സഭയുടെ വിവാദ വസ്തു കൈമാറ്റം; വൈദിക കൗണ്‍സില്‍ യോഗം മാറ്റി

Web Desk
Posted on January 04, 2018, 6:50 pm

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച വൈദിക സമിതിയോഗം ഉപേക്ഷിച്ചു . യോഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കത്തതിനെ തുടര്‍ന്നാണ് യോഗം ചേരാതിരുന്നത് എന്ന് സഭവക്താവ് അറിയിച്ചു. അതേ സമയം തനിക്ക് പങ്കെടുക്കാനാകില്ലെന്നും ഇന്നത്തെ യോഗം ഉപേക്ഷിക്കണമെന്നും കര്‍ദിനാള്‍ തന്നെ വൈദിക പ്രതിനിധികളോട് ആവശ്യപ്പെട്ട് കുറിപ്പ് നല്‍കിയിരുന്നു. ഒരു വിഭാഗം അല്‍മായര്‍ കര്‍ദ്ദിനാലിനെ തടഞ്ഞുവെച്ചതിനെ തുടര്‍ന്നാണ് യോഗത്തില്‍ എത്താന്‍ കഴിയാത്തതെന്ന് വൈദിക സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

റിപ്പോര്‍ട്ട് ഔദ്യോഗിക സമിതി ചര്‍ച്ചചെയ്യുന്നത് പാസ്റ്ററല്‍ കമ്മിറ്റി യോഗത്തിന് ശേഷം മതിയെന്ന് നേരത്തെ അല്‍മായ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ച് വൈദിക യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് കര്‍ദിനാളും സഹായ മെത്രാന്‍ മാരും തീരുമാനിച്ചു. ഇതേ തുടര്‍ന്നാണ് വൈദിക സമിതി യോഗം വേണ്ടെന്ന് വച്ചത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചാനലുകളിലൂടെ ചോര്‍ന്നെന്നും അല്‍മായ പ്രതിനിധികള്‍ കര്‍ദിനാളിനെ അറിയിച്ചു

നേരത്തെ സീറോ മലബാര്‍ സഭ വിവാദ ഭൂമി ഇടപാടില്‍ സഭാസമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെയും പരാമര്‍ശമുണ്ടായിരുന്നു. കര്‍ദ്ദിനാള്‍ അറിഞ്ഞു തന്നെയാണ് വിവാദ ഭൂമി ഇടപാടുകള്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പല ഇടപാടുകളും സഭസമിതി അറിയാതെ ദുരൂഹമായാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമി ഇടപാടില്‍ അതിരൂപതയ്ക്ക് 34 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ട വൈദികര്‍ക്ക് ഭൂമി ഇടപാടില്‍ പിഴവ് പറ്റിയെന്നും റിപ്പോര്‍ട്ട് പറയുന്നു.ഈ റിപ്പോര്‍ട്ട് ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്കിയെന്നു ആരോപണം ഉയര്‍ന്നിരുന്നു .എന്നാല്‍ ഇടപാട് നടത്തിയ ആളെ വൈദീകര്‍ക്ക് പരിചയപ്പെടുത്തിയത് കര്‍ദിനാളാണെന്നു ഒരു വിഭാഗം പറയുന്നു .അന്വേഷണ റിപ്പോര്‍ട്ടിലും ഇത് ശരിവെയ്ക്കുന്നുണ്ട് .
എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ടാണ് തര്‍ക്കംഉയര്‍ന്നത് . അതിരൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയുടെ വികസനത്തിനായി പണം കണ്ടെത്താന്‍ തൃക്കാക്കരയിലെ സഭയുടെ സ്ഥലങ്ങള്‍ വില്‍ക്കാന്‍ അതിരൂപത സമിതികളില്‍ ആലോചനകള്‍ നടന്നിരുന്നു. 100 കോടി രൂപയുടെ വില്‍പന കരാറിന് സമിതികള്‍ അംഗീകാരം നല്‍കി. എന്നാല്‍ അതിരൂപതയുടെ ധനകാര്യസമിതിയുടെ മാത്രം അറിവോടെ 27 കോടി രൂപ വിലകാണിച്ച് സ്ഥലം സ്വകാര്യവ്യക്തിക്ക് കര്‍ദിനാള്‍ എഴുതി നല്‍കുകയായിരുന്നു എന്ന് അതിരൂപതയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഒന്‍പത് കോടി രൂപ മാത്രമാണ് വസ്തുകച്ചവടത്തില്‍ രൂപതയ്ക്ക് ലഭിച്ചത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ ബാക്കി തുക നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് വാങ്ങിയ ആള്‍ ആവശ്യപ്പെട്ടു. ശേഷിച്ച തുകയുടെ ഉറപ്പിനായി വാങ്ങിയ ആളുടെ മൂന്ന് സ്ഥലങ്ങള്‍ അതിരൂപതയ്ക്കായി കര്‍ദിനാളിന്റെ പേരില്‍ ഈട് നല്‍കുകയും ചെയ്തു. ഈ സ്ഥലങ്ങളില്‍ ചിലത് പരിസ്ഥിതി ദുര്‍ബല മേഖലയില്‍പെട്ടതാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഇതോടെയാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ ഉന്നയിച്ച് അതിരൂപതയിലെ ഒരു വിഭാഗവും ചില മെത്രാന്മാരും രംഗത്തെത്തിയത്.

