Wednesday
20 Mar 2019

ദളിതരുടെയും ആദിവാസികളുടെയും മുന്നേറ്റങ്ങള്‍

By: Web Desk | Saturday 7 April 2018 11:36 PM IST

ഏപ്രില്‍ രണ്ടിന് പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ജനതയുടെ പ്രത്യേകിച്ച് യുവാക്കളുടെ രോഷാകുലമായ മുന്നേറ്റമായിരുന്നു രാജ്യവ്യാപകമായുണ്ടായത്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ സംരക്ഷണത്തിനായി നിലനില്‍ക്കുന്ന നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിനുള്ള ആര്‍എസ്എസ് – ബിജെപി ഭരണത്തിന്റെ ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കെതിരായ രോഷമായിരുന്നു അത്. പ്രത്യേകിച്ച് ആഹ്വാനം നല്‍കിയില്ലെങ്കിലും ആര്‍എസ്എസും അവരുമായി ബന്ധപ്പെട്ടവരുമൊഴികെയുള്ള മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജനസംഘടനകളും അന്നത്തെ ഭാരത് ബന്ദിനെ പിന്തുണച്ചു. നിരവധി പ്രദേശങ്ങളില്‍ സിപിഐ ഘടകങ്ങളും ഇടതുസംഘടനകളുമായിരുന്നു ബന്ദിനോടനുബന്ധിച്ചുള്ള പ്രകടനങ്ങളും മാര്‍ച്ചുകളും സംഘടിപ്പിക്കുന്നതിന് മുന്‍കയ്യെടുത്തത്.
1989 ലെ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന വിധത്തില്‍ സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ചില്‍ നിന്നുണ്ടായ മാര്‍ഗ നിര്‍ദ്ദേശങ്ങളായിരുന്നു പെട്ടെന്നുണ്ടായ രോഷപ്രകടനത്തിന് കാരണമായത്. യഥാര്‍ഥത്തില്‍ സുപ്രിംകോടതിയില്‍ നിന്നുണ്ടായ വിധി പട്ടിക ജാതി – പട്ടിക വര്‍ഗക്കാര്‍ക്കെതിരെ വാച്യമായോ കായികമായോ അതിക്രമങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കുന്നത് അസാധ്യമാക്കുന്നതായിരുന്നു. പ്രാഥമിക അന്വേഷണം നടത്താതെ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യരുതെന്ന് മാത്രമല്ല പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം കുറ്റാരോപിതരെ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്നും ഉടന്‍ ജാമ്യമനുവദിക്കണമെന്നുമാണ് കോടതി ഉത്തരവിട്ടത്. കോടതി അതിന്റെ പരിധി ലംഘിക്കുകയും തങ്ങളുടെ ചുമതലയില്‍പ്പെടാത്ത നിയമരൂപീകരണത്തിന് ശ്രമിക്കുകയുമാണ് ഫലത്തില്‍ ചെയ്തിരിക്കുന്നത്. നിയമം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും ബ്ലാക്ക്‌മെയില്‍ ചെയ്യാനുപയോഗിക്കുന്നുവെന്നുമുള്ള വിലയിരുത്തല്‍ മിതമായി പറഞ്ഞാല്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സ്ത്രീധന നിരോധന നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇതേ ബെഞ്ച് നേരത്തേ സമാനമായ വിലയിരുത്തല്‍ നടത്തുകയുണ്ടായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പട്ടിക ജാതി – പട്ടിക വര്‍ഗ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചുമത്തിയ കേസുകളുടെ എണ്ണം പരിശോധിച്ചിരുന്നുവെങ്കില്‍ പരമോന്നത കോടതി നിയമം ദുരുപയോഗിക്കുന്നുവെന്ന അഭിപ്രായം പറയുമായിരുന്നില്ല.2016 ല്‍ ചുമത്തിയ കേസുകളില്‍ കേവലം 25 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.. അവശേഷിക്കുന്നവ ഇപ്പോഴും തീര്‍പ്പാകാതെ കിടക്കുകയാണ്. തീര്‍പ്പാകാതെ കിടക്കുന്നുവെന്നു പറഞ്ഞാല്‍ കുറ്റാരോപിതര്‍ക്ക് കൃത്രിമത്വത്തിലൂടെയോ പരാതിക്കാരില്‍ സമ്മര്‍ദം ചെലുത്തിയോ കേസുകള്‍ ഇല്ലാതാക്കാന്‍ അവസരം ലഭിക്കുന്നുവെന്നാണ് അര്‍ഥം. ഭീകരാക്രമണങ്ങളിലും ഏറ്റുമുട്ടല്‍കേസുകളിലും നേരത്തേ രേഖപ്പെടുത്തിയ മൊഴികള്‍ സാക്ഷികള്‍ പിന്നീട് മാറ്റുകയും ഉദ്യോഗസ്ഥരും എന്തിന് നീതിപീഠം പോലും മാപ്പുനല്‍കുകയോ വിട്ടയക്കുകയോ ചെയ്യുന്ന നിരവധി സാഹചര്യങ്ങള്‍ക്ക് നാം സാക്ഷികളാണ്. ഇത്തരം കുറ്റവാളികളില്‍ പലരും നേരത്തേ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുമായിരിക്കും. സമാനമായ സാഹചര്യം സൃഷ്ടിക്കുകയാണ് സുപ്രിംകോടതിയുടെ വിധിന്യായം ലക്ഷ്യംവയ്ക്കുന്നത്. സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസും ഇസ്രത്ത് ജഹാന്‍ കൊലക്കേസും പരിശോധിച്ചാല്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഏതൊരാള്‍ക്കും വ്യക്തമാകും.
സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ഏപ്രില്‍ രണ്ടിന്റെ പ്രതിഷേധത്തിന് ആഹ്വാനമുണ്ടായതെങ്കിലും പ്രസ്തുത വിധിയുടെ പശ്ചാത്തലത്തില്‍ പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍, പ്രത്യേകിച്ച് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ രൂപീകരണത്തിന് ശേഷം ഉണ്ടായവ പരിശോധിക്കപ്പെടണം. 2014 ന് ശേഷം ഈ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ എത്രയോ മടങ്ങ് വര്‍ധിച്ചുവെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറയുകയാണുണ്ടായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരായ അതിക്രമക്കേസുകളില്‍ ഏറ്റവുമധികം വര്‍ധനവുണ്ടായത്. ഒരു റിപ്പോര്‍ട്ടനുസരിച്ച് ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരെ പ്രതിദിനം 111 അതിക്രമങ്ങളാണുണ്ടാകുന്നത്. എന്നാല്‍ ഇതില്‍ ഭൂരിപക്ഷത്തിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. ദളിത്, ആദിവാസി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കൂട്ട ബലാത്സംഗങ്ങള്‍ പതിവായിരിക്കുകയാണ്. വില കൊടുത്തുവാങ്ങിയ കുതിരപ്പുറത്തേറിയാല്‍ പോലും ദളിത് യുവാവിനെ കൊല ചെയ്യുന്നു. ചത്ത പശുവിന്റെ തൊലിയുരിഞ്ഞാല്‍ ദളിത് യുവാക്കള്‍ ആക്രമിക്കപ്പെട്ടുന്നു. രണ്ടു സംഭവങ്ങളുമുണ്ടായത് പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തായിരുന്നു. ഉത്തര്‍പ്രദേശില്‍ ചെരിപ്പ് ധരിക്കാനവകാശമില്ലാത്ത ദളിതര്‍ അധിവസിക്കുന്ന ഗ്രാമങ്ങള്‍ ഇപ്പോഴുമുണ്ട്. ചാതുര്‍വര്‍ണ്യത്തിന്റെയും മനുസ്മൃതിയുടെയും വക്താക്കള്‍ ഇത്തരം സംഭവങ്ങളെയെല്ലാം ന്യായീകരിക്കുന്നു. മോഡി സര്‍ക്കാര്‍ തങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് തിരിച്ചറിഞ്ഞ വിവിധ വിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികളുടെ വര്‍ധിച്ചുവരുന്ന കോപാകുലതയെ അഭിമുഖീകരിക്കുകയാണ് ബിജെപി – ആര്‍എസ്എസ് ഭരണം. സാധാരണ ജനങ്ങളുടെ മേല്‍ കൂടുതല്‍ ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കുകയും കോര്‍പ്പറേറ്റ് ആഭിമുഖ്യമുള്ള നയങ്ങള്‍ നടപ്പിലാക്കുന്നതിന് വിശ്രമമില്ലാതെ പണിയെടുക്കുകയും ചെയ്യുന്ന കപട വാഗ്ദാനങ്ങളുടെ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അതു തിരിച്ചറിഞ്ഞ ജനങ്ങള്‍ യുവാക്കളാകട്ടെ കര്‍ഷകരാകട്ടെ വിദ്യാര്‍ഥികളും തൊഴിലാളികളുമാകട്ടെ പ്രക്ഷോഭങ്ങളുമായി തെരുവുകളിലേക്കിറങ്ങുകയാണ്.
ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസും ബിജെപിയും പരാജയം മുന്‍കൂട്ടി കണ്ട് വിദ്വേഷത്തിലൂടെ ജാതി- മത ധ്രുവീകരണമുണ്ടാക്കുകയെന്ന തങ്ങളുടെ തന്ത്രം പയറ്റുകയാണ് ചെയ്യുന്നത്. ബിഹാറിലെ ഏകദേശം ഒമ്പതു ജില്ലകളില്‍ അവര്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടി. എന്നാല്‍ പശ്ചിമബംഗാളിലെ അസന്‍സോളില്‍ കലാപമുണ്ടാക്കന്‍ നടത്തിയ ശ്രമങ്ങള്‍ മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടു. വ്യാജവാര്‍ത്തകളുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണവര്‍.
സാധാരണ ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി പ്രകടിപ്പിക്കുന്ന വിവിധ വിഭാഗങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിനും ആര്‍എസ്എസ് – ബിജെപി സംഘത്തിന്റെയും കൂട്ടാളികളുടെയും ഫാസിസ്റ്റ് പദ്ധതികളെ ചെറുക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള യഥാര്‍ഥ സമയമാണിത്.

Related News