പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉടൻ. പഴുതുകൾ പൂർണമായും അടച്ച ശേഷം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണ് വിജിലൻസിന്റെ തീരുമാനം. പാലാരിവട്ടം മേൽപ്പാല നിർമാണത്തിൽ ഇബ്രാഹിംകുഞ്ഞ് അഴിമതി നടത്തിയെന്ന് തെളിയിക്കാൻ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസിന് തുണയാകും. മേൽപ്പാലം കരാർ നൽകിയതിന്റെ പേരിൽ ലഭിച്ച അഴിമതിപ്പണം ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിൽ നിക്ഷേപിച്ചെന്നായിരുന്നു പരാതി.
നോട്ട് നിരോധനത്തിന്റെ സമയത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 10 കോടി രൂപ ഇബ്രാഹിംകുഞ്ഞിന്റെ അക്കൗണ്ടിലെത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. അഴിമതിപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റും അന്വേഷണം നടത്തുന്നുണ്ട്. മേൽപ്പാലം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞ് അഞ്ചാംപ്രതിയാണ്. നിർമാണക്കമ്പനിയായ ആർഡിഎസിന് ചട്ടം ലംഘിച്ച് 8.5 കോടി രൂപ മുൻകൂർ നൽകിയത് ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണെന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി. ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേർത്തത്.
ഇബ്രാഹിംകുഞ്ഞിനെതിരെ നിരവധി തെളിവുകളും ക്രമക്കേടുകൾ നടത്തിയതിന്റെ രേഖകളും വിജിലൻസ് കണ്ടെടുത്തിരുന്നു. ബാങ്ക് അക്കൗണ്ടുകൾ, പ്രമാണങ്ങൾ, പണമിടപാട് ബുക്കുകൾ എന്നിവയുൾപ്പെടെയുള്ള രേഖകളുടെ ശേഖരമാണ് കണ്ടെടുത്തത്. ഇവയുടെ പരിശോധന തുടങ്ങി. ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയിരുന്നു. തുടർന്ന് വിജിലൻസ് മൂന്ന് വട്ടം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തു. പാലം നിർമാണ ക്രമക്കേടിൽ മന്ത്രിയെന്ന നിലയിൽ തനിക്ക് ഉത്തരവാദിത്വം ഇല്ലെന്നും എല്ലാം ഉദ്യോഗസ്ഥരാണ് ചെയ്തതെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ മൊഴി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.