Web Desk

കൊച്ചി

February 06, 2020, 6:27 pm

നീലവിപ്ലവം; എംപിഇഡിഎ‑യുടെ ത്രിദിന അന്താരാഷ്ട്ര സമുദ്രോത്പന്നഭക്ഷ്യമേള നാളെ മുതൽ

Janayugom Online

കടുത്ത ആഗോളമത്സരത്തിനുമുന്നില്‍ സുസ്ഥിരമായ സമുദ്ര ഭക്ഷണ കയറ്റുമതി രംഗത്തുള്ള ഇന്ത്യയുടെ ശക്തിയും അക്വാകള്‍ച്ചര്‍ മേഖലയിലെ ഏറ്റവും ഒടുവിലത്തെ സാങ്കേതികഇടപെടലുകളും പൂര്‍ണമായി വെളിവാക്കുന്ന ഇരുപത്തിരണ്ടാമത് ഇന്ത്യാ ഇന്‍റര്‍നാഷണല്‍ സീഫുഡ് ഷോ (ഐഐഎസ്എസ്) കൊച്ചിയില്‍ ഫെബ്രുവരി ഏഴുമുതല്‍ ഒമ്പതുവരെ നടക്കും. രാജ്യത്തിന്‍റെ സമുദ്രോത്പന്ന കയറ്റുമതി 2022 ഓടെ 10 ബില്യണ്‍ യുഎസ് ഡോളറിന്‍റെതാക്കി ഉയര്‍ത്തുക എന്ന നേട്ടം കൈവരിക്കാനാവശ്യമായ പ്രവര്‍ത്തനക്ഷമമായ മാര്‍ഗരേഖകളും നയങ്ങളും സംബന്ധിച്ച് വ്യവസായപ്രമുഖരും വിദഗ്ദരും നടത്തുന്ന ചര്‍ച്ചകളും ഉണ്ടാകും. സമുദ്രോത്പന്നവ്യവസായത്തിന്‍റെ ഈ ദ്വൈവാര്‍ഷിക പ്രദര്‍ശന മേളയുടെ   കേന്ദ്രപ്രമേയം ‘നീലവിപ്ലവം: ഉത്പാദനത്തിനുമപ്പുറം മൂല്യവര്‍ധന’ എന്നതാണ്. കേന്ദ്ര വാണിജ്യ വ്യവസായമന്ത്രാലയത്തിന്‍റെ നോഡല്‍ ഏജന്‍സിയായ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും (എംപിഇഡിഎ) സീഫുഡ് എക്സ്പോര്‍ട്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (എസ്ഇഎഐ) സംയുക്തമായാണ് ഇതു സംഘടിപ്പിക്കുന്നത്.

നാളെ രാവിലെ 11ന് ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലെ ഹോട്ടല്‍ ഗ്രാന്‍റ് ഹയാത്തി ല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പിറ്റേന്ന് കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി. സോം പര്‍കാഷ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ സമുദ്രോത്പന്നഭക്ഷണമേളകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഐഐഎസ്എസ് 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണു കൊച്ചിയില്‍ നടക്കുന്നത്. സമുദ്ര ഭക്ഷണ വ്യവസായമേഖലയുടെ വിവിധവശങ്ങളെക്കുറിച്ച് ഈ രംഗത്തുള്ള എല്ലാവര്‍ക്കും ചര്‍ച്ചചെയ്യാനും, ബിസിനസ് ഇടപാടുകളില്‍ ഏര്‍പ്പെടാനും, പുതിയ പാതകളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുതകുന്ന വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും, ആഗോളവിപണിയില്‍ വിവിധ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും അവതരിപ്പിക്കാനും ഐഐഎസ്എസ് 2020 വേദിയൊരുക്കുമെന്ന് എംപിഇഡിഎ ചെയര്‍മാന്‍ കെ എസ്ശ്രീ നിവാസ് പറഞ്ഞു.

“പ്രാഥമികോത്പാദനവും, സംസ്കരണവും, ഗതാഗതവും പോലുള്ള സമുദ്രഭക്ഷ്യോത്പന്നങ്ങളുടെയാകെ മൂല്യശൃംഖലയില്‍ സുസ്ഥിരനേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള രാജ്യത്തിന്‍റെ പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാട്ടുക എന്നതാണ് ഈ സംരംഭത്തിന്‍റെ പ്രധാനലക്ഷ്യങ്ങളിലൊന്ന്. ഈ രംഗത്തുള്ളവര്‍ക്കെല്ലാം സംസ്കരണത്തിലെയും, ട്രേസബിലിറ്റിയിലെയും പുതിയ സാങ്കേതികവിദ്യകള്‍ ചര്‍ച്ച ചെയ്യാനും ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ മൂല്യസംവര്‍ധനം കൈവരിക്കാനും ഇതു വേദിയൊരുക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താത്കാലികമായി ലഭ്യമായ കണക്കുകള്‍ പ്രകാരം ഇന്ത്യ 2018–19ല്‍ 6.70 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള 14,37,000 ടണ്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലകളെ പ്രയോജനപ്പെടുത്തുന്ന ബഹുമുഖതന്ത്രങ്ങളിലൂടെ അഞ്ചുവര്‍ഷത്തിനകം 15 ബില്യണ്‍ യുഎസ് ഡോളറിന്‍റെ കയറ്റുമതി വിറ്റുവരവ് നേടാനാവുമെന്നാണു പ്രതീക്ഷ.

