ഷാജി ഇടപ്പള്ളി

കൊച്ചി

June 03, 2021, 6:17 pm

ആറാം വൃക്ഷയജ്ഞത്തിന് ഒരുങ്ങി ശ്രീമൻ നാരായണൻ

Janayugom Online
എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ ശ്രീമന്‍ നാരായണന്‍റ മിഷന്‍ ആറാം വൃക്ഷയജ്ഞത്തിനായി ഒരുക്കിയിരിക്കുന്നവൃക്ഷത്തൈകള്‍.

പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീമൻ നാരായണൻ തുടക്കം കുറിച്ച വൃക്ഷയജ്ഞം ആറാം വർഷത്തിലേക്ക്. എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ ശ്രീമൻ നാരായണന്റെ മിഷൻ ആലുവ മുപ്പത്തടം ഗ്രാമത്തിലെ എല്ലാ വീടുകളിലും ഒരു വൃക്ഷം എന്ന കാമ്പയിൻ 2016 ലാണ് തുടക്കമിട്ടത്. കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്ന മുൻ കൃഷി മന്ത്രി വി എസ് സുനിൽകുമാറാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വായു മലിനീകരണത്തിന് വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കലാണ് പ്രധാനമായും പരിഹാര മാർഗ്ഗമെന്നതിനാൽ മുപ്പത്തടത്ത് ഓരോ വീട്ടിലും നേരിട്ടുചെന്ന് സ്ഥല ലഭ്യതയനുസരിച്ച് 10001 മാവും പ്ലാവും ഗാന്ധിമരങ്ങൾ എന്ന പേരിൽ വച്ചുപിടിപ്പിച്ചു. ഫലം ലഭിച്ചു തുടങ്ങിയാൽ പത്തു വൃക്ഷമുണ്ടെങ്കിൽ ഒരെണ്ണത്തിലേയും ഒരു വൃക്ഷമുള്ളെങ്കിൽ ഒരു കൊമ്പിലേയും ഫലങ്ങൾ പക്ഷികൾ അണ്ണാൻ മുതലായ ജീവികൾക്കായി വിട്ടുനൽകണമെന്നു വീട്ടുകാരുമായി വാക്കലൊരു കരാറുമുണ്ടാക്കി. 

ഈ കാലയളവിൽ എറണാകുളത്തും ഇതര ജില്ലകളിലുമായി രണ്ടേകാൽ ലക്ഷം വൃക്ഷത്തൈകൾ ശ്രീമൻ നാരായണൻ കഴിയുന്നത്ര അതിജീവനം ഉറപ്പാക്കി വിതരണം ചെയ്തിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ”നടാം നനയ്ക്കാം നടക്കൽ വയ്ക്കാം” പദ്ധതി പ്രകാരം 25000 ചെത്തി തുളസി കൂവളം തൈകൾ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വിതരണം ചെയ്തു. ഗുരുവായൂർ ക്ഷേത്രം വക രണ്ടേക്കർ ഭൂമിയിൽ ചെത്തിയും തുളസിയും നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ പ്രർത്തനം ഉടനെ ആരംഭിക്കും. 

സംസ്ഥാന വനം വകുപ്പിന്റെ ജൈവസംരക്ഷണ മികവിനുള്ള പുരസ്ക്കാരം, എസ് കെ പൊറ്റക്കാട് പരിസ്ഥിതി സംരക്ഷണ പുരസ്ക്കാരം, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഉത്രാടം തിരുനാൾ കേരളശ്രീ പുരസ്ക്കാരം, പരിസ്ഥിതി പരിപാലനത്തിനുള്ള ഗാന്ധി ദർശൻ പുരസ്ക്കാരം തുടങ്ങിയ ഒട്ടനവധി അവാർഡുകൾ പ്രകൃതിസംരക്ണ പ്രവർത്തനങ്ങൾക്കായി ശ്രീമൻ നാരായണന് ലഭിച്ചിട്ടുണ്ട്. സ്വന്തം ഗ്രാമത്തിലൂടെ ഒഴുകുന്ന പെരിയാർ നദി പ്രമേയമാക്കി ശ്രീമൻ നായണൻ രചിച്ച ‘എൻറ പുഴ’എന്ന നോവലിന് വൈക്കം മുഹമ്മദു ബഷീർ പുരസ്ക്കാരമുൾപ്പടെ ഏഴ് അവാർഡുകൾ വേറേയും ലഭിച്ചിട്ടുണ്ട്. 

‘എന്റെ പുഴ’യുടെ എട്ടുപതിപ്പുകളും ആയിക്കണക്കിന് കോപ്പികളും വിറ്റുതീർന്നു. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ആറാമതു വൃക്ഷയജ്ഞം സാഹിത്യകാരൻ സേതു ഗൂഗിൾ മീറ്റുവഴി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കെ സുകുമാരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മഹാരാഷ്ട്ര സേവാഗ്രാം ആശ്രമം പ്രസിഡന്റ് ടി ആർ എൻ പ്രഭു, കടുങ്ങല്ലൂർ പഞ്ചായത്തു പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ശശിധരൻ കല്ലേരി എന്നിവർ ആശംസകളർപ്പിക്കും. മാവ്, പ്ലാവ്, സീതപ്പഴം, മാതളം, ഞാവൽ, പേര, റംബുട്ടാൻ, നാരകം, പുളി, നെല്ലി, ആര്യവേപ്പ്, ലക്ഷ്മിതരു, തേക്ക്, ഉങ്ങ്, നീർമരുത് തുടങ്ങിയ തൈകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. 

ENGLISH SUMMARY:Mr. Narayanan pre­pares for the sixth tree yajna
You may also like this video