രാജ്യത്തെ കറൻസി നോട്ടുകളിൽ ഗാന്ധിയെ ഒഴിവാക്കണമെന്ന സംഘ്പരിവാർ അജണ്ട നടപ്പാക്കാനൊരുങ്ങി മോഡി സർക്കാർ. മോഡി അധികാരത്തിലെത്തിയ 2014 മുതൽ ഗാന്ധിജിയുടെ ചിത്രം ഔദ്യോഗികരേഖകളിൽ നിന്ന് ഒഴിവാക്കാൻ ശ്രമം തുടങ്ങിയിരുന്നു. 2017ൽ ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ വാർഷിക കലണ്ടറിൽനിന്നും ഡയറിയിൽനിന്നും ചർക്ക നൂല്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രം മാറ്റി പകരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം തിരുകിക്കയറ്റിയാണ് പരീക്ഷണം തുടങ്ങിയത്. ഇപ്പോൾ കറൻസിയിൽ നിന്നും ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്.
കറൻസിയിൽ ഗാന്ധി ചിത്രത്തിന് പുറമേ രവീന്ദ്രനാഥ് ടാഗോർ, മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം എന്നിവരെ ഉൾപ്പെടുത്താൻ ശുപാർശ നല്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആർബിഐക്കും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആന്റ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യയും ഗാന്ധി, ടാഗോർ, കലാം വാട്ടർമാർക്കുകളുടെ രണ്ട് വ്യത്യസ്ത സാമ്പിൾ സെറ്റുകൾ വിദഗ്ധ പരിശോധനയ്ക്കായി ഡൽഹി ഐഐടിയിലെ എമറിറ്റസ് പ്രൊഫസർ ദിലീപ് ടി ഷഹാനിക്ക് അയച്ചെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുക്കുന്ന സാമ്പിൾ സർക്കാരിന്റെ അന്തിമ പരിഗണനയ്ക്ക് നൽകുമെന്നും തുടർന്ന് അന്തിമ തീരുമാനം എടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2021 ലാണ് മൈസൂർ ആസ്ഥാനമായുള്ള ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡിനും ഹൊഷംഗബാദിലെ എസ്‍പിഎംസിഐഎല്ലിന്റെ സെക്യൂരിറ്റി പേപ്പർ മില്ലിനും വാട്ടർമാർക്ക് സാമ്പിളുകളുടെ സ്വന്തം സെറ്റ് രൂപകല്പന ചെയ്യാൻ ആർബിഐ നിർദേശം നൽകിയത്. സാമ്പിളുകളുടെ സൂക്ഷ്മമായ വശങ്ങളെക്കുറിച്ച് ഇലക്ട്രോമാഗ്നറ്റിക് ഇൻസ്ട്രുമെന്റേഷനിൽ പ്രാവീണ്യം നേടിയിട്ടുള്ള പ്രൊഫസർ ഷഹാനി ഉദ്യോഗസ്ഥരുമായി നിരവധി തവണ ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ മോഡി സർക്കാർ പത്മശ്രീ നൽകി ആദരിച്ചയാളാണ് ഷഹാനി.
ദേശീയ ഗാനത്തിന്റെ രചയിതാവായ ടാഗോറും ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും മിസൈൽ മാൻ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനുമായ അബ്ദുൾ കലാമും ഗാന്ധിക്കൊപ്പം രാജ്യത്തിന്റെ നോട്ടുകളിൽ ഇടം നേടുമെന്നത് യാദൃച്ഛികമല്ല. കലാമിനെ രാഷ്ട്രപതിയാക്കി തങ്ങളുടെ ഹിന്ദുത്വത്തെ വെള്ളപൂശാൻ ശ്രമിച്ച സംഘ്പരിവാർ തന്ത്രമാണ് പുതിയ നീക്കവും. പിന്നാലെ ഹിന്ദുത്വ നേതാക്കളുടെ ചിത്രം കറൻസിയിലുൾപ്പെടെ ചേർക്കുക എന്നതിന്റെ മുന്നൊരുക്കമാണിത്. ഇന്ത്യൻ കറൻസിയിൽ നിന്നു ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്ന് 2017 ൽ ആവശ്യപ്പെട്ടത് ഹരിയാനയിലെ ബിജെപി മന്ത്രി അനിൽ വിജ് ആയിരുന്നു.
അബ്ദുൾ കലാമിനെ ഗാന്ധിജിക്കും മുകളിൽ പ്രതിഷ്ഠിച്ചുകൊണ്ട് ഒരു അട്ടിമറിക്ക് 2015 ൽ തന്നെ ഹിന്ദുത്വക്കാർ രംഗത്തു വന്നിരുന്നു. ഇന്ത്യൻ കറൻസികളിൽ ഗാന്ധിജിയുടെ ചിത്രത്തിന് പകരം അബ്ദുൾ കലാമിന്റെ ചിത്രം ചേർക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ബ്ലോഗിൽ 12 കാരണങ്ങൾ അന്ന് നിരത്തിയിരുന്നു. ‘ഗാന്ധിജിയെ അനുകൂലിക്കുന്നവരുടെ അത്രതന്നെ വെറുക്കുന്നവരുമുണ്ട്. എന്നാൽ കലാമിനെ ആരുംതന്നെ വെറുക്കുന്നില്ല. ഗാന്ധിജിയെന്ന ഭൂതകാലവും കലാമെന്നത് ഒട്ടേറെപ്പേരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന വർത്തമാനവുമാണ്. ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദിയായിരുന്നു ഗാന്ധിജി, എന്നാൽ ഇന്ത്യയെ ശക്തമായ രാഷ്ട്രമാക്കാനാണ് കലാം ശ്രമിച്ചത്. രാഷ്ട്രപിതാവാണെന്നാണ് പേരെങ്കിലും സ്വന്തം മക്കളുടെപോലും നല്ല പിതാവായിരുന്നില്ല ഗാന്ധിജി.
എന്നാൽ കലാം കുഞ്ഞുങ്ങൾക്കും യുവാക്കൾക്കും സ്നേഹവും പ്രചോദനവും നൽകി-ഇതൊക്കെയായിരുന്നു ബ്ലോഗിലെ അന്നത്തെ വാദങ്ങൾ. ഇപ്പോള്‍ കലാമിനെയും ടാഗോറിനെയും കറന്‍സിയില്‍ ചേര്‍ക്കാന്‍ ശുപാര്‍ശ ചെയ്യുന്നവരുടെ ലക്ഷ്യം ഈ പ്രയോഗങ്ങളിലുണ്ട്. യുഎസ് ഡോളറിന്റെ വ്യത്യസ്ത മൂല്യങ്ങളിലുള്ള നോട്ടുകളിൽ ജോർജ് വാഷിങ്ടൺ, ബെഞ്ചമിൻ ഫ്രാങ്ക്ളിൻ, തോമസ് ജെഫേഴ്‍സൺ, ആൻഡ്രൂ ജാക്സൺ, അലക്സാണ്ടർ ഹാമിൽട്ടന്‍ തുടങ്ങിയവരുടെയും എബ്രഹാം ലിങ്കൺ ഉൾപ്പെടെ 19-ാം നൂറ്റാണ്ടിലെ ഏതാനും പ്രസിഡന്റുമാരുടെയും ഛായാചിത്രങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ കറന്‍സിയില്‍ 1969 മുതല്‍ ഗാന്ധിജിയുണ്ട്.
English summary;Move to remove Gandhiji’s image from currency
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.