സംസ്ഥാനം ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിവിധ ആവശ്യങ്ങള്‍ കേന്ദ്രബജറ്റില്‍ ഉള്‍പ്പെടുത്തി നേടിയെടുക്കാന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ച എംപി മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള സില്‍വര്‍ ലൈന്‍ റയില്‍പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇടപെടണം. തൃപ്പൂണിത്തുറ- ബൈപ്പാസ് ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. പളനി- ശബരിമല പുതിയ ദേശീയപാതയ്ക്ക് അംഗീകാരം ലഭ്യമാക്കാന്‍ ഇടപെടണം. കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2020–21 സാമ്പത്തിക വര്‍ഷത്തില്‍ ഭരണാനുമതിക്കായി 115 കോടി രൂപയുടെ എട്ട് പദ്ധതികള്‍ കേന്ദ്രമന്ത്രാലയത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ അംഗീകാരം ഉറപ്പാക്കണം.
വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസ് നടത്താനുള്ള പോയിന്റ് ഓഫ് കോള്‍ ആയുള്ള അംഗീകാരം ലഭ്യമാക്കണം. കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ അസോസിയേഷന് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് ഓപ്പണ്‍ സ്കൈ പോളിസി ഉള്‍പ്പെടുത്തണം. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുമേഖലയില്‍ നിന്നപ്പോള്‍ വിമാനത്താവളത്തിന് നല്കിയ സഹായ സഹകരണങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ട വിമാനത്താവളത്തിന് നല്കാന് കഴിയില്ല എന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുവാന്‍ അനുയോജ്യമാണെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ഘട്ടത്തില്‍ പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനാല്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിലുള്ള അനിശ്ചിതത്വം നീക്കാനാവണം. റയില്‍വെ ലൈന്‍ കടന്നുപോകുന്ന സ്ഥലത്തുകൂടി കെ-ഫോണ്‍ കേബിളുകള്‍ ഇടുന്നതിന് റെയില്‍വേയുടെ അനുമതി ആവശ്യമാണ്. അത് ലഭ്യമാക്കുന്നതിന് എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമവും പിന്‍വലിക്കണമെന്ന പ്രമേയം യോഗം അംഗീകരിച്ചു. യോഗത്തില്‍ മന്ത്രിമാര്‍, എം പിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ENGLISH SUMMARY: MPs should be pressured to include the needs of the state in the Union Budget: CM
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.