June 3, 2023 Saturday

Related news

May 28, 2023
May 14, 2023
May 12, 2023
May 11, 2023
May 10, 2023
May 10, 2023
May 9, 2023
May 9, 2023
May 9, 2023
May 7, 2023

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; പ്രതിഷേധവുമായി അനുയായികള്‍

Janayugom Webdesk
ഇസ്ലാമാബാദ്
March 14, 2023 10:33 pm

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. തോഷഖാന കേസിലും വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിലും ഇമ്രാന്‍ ഖാനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയതോടെ നാടകീയ രംഗങ്ങള്‍ക്കാണ് പാകിസ്ഥാന്‍ സാക്ഷിയായത്. ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക ഹെലികോപ്റ്ററിലാണ് ഇസ്ലാമാബാദ് പൊലീസ് സംഘം ലാഹോറിലെത്തിയത്. പൊലീസ് എത്തിയതിനു പിന്നാലെ സമാന്‍ പാര്‍ക്കിലെ വസതിയില്‍ നിന്ന് വന്‍ ജനസഞ്ചയത്തിന്റെ അകമ്പടിയോടെ ഇമ്രാന്‍ റാലി ആരംഭിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പേരാണ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇമ്രാന്റെ വസതിയിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് കണ്ടെയ്നറുകള്‍ സ്ഥാപിച്ച് തടഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കല്ലേറില്‍ ഇസ്ലാമാബാദ് ഡിഐജിക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കള്ളക്കേസുകളില്‍ ഇമ്രാന്‍ പൊലീസിനു കീഴടങ്ങില്ലെന്ന് തെഹരീക് ഇ ഇന്‍സാഫിന്റെ മുതിര്‍ന്ന നേതാവ് ഫാറൂഖ് ഹബീബ് മാധ്യമങ്ങളോടു പറഞ്ഞു. വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിലെ അറസ്റ്റ് വാറകൾ ഇസ്ലാമാബാദ് ഹൈക്കോടതി സസ്‌പെൻഡ് ചെയ്തിരുന്നതായും ഹബീബ് പറഞ്ഞു. തോഷഖാന കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാണു എത്തിയിട്ടുള്ളതെന്ന് ഇസ്ലാമാബാദ് പൊലീസ് ഹബീബിന് മറുപടി നര്‍കി.

അതിനിടെ, പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഇമ്രാന്‍ വീഡിയോ സന്ദേശം പുറത്തിറക്കി. ജയിലിൽ കിടന്നാലും കൊല്ലപ്പെട്ടാലും അവകാശങ്ങൾക്കായി പോരാടണമെന്ന് ഇമ്രാന്‍ അനുയായികളോട് ആഹ്വാനം ചെയ്തു. ഇമ്രാന്റെ മാർച്ചിനെ സംബന്ധിച്ച് ലാഹോർ ജില്ലാ ഭരണകൂടത്തിന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ജുഡീഷ്യറി, ഭരണഘടനാസ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഒരു പാർട്ടി നേതാവ് പോലും മോശം അഭിപ്രായം പറയരുതെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്കിയിരുന്നു.

ഓ​ഗസ്റ്റ് 20ന് നടന്ന റാലിക്കിടെ ജുഡീഷ്യൽ മജിസ്ട്രേറ്റ് സേബാ ചൗധരിയെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ആദ്യം ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിൽ വിചാരണയ്ക്കായി ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹം തയ്യാറായില്ല. നിരവധി തവണ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാമെന്നുമുള്ള ഇമ്രാൻ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
തോഷാഖാന കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം ലാഹോറിലെ വസതിക്കു സമീപം എത്തിയിരുന്നെങ്കിലും പാര്‍ട്ടി അനുയായികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിപ്പോകേണ്ടിവന്നു. ഇമ്രാൻ ഖാൻ വസതിയിലില്ലെന്ന് അറിയിച്ചതിനെത്തുടർന്നായിരുന്നു പ്രതിഷേധങ്ങൾക്കിടെ പൊലീസ് മടങ്ങിയത്. പിന്നാലെ വീടിനു മുന്നില്‍ വച്ചുതന്നെ പാർട്ടി പ്രവർത്തകരെ അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു.

Eng­lish Summary;Move to arrest Imran Khan; Fol­low­ers protest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.