എംപാനല്‍ ജീവനക്കാരുടെ നിയമനം: കോടതി വിധി കണക്കിലെടുത്ത് നടപടി സ്വീകരിക്കും

Web Desk
Posted on December 22, 2018, 10:07 pm

ഇന്നും സര്‍വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എംപാനല്‍ ജീവനക്കാരുടെ പ്രശ്‌നം സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ കണക്കിലെടുക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോടതിയുടെ നിര്‍ദേശ പ്രകാരമുള്ള പിഎസ്‌സി നിയമനം പൂര്‍ത്തിയായ ശേഷം ഒഴിവുവരുന്ന തസ്തികകളില്‍ നിയമനം നടത്താന്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുശീല്‍ഖന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കെഎസ്ആര്‍ടിസിയില്‍ ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് താത്കാലിക ജീവനക്കാര്‍, എംപാനല്‍ ജീവനക്കാര്‍ എന്നിവരുടെ എണ്ണം സംബന്ധിച്ചും ജീവനക്കാരുടെ നിയമനങ്ങള്‍ ക്രമീകരിക്കുന്നതു സംബന്ധിച്ചും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയമിക്കും. എംപാനല്‍ ജീവനക്കാര്‍ സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കുന്നത് ഇന്നും തുടര്‍ന്നു. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി പട്ടികയിലുള്ളവരെ അടിയന്തരമായി നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സര്‍വീസുകള്‍ പ്രതിസന്ധിയിലായത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയാണ് പലയിടത്തും മുടങ്ങിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സോണുകളിലായി സംസ്ഥാനത്ത് 963 സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്. തിരുവനന്തപുരത്ത് 353, എറണാകുളത്ത് 449, കോഴിക്കോട് 161 സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ആദ്യ ഷിഫ്റ്റില്‍ മാത്രം 389 സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാം ഷിഫ്റ്റിലാണ് 557 സര്‍വീസുകള്‍ റദ്ദാക്കിയത്.

പിഎസ്‌സി വഴിയുള്ള നിയമന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് 45 ദിവസമെങ്കിലുമെടുക്കും. നിലവില്‍ നിയമന ഉത്തരവ് നല്‍കിയ 4,051 ഉദ്യോഗാര്‍ഥികളില്‍ 1553 പേരാണ് ഇതുവരെ നിയമനം നേടിയത്. നിയമന ഉത്തരവ് നല്‍കിയ വ്യാഴാഴ്ച 1,472 പേരും, വെള്ളിയാഴ്ച 60 പേരും ഇന്ന് 21 പേരുമാണ് നിയമനം നേടിയത്. ഇന്ന് മുതല്‍ ഉദ്യോഗാര്‍ഥികളോട് അവരവരുടെ ഡിപ്പോകളില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആയിരത്തിലധികം പേര്‍ ഹാജരാകാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ട സാഹചര്യത്തില്‍ ഇതില്‍ 500 പേരെങ്കിലും ഇനിയും നിയമനത്തിനായി എത്തുമെന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നത്.