20 April 2024, Saturday

പിടികിട്ടാപുള്ളിയെ കണ്ടെത്തുമ്പോള്‍

എ ഐ ശംഭുനാഥ്
September 26, 2021 3:48 pm

കലാരൂപങ്ങളില്‍ ഹാസ്യത്തിന്റെ സാധ്യതകള്‍ എന്നും അനന്തമാണ്. സാധാരണക്കാരനെ ഏറ്റവും എളുപ്പം സ്വാധീനിക്കുന്ന സിനിമയുടെ കാര്യത്തിലാകുമ്പോള്‍ പ്രത്യേകിച്ചും. ഏതൊരു പ്രേക്ഷകനും അനായാസമായി മനസ്സിലാകുന്ന ഭാഷ പൊട്ടിചിരിയുടേതാണ്. മഹാമാരികാലത്ത് മനുഷ്യന്റെ ആസ്വാദനശൈലിയില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഇരുണ്ട കഥാപശ്ചാത്തലമുള്ള നിരവധി സിനിമകള്‍ ഇറങ്ങിയ കാലഘട്ടം കൂടിയാണിത്. അതിനാല്‍ ചിരിക്കാന്‍ പാകത്തിന് പ്രേക്ഷകര്‍ക്ക് കിട്ടിയ ചിത്രങ്ങള്‍ വിരളമാണ്.
അധികം ചിന്തിപ്പിക്കാതെ, ടെന്‍ഷനടിപ്പിക്കാതെ പ്രേക്ഷകനു റിലാക്‌സ്ഡായി കണ്ടു രസിക്കാനാവുന്ന സിനിമകള്‍ക്ക് എക്കാലത്തും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
നര്‍മ്മത്തിന് ഏറെ പ്രാധാന്യം നല്‍കി ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത പിടികിട്ടാപുള്ളി എന്ന ചിത്രം ഓഗസ്റ്റ് 27‑ന് ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തു. ജിയോ സിനിമയില്‍ ആദ്യമായി പ്രീമിയര്‍ ചെയ്യുന്ന മലയാള ചലച്ചിത്രം കൂടിയാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.
സണ്ണി വെയ്ന്‍, ബൈജു, ലാലു അലക്‌സ്, സൈജു കുറുപ്പ്, ശശി കലിംഗ, മേജര്‍ രവി, അഹാന കൃഷ്ണ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു. പ്രകടനത്തിന് മുന്‍തൂക്കമുള്ള സിനിമയല്ലാത്തതിനാല്‍ അഭിനയത്തിന്റെ സാധ്യത ഹാസ്യത്തിലേക്കായി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. ലാലു അലക്‌സിന്റെ സ്വാഭാവികമായ ഹാസ്യഭാവങ്ങള്‍ എടുത്ത് പറയേണ്ടതാണ്.
ഒരു രാത്രിയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് പിടികിട്ടാപുള്ളിയുടെ കഥയെ മുന്നോട്ട് നയിക്കുന്നത്. തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങള്‍ കാണികള്‍ക്ക് മുന്നില്‍ ചിരിയുടെ വാതില്‍ കൃത്യമായ ഇടവേളകളില്‍ കൊട്ടിതുറക്കുന്നു. സ്ലാപ്സ്റ്റിക്ക് കോമഡിയുടെ നൂതന തലങ്ങള്‍ പലയിടത്തും പരീക്ഷിച്ചിട്ടുണ്ട്. അത് തിരക്കഥയുടെ രസാനുഭവത്തോട് നന്നായി ഇണങ്ങിചേരുന്നു.
രണ്ട് മണിക്കൂര്‍ വീട്ടിലിരുന്നുള്ള വിനോദത്തിനായുള്ള ഒരു ഉപാധി. അതായിരിക്കാം പിടികിട്ടാപുള്ളിക്ക് പ്രേക്ഷകരുടെ മുന്നില്‍ വെയ്ക്കാവുന്ന ബ്രാന്‍ഡ് മാര്‍ക്കിങ്ങ്. കുടുംബപ്രേക്ഷകര്‍ക്ക് ഈ സിനിമ വാരാന്ത്യത്തില്‍ നല്ലൊരു കൂട്ടായിരിക്കും.