you may also like this video;

സുസ്ഥിരമായ മത്സ്യബന്ധനമാര്‍ഗങ്ങള്‍, മൂല്യസംവര്‍ധനം, കര്‍ശനമായ ഗുണനിലവാരനിയന്ത്രണം, വൈവിധ്യവത്കരണത്തിലൂടെ വര്‍ധിച്ച അക്വാകള്‍ച്ചര്‍ ഉത്പാദനം എന്നിവ കയറ്റുമതിക്കായി നിശ്ചയിച്ചിട്ടുള്ള ഉന്നതമായ ലക്ഷ്യം കൈവരിക്കുന്നതിനു പിന്‍ബലമാകുമെന്നാണു പ്രതീക്ഷയെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ഉത്പാദകര്‍, സംസ്കരണരംഗത്തുള്ളവര്‍, ഇറക്കുമതി-കയറ്റുമതിക്കാര്‍, സംസ്കരണ യന്ത്രസാമഗ്രി നിര്‍മാതാക്കള്‍, കോള്‍ഡ് സ്റ്റോറേജ് സംവിധാന ദാതാക്കള്‍, ലിങ്കേജ് മേഖലകള്‍, സാങ്കേതികവിദഗ്ധര്‍, കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ഫിഷറി സ്ഥാപനങ്ങളിലെ നയരൂപവത്കരണച്ചുമതലയുള്ളവര്‍ എന്നിങ്ങനെ  ഈ മേഖലയിലെ വിവിധ രംഗങ്ങളിലുള്ളവര്‍ക്കെല്ലാം ഒരു മേല്‍ക്കൂരയ്ക്കുകീഴില്‍ അണിനിരക്കാനും, വാണിജ്യബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും, രാജ്യത്തെ സമുദ്ര ഭക്ഷ്യ കയറ്റുമതി ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും ഒരു കുടക്കീഴില്‍ അവസരമൊരുക്കലാവും വാണിജ്യപ്രദര്‍ശനം.

ഐഐഎസ്എസ് 2020ല്‍ 7000 ചതുരശ്രമീറ്റര്‍ സ്ഥലത്തായി മുന്നൂറിലേറെ സ്റ്റാളുകള്‍ ഉണ്ടാവും. മൂല്യവര്‍ധനയ്ക്കായി ഓട്ടോമേറ്റഡും ഐടിഅധിഷ്ഠിതവുമായ പ്രീ-പ്രോസസിംഗ്, പ്രോസസിംഗ്, സ്റ്റോറേജ് സാങ്കേതികവിദ്യകളുടെതായ വിപുലമായ ഉത്പന്നനിര പ്രദര്‍ശനത്തിലുണ്ടാവും. കൂടാതെ ലോജിസ്റ്റിക്സ്, സര്‍ട്ടിഫയിംഗ്/ടെസ്റ്റിംഗ് വിഭാഗങ്ങള്‍ പോലുള്ള സേവനദാതാക്കള്‍ക്കും ഇത് അവസരം തുറന്നുനല്‍കും. ഇന്ത്യയ്ക്കു പുറമെ ഫ്രാന്‍സ്, സിങ്കപ്പൂര്‍, യുകെ, യുഎസ്എ, ജപ്പാന്‍, നെതര്‍ലാന്‍റ്സ്, ജര്‍മനി, ഫിജി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിയ വിദഗ്ധര്‍ സാങ്കേതികസെഷനുകളെ അഭിസംബോധന ചെയ്യും.

‘ഭാവിസാധ്യതാവിപണികളും റെഗുലേറ്ററി പരിസ്ഥിതിയും’, ‘സര്‍ട്ടിഫിക്കേഷനും ട്രേസബിലിറ്റിയും മൂല്യസംവര്‍ധനയും’, ‘ട്യൂണ കയറ്റുമതി മൂല്യശൃംഖല‑മികച്ച വിളവെടുപ്പുരീതികള്‍’ എന്നിവ പോലുള്ള സമകാലിക താത്പര്യ വിഷയങ്ങളിലായിരിക്കും സെഷനുകള്‍. കൂടാതെ, ഡാന്‍ഫോസ്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ടിസിഎസും ബിസിനസ് അവതരണങ്ങള്‍ നടത്തും. ലോകത്തെ രണ്ടാമത്തെ വലിയ അക്വാകള്‍ച്ചര്‍ ഉത്പാദകരാജ്യമാണ് ഇന്ത്യ. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ ചെമ്മീന്‍ കയറ്റുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. കൂടാതെ, യൂറോപ്പിലേക്കും ദക്ഷിണപൂര്‍വേഷ്യയിലെ മറ്റുവിപണികളിലേക്കും ഇന്ത്യ ധാരാളമായി ചെമ്മീന്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

Eng­lish Sum­ma­ry: MPEDA’s three-day inter­na­tion­al seafood fes­ti­val starts tomorrow.

you may also like this video;