ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റയിൽവേയിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനം വെട്ടികുറയ്ക്കാനുള്ള നടപടികളുമായി മോഡി സർക്കാർ. ആദ്യഘട്ടത്തിൽ പത്ത് ശതമാനവും തുടർന്ന് 30 ശതമാനം ജീവനക്കാരേയും ഒഴിവാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആദ്യഘട്ടത്തിൽ ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി സ്വീകരിക്കാം. ഇതിലൂടെ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കും. ക്രമേണ പുതിയ നിയമന നടപടികൾ ഒഴിവാക്കുന്ന സമീപനമായിരിക്കും സർക്കാർ സ്വീകരിക്കുന്നത്.
ഇതുകൂടാതെ നിലവിൽ റയിൽവേയിൽ പ്രവർത്തിക്കുന്ന എട്ട് ഉപവകുപ്പുകളെ രണ്ടായി ചുരുക്കും. ഇതിലൂടെ ജീവനക്കാരെ വൻതോതിൽ ഒഴിവാക്കാൻ കഴിയും. തൊഴിലാളി യൂണിയനുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇത് കൂടാതെ യൂണിയൻ നേതാക്കൾക്ക് നൽകിയിരുന്ന പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കും. റയിൽവേയും രണ്ട് സുപ്രധാന വിഭാഗങ്ങളായ മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളെ സംയോജിപ്പാക്കാനുള്ള നീക്കങ്ങളും തുടരുന്നുണ്ട്. ട്രാഫിക്, പേഴ്സണൽ, അക്കൗണ്ട്സ് എന്നീ സർവീസുകളെ ഏകോപിപ്പിക്കും. നിലവിൽ എട്ട് വിഭാഗങ്ങളാണ് റെയിൽവേയിൽ പ്രവർത്തിക്കുന്നത്. ട്രാഫിക്, എൻജിനിയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, അക്കൗണ്ട്സ്, പേഴ്സണൽ, സിഗ്നൽ, സ്റ്റോഴ്സ് എന്നിവയാണ് നിലവിലുള്ള എട്ട് വിഭാഗങ്ങൾ.
നിലവിൽ വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളായി പ്രവർത്തിക്കുന്ന 50,000 ജീവനക്കാരാണുള്ളത്. ഇവരിൽ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നില്ലെന്നാണ് വിലയിരുത്തൽ. അടുത്ത രണ്ട് വർഷത്തിനിടെ 4,000 ഡീസൽ ലോക്കോ എൻജിനുകൾ ഒഴിവാക്കി ഇലക്ട്രിക് എൻജിനുകൾ ഉൾപ്പെടുത്തും. യാത്രാ, ചരക്ക് ട്രെയിനുകളുടെ വേഗത വർധിപ്പിക്കും. ഇപ്പോൾ യാത്രാ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററും ചരക്ക് തീവണ്ടിയുടെ പരമാവധി വേഗത 25 കിലോമീറ്ററുമാണ്. ഇത് വർധിപ്പിക്കാനുള്ള നടപടികളാണ് തുടരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.