വിമാനത്താവളങ്ങള്‍ അഡാനി ഗ്രൂപ്പിന് നല്‍കാനുള്ള നടപടി ചെറുക്കും: കാനം

Web Desk
Posted on February 27, 2019, 10:37 pm

പട്ടാമ്പി: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ അഡാനി ഗ്രൂപ്പിന് നല്‍കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കേരള സംരക്ഷണ യാത്രയുടെ ഭാഗമായി തൃത്താല കൂറ്റനാട്ട് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലം സ്വകാര്യ കുത്തകകള്‍ക്ക് ലാഭം കൊയ്യുന്നതിന് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ആവില്ലെന്നും കാനം പറഞ്ഞു.

നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഇത്തരം നിലപാടിനെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭൂരിപക്ഷ വര്‍ഗീയത മുതലെടുക്കാനും ഹിന്ദുവോട്ടുകള്‍ വശത്താക്കാനും ബിജെപിക്കൊപ്പം കോണ്‍ഗ്രസും മത്സരിക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ലെന്നും ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാ വെല്ലുവിളികളും നേരിട്ട് വരുന്ന തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി പി കെ ചെല്ലുക്കുട്ടി അധ്യക്ഷത വഹിച്ചു.