‘മാതൃഭൂമി’ എം.ഡിയും മുൻ കേന്ദ്രമന്ത്രിയുമായ എം.പി വീരേന്ദ്രകുമാർ അന്തരിച്ചു

Web Desk

കോഴിക്കോട്

Posted on May 28, 2020, 11:35 pm

എഴുത്തുകാരനും ‘മാതൃഭൂമി’ എം.ഡിയും മുൻ കേന്ദ്രമന്ത്രിയുമായ എം.പി വീരേന്ദ്രകുമാർ അന്തരിച്ചു. 84 വയസ്സായിരുന്നു. കോഴിക്കോട് വച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാര്‍(ജോയന്റ് മാനേജിങ് ഡയറക്ടര്‍-മാതൃഭൂമി).

1987 ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. നിലവിൽ രാജ്യസഭാ എം പി ആണ്.

നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോന്‍ സാഹിത്യപുരസ്‌കാരം,ഓടക്കുഴല്‍ അവാര്‍ഡ്,സ്വദേശാഭിമാനി പുരസ്‌കാരം, മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.