 ഡോളറിൽ താഴെയാണ്. എന്നാൽ പെട്രോൾ വില 94 രൂപയും ഡീസലിന് 89 രൂപയുമായി.

ENGLISH SUMMARY: motor vehi­cle strike on today

YOU MAY ALSO LIKE THIS VIDEO