Friday
06 Dec 2019

ജൂലൈ നാല് മുതല്‍ ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികളുടെ പണിമുടക്ക്

By: Web Desk | Friday 29 June 2018 10:02 PM IST


തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ജൂലൈ നാല് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. യാത്രാ നിരക്കുകള്‍ ശാസ്ത്രീയവും കാലോചിതവുമായി പുനര്‍നിര്‍ണ്ണയിക്കുക, ടാക്‌സി കാറുകളുടെ ടാക്‌സ് 15 വര്‍ഷത്തേക്ക് അഡ്വാന്‍സായി അടയ്ക്കണമെന്ന തീരുമാനം പിന്‍വലിക്കുക, വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ച ആര്‍ടിഒ ഫീസുകള്‍ ഒഴിവാക്കുക, ഓട്ടോറിക്ഷാ ഫെയര്‍ മീറ്ററുകള്‍ സീല്‍ ചെയ്യുന്നതില്‍ കാലതാമസം വന്നാല്‍ നല്‍കേണ്ട പിഴയായി 2000 രൂപ ഈടാക്കുന്ന നടപടി പിന്‍വലിക്കുക, ക്ഷേമനിധിയില്‍ മുഴുവന്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തുകയും അവകാശങ്ങളും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, യുടിയുസി, എച്ച്എംഎസ്, ടിയുസിഐ, ജെടിയു, കെടിയുസി, എസ്ടിയു തുടങ്ങിയ സംഘടനകളുടെ സംയുക്ത സമിതിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി, ടെംബോ, ട്രാവലറുകള്‍, ഗുഡ്‌സ് ഓട്ടോറിക്ഷ, ജീപ്പുകള്‍ തുടങ്ങിയ ചെറുകിട വാഹനങ്ങളെല്ലാം ജൂലൈ മൂന്നിന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമരസമിതി ചെയര്‍മാന്‍ അഡ്വ. ഇ നാരായണന്‍ (ഐഎന്‍ടിയുസി), കണ്‍വീനര്‍ കെ വി ഹരിദാസ് (സിഐടിയു), എഐടിയുസി നേതാവ് ഡി സജി, കെ എസ് സുനില്‍കുമാര്‍(സിഐടിയു), വി എ കെ തങ്ങള്‍ (എസ്ടിയു) തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.