October 6, 2022 Thursday

ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട്: മുഖ്യമന്ത്രി പിണറായി വിജയൻ

Janayugom Webdesk
May 29, 2020 9:15 am

എഴുത്തുകാരനും ‘മാതൃഭൂമി’ എം.ഡിയും മുൻ കേന്ദ്രമന്ത്രിയുമായ എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്‌ എം.പി വീരേന്ദ്രകുമാര്‍ എന്നും അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ടെന്നും ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം

ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്‌ വീരേന്ദ്രകുമാർ. അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്‌. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തിൽ രാഷ്‌ട്രീയമായി ഭിന്നചേരിയിൽ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.

മാധ്യമരംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ മുറുകെ പിടിച്ചു. പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത്‌ പ്രശ്‌നവും ആഴത്തിൽ പഠിച്ച്‌ അവതരിപ്പിക്കുന്ന നേതാവായിരുന്നു. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന എംഎൽഎമാരുടെയും എം പിമാരുടെയും സംയുക്തയോഗത്തിൽ പങ്കെടുത്ത്‌ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു.
ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യത്തിന്റെ ഐക്യം തകർക്കുകയും ചെയ്യുന്ന വർഗീയതയ്‌ക്കെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ നേതാവായിരുന്നു. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു.
ആ വേർപാടിൽ അദ്ദേഹത്തിൻറെ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉള്ള തീവ്രമായ ദുഃഖത്തിൽ പങ്കുചേരുന്നു.

 

Eng­lish Sum­ma­ry: Pinarai Vijayan shares his deep grief.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.