2018‑ല്‍ ഷൂട്ടിംഗ് തുടങ്ങിയ സിനിമയാണ് പിടികിട്ടാപുള്ളി. പല കാരണങ്ങളാല്‍ ചിത്രീകരണം പിന്നീട് നീണ്ടു പോയിരുന്നു. അണിയറപ്രവര്‍ത്തകരുടെ കാത്തിരിപ്പിന്റെയും ശ്രമത്തിന്റേയും ഫലമായി രണ്ടു വര്‍ഷം കൊണ്ട് ചിത്രം പൂര്‍ത്തിയായി. കോവിഡിന്റെ വലയത്തില്‍പ്പെട്ട് റിലീസും വൈകി. എങ്കിലും ഇപ്പോള്‍ ചിത്രം കാണികള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സാധിച്ച സന്തോഷത്തിലാണ് അവര്‍.
കൊല്ലമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഏറെ നാളിനുശേഷം പൂര്‍ണ്ണമായും കൊല്ലത്ത് ഷൂട്ട് ചെയ്ത ചിത്രം എന്ന പ്രത്യേകത കൂടി പിടികിട്ടാപുള്ളിയ്ക്കുണ്ട്. രാത്രിയില്‍ അരങ്ങേറുന്ന കഥ ആയതിനാല്‍ ചിത്രീകരണം മുഴുവന്‍ രാത്രിയിലായിരുന്നു. ചിന്നക്കട ക്ലോക്ക് ടവറും ആശ്രാമം മൈതാനവും എല്ലാം അഭ്രപാളിയുടെ കാഴ്ചകളെ സമ്പന്നമാക്കുന്നു.
ക്ലീഷേകളുടെ നല്ലവശങ്ങള്‍ പ്രേക്ഷകന് വിരസത തോന്നിക്കാത്തവിധം സിനിമയില്‍ കാണാന്‍ സാധിക്കും. ചിത്രത്തിലെ വിനോദത്തിന്റെ നൂലാമാലകളില്‍ മുഴുകുമ്പോള്‍ അത്തരം ആവര്‍ത്തനങ്ങള്‍ക്ക് പുതുമ അനുഭവപ്പെടും.
രാജശേഖരക്കുറുപ്പെന്ന കുത്തക മുതലാളിയെ ചുറ്റിപ്പറ്റിയുള്ള മനുഷ്യരും അവരുടെ ഏതാനും മണിക്കൂറുകളുമാണ് സിനിമ പറയുന്നത്. അടുത്തത് എന്ത് സംഭവിക്കുമെന്നുള്ള ആകാംക്ഷ പ്രേക്ഷകനില്‍ ഉണര്‍ത്താന്‍ കഥാപരിസരത്തിനു നല്ലതുപോലെ സാധിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ മാനസികസംഘര്‍ഷങ്ങള്‍ വേണ്ടവിധം ഹാസ്യരസരൂപത്തില്‍ ആക്കിയെടുക്കാന്‍ സാധിച്ചു.
സിനിമ എങ്ങനെ അവസാനിക്കുമെന്ന് ഏതൊരാള്‍ക്കും പ്രവചിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ആദിമദ്ധ്യാന്തത്തിലേക്കുള്ള വഴി തീര്‍ത്തും വ്യത്യസ്തമാണ്. പിടികിട്ടാപുള്ളിയെ ഒരു പരീക്ഷണാടിസ്ഥാത്തിലുള്ള ചിത്രമായി തോന്നിക്കുന്നതും ആ കാരണം കൊണ്ടുതന്നെയാണ്.
പിടികിട്ടാപുള്ളിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് സുമേഷ് വി റോബിനാണ്. അഞ്ചോയ് സാമുവലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പി എസ് ജയഹരിയുടെ സംഗീതം. ബിബിന്‍ പോള്‍ സാമുവല്‍ എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നു. ശ്രീകുമാര്‍ കാരിക്കോട്ടിന്റെ കലാസംവിധാനം. സിനിമയുടെ ലൊക്കേഷന്‍ മാനേജര്‍ ടൈറ്റസ് വര്‍ഗ്ഗീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.