വീണ്ടും ബാങ്ക് ലയനത്തിന് കരുനീക്കം

Web Desk
Posted on March 07, 2018, 10:17 pm
  • അനുഭവത്തില്‍ നിന്നു പഠിക്കാതെ കോര്‍പ്പറേറ്റുകള്‍ക്കായി പിന്നെയും അവസരമൊരുക്കുന്നു

ബേബി ആലുവ

കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ എണ്ണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം വീണ്ടും ബാങ്ക് ലയനത്തിനു കരുനീക്കം തുടങ്ങി. വായ്പയെടുത്ത കോടികളുമായി വമ്പന്‍ കോര്‍പ്പറേറ്റുകള്‍ മുങ്ങുന്നത് പതിവായിട്ടും അവര്‍ക്കു വേണ്ടി പിന്നെയും നിലമൊരുക്കാനുള്ള തത്രപ്പാടിലാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍.

കോര്‍പ്പറേറ്റ് പ്രീണനം വഴി അടുത്ത നാളില്‍ കുപ്രസിദ്ധിയിലേക്കുയര്‍ന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കം പൊതുമേഖലയിലെ 21 ബാങ്കുകളെ സംയോജിപ്പിച്ച് അഞ്ചോ ആറോ ആക്കി എണ്ണം ചുരുക്കാനാണ് ഉദ്ദേശ്യം. അങ്ങനെ വരുമ്പോള്‍ അവയുടെ ആസ്തി ഇന്നള്ളതിന്റെ പതിന്മടങ്ങായി കുതിച്ചു കയറും. കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് ഇഷ്ടാനുസരണം തട്ടിയെടുത്ത് രാജ്യം വിടുകയുമാകാം.

എസ് ബി ടി അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും എസ് ബി ഐയില്‍ ലയിപ്പിച്ച നടപടിയില്‍ നിന്നു ലഭിച്ച പ്രചോദനം ഉള്‍ക്കൊണ്ടാണ് കൂടുതല്‍ പൊതുമേഖലാ ബാങ്കുകളെ ഇല്ലാതാക്കാന്‍ മോഡി സര്‍ക്കാര്‍ കച്ചമുറുക്കുന്നത്.
ബാങ്കിങ് മേഖലയിലെ തൊഴില്‍ രംഗത്ത് വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് കേന്ദ്ര നീക്കം ഇടയാക്കും. ഇതു സംബന്ധിച്ച ആശങ്ക ഇപ്പോര്‍ത്തന്നെ ജീവനക്കാര്‍ക്കിടയില്‍ വ്യാപകമാണ്. ഡിജിറ്റലൈസേഷനും യന്ത്രവത്കരണവും മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുന്ന സ്ഥിതി നിലവില്‍ത്തന്നെയുണ്ട്.സംയോജനത്തിന്റെ ഫലമായി ചില ബാങ്കകള്‍ ഇല്ലാതാവുകയും ചിലത് ഭീമാകാരം പ്രാപിക്കുകയും ചെയ്യുമ്പോള്‍, അങ്ങനെ വലുതാകുന്ന ബാങ്കുകളില്‍ കുറെ വര്‍ഷത്തേക്കെങ്കിലും പുതിയ നിയമനങ്ങള്‍ ഉണ്ടാവുകയില്ല. ഇത് ആശങ്കയുടെ ആക്കം കൂട്ടുന്നു.എസ് ബി ടിയില്‍ നിന്നും അനുബന്ധ ബാങ്കുകളില്‍ നിന്നും എസ് ബി ഐ യിലെത്തിയ ജീവനക്കാര്‍ക്ക് തൊഴില്‍ രംഗത്ത് വലിയ വെല്ലുവിളി നേരിടേണ്ടി വരുന്നുമുണ്ട്.
പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് എണ്ണം അഞ്ചോ ആറോ ആക്കി ചുരുക്കണമെന്ന്, ബാങ്കിങ് രംഗത്തെ പരിഷ്‌കാരങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിച്ച പി ജെ നായിക് കമ്മിറ്റി നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുള്ള തങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് റിപ്പോര്‍ട്ടുകളും ശുപാര്‍ശകളും തയ്യാറാക്കാന്‍ പറ്റുന്നവരെയാണ് ഇത്തരം കമ്മിറ്റികളിലേക്കും കമ്മീഷനുകളിലേക്കും നിയോഗിക്കുന്നത് എന്നത് പരസ്യമായ കാര്യം.

മന്‍മോഹന്‍ സിംഗിന്റെ രണ്ടാം യു പി എ സര്‍ക്കാരാണ്, ദുര്‍ബല ബാങ്കുകളെ ലയിപ്പിച്ച് വലുതാക്കുക എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്.ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇതിനെതിരെ ശക്തമായി രംഗത്തുവന്നതോടെ യു പി എ സര്‍ക്കാര്‍ ആലോചനകളില്‍ നിന്നു പിന്മാറി.നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതോടെ പഴയ ആശയം പൊടി തട്ടിയെടുക്കുകയും നീക്കം ത്വരിതഗതിയിലാക്കുകയുമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്കിനെയും ബാങ്ക് ഓഫ് ഇന്ത്യയെയും ലയനത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ പരസ്പരം ലയിപ്പിക്കുകയായിരുന്നു ലക്ഷ്യം. ആലോചനകള്‍ മുറുകി വരുന്നതിനിടയിലാണ് പിഎന്‍ബി യെ കുപ്രസിദ്ധിയിലേക്കുയര്‍ത്തിയ വായ്പാ തട്ടിപ്പ്. അതിലൊന്നും പക്ഷേ, നാണക്കേടില്ലാത്ത മോഡി സര്‍ക്കാര്‍ അണിയറയില്‍ ലയനനീക്കം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഇതിനിടെ, നിലവില്‍ ജീവനക്കാര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന വേതനം ഒഴികെയുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 16 പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രം കത്തും നല്‍കിയിരുന്നു. ബാങ്കുകളുടെ നഷ്ടം നികത്താന്‍ ലക്ഷ്യമിട്ടുള്ള ഈ പരിഷ്‌കരണത്തോടു സഹകരിച്ചില്ലെങ്കില്‍ മേലില്‍ സര്‍ക്കാരില്‍ നിന്ന് ധനസഹായം പ്രതീക്ഷിക്കേണ്ടതില്ല എന്ന ഭീഷണിയുമുണ്ടായിരുന്നു ഒപ്പം.എന്നാല്‍, കോര്‍പ്പറേറ്റുകളില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് കിട്ടാനുള്ള കോടികള്‍ തിരിച്ചുപിടിക്കാന്‍ ഫലപ്രദമായ നടപടികളുമില്ല.