കൊച്ചി തൃക്കാക്കര നൈപുണ്യ സ്‌കൂളിന് എതിര്‍വശമുള്ള 70.15 സെന്റ്, തൃക്കാക്കര ഭാരതമാത കോളെജിന്റെ എതിര്‍വശമുള്ള 62.33 സെന്റ്, തൃക്കാക്കര കരുണാലയത്തിന്റെ സമീപമുള്ള 99.44 സെന്റ്, കാക്കനാട് നിലംപതിഞ്ഞിമുകളിലുള്ള 20.35 സെന്റ്, മരടിലുള്ള 54.71 സെന്റ് എന്നീ സ്ഥലങ്ങളിലുള്ള ഭൂമിയാണ് (മൊത്തം 306.98 സെന്റ്) വില്‍പ്പന നടത്തിയിരിക്കുന്നത്. 27.30 കോടി രൂപയ്ക്കാണ് വില്‍പ്പന ഉറപ്പിച്ചത്. അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമത് ഒരുകക്ഷിക്കോ കക്ഷികള്‍ക്കോ സ്ഥലങ്ങള്‍ മുറിച്ചു നല്‍കാന്‍ പാടില്ലെന്ന കരാര്‍ ലംഘിച്ച് 36 പേര്‍ക്കായാണ് സ്ഥലങ്ങള്‍ വിറ്റത്. 2016 മെയ് 21 നാണ് വില്‍പ്പന നടന്നത്. ഒരു മാസത്തിനകം തുക നല്‍കണമെന്നായിരുന്നു കരാറെങ്കിലും ഒന്നര വര്‍ഷത്തിനകം സഭയ്ക്ക് ലഭിച്ചത് 9.13 കോടി രൂപമാത്രമാണ്.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിനഡിന്റെ അടിയന്തരയോഗം ചേര്‍ന്നിരുന്നു. വിവാദങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായമെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ജോസ് പുത്തന്‍വീട്ടിലും മുന്‍കൈ എടുക്കണമെന്നും സിനഡ് നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, ഭൂമി വില്‍പനയില്‍ തനിക്ക് സാങ്കേതികപ്പിഴവ് മാത്രമാണ് ഉണ്ടായതെന്ന് കര്‍ദിനാള്‍ ആലഞ്ചേരി സിനഡില്‍ വ്യക്തമാക്കിയിരുന്നു .