നാടകീയ അന്ത്യം? ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ധോണി പുറത്ത്

Web Desk

മുംബൈ

Posted on January 16, 2020, 5:28 pm

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ഇന്ത്യൻ മുൻ നായകൻ എംഎസ് ധോണി പുറത്ത്. 2019 ഒക്ടോബർ മുതൽ 2020 സെപ്റ്റംബർ വരെയുള്ള സീസണിലേക്കുള്ള പുതുക്കിയ കരാറിൽ ധോണിയുടെ പേരില്ല. എ പ്ലസ് കാറ്റഗറിയിലുള്ളവര്‍ക്ക് ഏഴ് കോടിയും എ വിഭാഗത്തിന് അഞ്ച് കോടിയും ബി, സി കാറ്റഗറിയുള്ള താരങ്ങള്‍ക്ക് യഥാക്രമം മൂന്ന് കോടിയും ഒരു കോടിയും ലഭിക്കും.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2014ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഏകദിന- ടീം ഫോര്‍മാറ്റുകളില്‍ ഇതുവരെ പാഡഴിച്ചിട്ടില്ല. നേരത്തെ, ബിസിസിഐ കരാറില്‍ എ ഗ്രേഡ് താരമായിരുന്നു ധോണി.  ജൂലൈയിൽ അവസാനിച്ച ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടില്ലാത്ത ധോണി, രാജ്യാന്തര ക്രിക്കറ്റിലെ തന്റെ ഭാവിയെക്കുറിച്ച് ഇനിയും മനസ്സു തുറന്നിട്ടില്ല. ഇതിനിടെ, താരം വിരമിച്ചേക്കുമെന്ന് പലകുറി അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണമില്ല. ഇതിനിടെയാണ് വാർഷിക കരാറിൽനിന്ന് ധോണിയെ പുറത്താക്കിയത്.
നിലവില്‍ മഹേന്ദ്ര സിങ് ധോണിക്ക് പകരം 22 ‑കാരന്‍ റിഷഭ് പന്താണ് ഏകദിന, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ ഒന്നാം കീപ്പര്‍. ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയാണ് ഈ ചുമതല നിറവേറ്റുന്നത്.
മുന്‍പ്, 2014 ഡിസംബറിലാണ് താരം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞത്. ഇന്ത്യയ്ക്കായി 90 ടെസ്റ്റുകള്‍ ധോണി കളിച്ചിട്ടുണ്ട്. 2017 ജനുവരിയില്‍ ഏകദിന, ട്വന്റി-20 ക്യാപ്റ്റന്‍സിയും ധോണി കൈയ്യൊഴിഞ്ഞു. എന്തായാലും പുതിയ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോണി കളിക്കുമെന്നാണ് സൂചന. ധോണിയാണ് ടീമിനെ നയിക്കുകയെന്ന് ചെന്നൈ ഫ്രാഞ്ചൈസി സ്ഥിരീകരിച്ചു കഴിഞ്ഞു.
അതേസമയം, അമ്പാട്ടി റായിഡു, ദിനേഷ് കാർത്തിക് എന്നിവരും കരാറിൽ നിന്നു പുറത്തായിട്ടുണ്ട്. ദീപക് ചഹാർ, നവ്‌ദീപ് സൈനി, ഷാർദൂൽ താക്കൂർ, ശ്രേയസ് അയ്യർ, മായങ്ക് അഗർവാൾ എന്നിവരെയാണ് കരാറിൽ പുതുതായി ഉൾപ്പെടുത്തിയത്. മലയാളി താരം സഞ്ജു സാംസൺ കരാറിൽ ഉൾപ്പെട്ടിട്ടില്ല.
എ പ്ലസ് കാറ്റഗറി: വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്‌പ്രീത് ബുംറ

എ കാറ്റഗറി: രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്

ബി കാറ്റഗറി: വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍,

സി കാറ്റഗറി: കേദാര്‍ ജാദവ്, നവ്‌ദീപ് സെയ്‌നി, ദീപക് ചാഹര്‍, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശാര്‍ദുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍

 

Eng­lish sum­ma­ry: Ms Dhoni out from BCCI cen­tral con­tract

You may also like this video