Janayugom Online
KSRTC

ഹര്‍ജി തള്ളി; എം പാനലുകാരുടെ പ്രതീക്ഷ അസ്തമിച്ചു

Web Desk
Posted on February 04, 2019, 10:40 pm

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ച് വിട്ട എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലുള്ള ഒഴിവുകള്‍ പിഎസ്‌സി വഴി നികത്താനും ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഇതോടെ 12 വര്‍ഷം വരെ കെഎസ്ആര്‍ടിസിക്ക് വേണ്ടി താല്‍കാലികമായി ജോലി ചെയ്ത നാലായിരത്തോളം എംപാനല്‍ ജീവനക്കാരുടെ തിരിച്ചുകയറാമെന്ന പ്രതീക്ഷ അസ്തമിച്ചു. ജീവനക്കാരെ പറ്റിച്ച കെഎസ്ആര്‍ടിസിയെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു.

ജസ്റ്റിസുമാരായ വി. ചിദംബരേഷ്, നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരോട് കെഎസ്ആര്‍ടിസി പ്രതികാര ബുദ്ധിയാണ് കാണിച്ചതെന്നും മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ലെന്നും എംപാനല്‍ ജീവനക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇത് കോടതി പരിഗണിച്ചില്ല. താല്‍ക്കാലികമായി നിയമനം നടത്താന്‍ പോലും പിഎസ്‌സിക്ക് സൗകര്യമുള്ളപ്പോള്‍ എന്തിനാണ് എംപാനല്‍ എന്ന പേരില്‍ പിന്‍വാതില്‍ നിയമനം നടത്തിയതെന്നും കോടതി ചോദിച്ചു.

480 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ എംപാനലുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിര്‍ബന്ധിത തൊഴിലെടുപ്പിക്കലാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി പത്തു വര്‍ഷത്തില്‍ കുറവ് സര്‍വീസ് ഉള്ള മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും പിരിച്ചുവിടാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ 2013ന് പത്ത് വര്‍ഷം തികഞ്ഞവരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതോടെ മുഴുവന്‍ എംപാനല്‍ ജീവനക്കാരും പിരിഞ്ഞു പോകേണ്ടി വന്നു. അവരെ പിരിച്ചു വിട്ട ഒഴിവുകളിലേക്ക് പിഎസ്‌സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനും കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1421 പേര്‍ ജോലിയില്‍ പ്രവേശിച്ചു. ഇതിനിടെ കേസില്‍ കക്ഷിചേരാന്‍ എംപാനല്‍ ജീവനക്കാരെയും ഹൈക്കോടതി അനുവദിച്ചിരുന്നു.