കേരളത്തില്‍ കേന്ദ്ര സേനാ വിന്യാസത്തിനു നീക്കം. സംസ്ഥാനത്തെ അണക്കെട്ടുകള്‍ക്കും പാലങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും കനത്ത സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ മറവിലാണ് കേന്ദ്രസേനകളെ സംസ്ഥാനത്തേക്ക് അയയ്ക്കാനുള്ള പദ്ധതി. ഇസ്‌ലാമിക തീവ്രവാദികളുമായി കെെകോര്‍ത്ത് ഇന്ത്യയില്‍ സായുധവിപ്ലവം ശക്തിപ്പെടുത്തുമെന്ന് മാവോയിസ്റ്റ് സെെന്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ മുപ്പാലലക്ഷ്മണ്‍ റാവു എന്ന ഗണപതിയുടെ പ്രഖ്യാപനവും ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലുണ്ട്.
മാവോയിസ്റ്റുപ്രസ്ഥാനം തുടങ്ങിയശേഷം ഇതുവരെ പിടികൊടുക്കാത്ത ഗണപതി ഒഡിഷ‑ഛത്തീസ്ഗഡ് അതിര്‍ത്തിയിലുള്ള ഒളിത്താവളത്തില്‍ നിന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ മാവോയിസ്റ്റ്-ഇസ്‌ലാമിസ്റ്റ് സഖ്യപ്രഖ്യാപനവും ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന വെളിപ്പെടുത്തലും. മാവോയിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ വിഭാഗം ജനറല്‍ സെക്രട്ടറിയായ നംബാല കേശവറാവു എന്ന ബസവരാജ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും മാവോയിസ്റ്റു വേട്ട ശക്തിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് മാവോയിസ്റ്റ് ആയുധധാരികള്‍ കേരളത്തിലേക്കു കേന്ദ്രീകരിച്ചതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
മാവോയിസ്റ്റുകളുടെ ആയിരത്തിലേറെ സായുധപടയാളികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കപ്പെട്ടു കഴിഞ്ഞുവെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പറയുന്നു. മാവോയിസ്റ്റുകളെ നേരിടാന്‍ സംസ്ഥാനത്ത് പരിശീലനം സിദ്ധിച്ച തണ്ടര്‍ബോള്‍ട്ട് എന്ന പ്രത്യേകസേനാ വിഭാഗം തന്നെയുണ്ട്. ഇവര്‍ ഇതിനകം നടത്തിയ വ്യാജ ഏറ്റുമുട്ടലുകളും എട്ടോളം മാവോയിസ്റ്റുകളെ കൊന്നതും വന്‍ വിവാദമായിരുന്നു. ഈ വ്യാജ ഏറ്റുമുട്ടലുകള്‍ക്കും കൊലനാടകങ്ങള്‍ക്കുമെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ പലരും മരണസമയത്തു നിരായുധരായിരുന്നുവെന്നും കെെവശം ആയുധങ്ങളുണ്ടായിരുന്നവരുടെ തോക്കുകളില്‍ നിന്നും ഒരു വെടിപോലും പൊട്ടിയിരുന്നില്ലെന്നും വിവിധ കമ്മിഷനുകള്‍ കണ്ടെത്തിയിരുന്നു. മാവോയിസ്റ്റ് കൊലകളെക്കുറിച്ചുള്ള മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടുകളാകട്ടെ ഇതുവരെ വെളിച്ചം കാണിച്ചിട്ടുമില്ല. എഴുപതുകളിലെ തലശേരി, പുല്ലള്ളി തുടങ്ങിയ പ്രദേശങ്ങളിലെ നക്സലെെറ്റ് ആക്രമണങ്ങള്‍ക്കുശേഷം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ മാവോയിസ്റ്റുകള്‍ ഒരാളെപ്പോലും ആക്രമിക്കുകയോ കൊല്ലുകയോ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ പുതിയ മാവോയിസ്റ്റു പേടി കേന്ദ്ര സേനാ വിന്യാസ നീക്കവും പുതിയൊരു അജണ്ടയുടെ ഭാഗമാണെന്ന വിലയിരുത്തലുമുണ്ട്. കേന്ദ്രസേനയെ സംസ്ഥാനത്തേക്കു കൊണ്ടുവരാന്‍ പാകത്തിലാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയടുത്ത് ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷങ്ങളില്‍ ഏതാനും പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് സംസ്ഥാന ബിജെപി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇതിനെ പ്രത്യക്ഷമായി അനുകൂലിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ പൊതുവേ ശാന്തമാകുന്നതിനിടെ കേന്ദ്രസേനയെ ഇറക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാനനിലയും നിര്‍ണായക കേന്ദ്രങ്ങളുടെ സുരക്ഷിതത്വവും ഭീഷണിയിലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള കേന്ദ്ര തന്ത്രമാണെന്ന് പൊതുവേ അഭിപ്രായമുണ്ട്. കേന്ദ്രസേനകളെ തെരഞ്ഞെടുപ്പുകാലത്തെ ക്രമസമാധാനപാലനത്തിനു നിയോഗിക്കുക മാത്രമാണ് കീഴ്‌വഴക്കം. അതല്ലെങ്കില്‍ കടുത്ത വര്‍ഗീയ ലഹളകള്‍ അടിച്ചമര്‍ത്താനും കേന്ദ്രസേനകളെ അയയ്ക്കാറുണ്ട്. എന്നാല്‍ മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഒരിക്കല്‍ നിയോഗിച്ച കേന്ദ്രസേനാ വിഭാഗങ്ങളെ പിന്നീട് പിന്‍വലിക്കാറില്ലെന്നാണ് ചരിത്രം. സംസ്ഥാനം അരക്ഷിതമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള രാഷ്ട്രീയ അജണ്ടയും കേന്ദ്ര സേനാ വിന്യാസത്തിനു പിന്നിലുണ്ടെന്നും വ്യക്തം.
English summary;Move to bring the Central Army to Kerala
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.