കെ രംഗനാഥ്

February 19, 2020, 5:30 am

എം എസ് മണി, മാധ്യമലോകത്തെ അതികായന്‍

Janayugom Online

മലയാള സാഹിത്യ‑സാമൂഹ്യരംഗങ്ങളിലെ സൂര്യ തേജസായിരുന്ന സി വി കുഞ്ഞുരാമന്റെ പൗത്രനും മലയാള പത്രപ്രവര്‍ത്തന രംഗത്തെ കുലപതികളിലൊരാളും ‘കേരളകൗമുദി‘യുടെ സ്ഥാപക പത്രാധിപരുമായിരുന്ന കെ സുകുമാരന്റെ പുത്രനുമാണ് എം എസ് മണി. പത്രാധിപര്‍ സുകുമാരന്‍ എന്ന് മലയാളക്കര ആദരവോടെ വിളിച്ചിരുന്ന കെ സുകുമാരന്റെ പുത്രനും മാധ്യമലോകത്തെ അതികായകനായി. 58 വര്‍ഷം മുമ്പ് നന്നേ ചെറുപ്പത്തില്‍ ‘കേരള കൗമുദി‘യുടെ ഡല്‍ഹി ലേഖകനായി. രാജ്യസഭാ, ലോക്‌സഭാ റിപ്പോര്‍ട്ടിംഗില്‍ മികവു തെളിയിച്ചു. നെഹ്രുവിന്റെ നിര്യാണം റിപ്പോര്‍ട്ട് ചെയ്ത മണി നെഹ്രുവിനു ശേഷം ആരെന്ന ചോദ്യത്തിന് ലാല്‍ബഹദൂര്‍ ശാസ്ത്രിയെന്ന് ദീര്‍ഘദര്‍ശനം ചെയ്ത ഇന്ത്യയിലെ ചുരുക്കം ചില മാധ്യമ പ്രവര്‍ത്തകരിലൊരാളായിരുന്നു. സാഹസികതയുടെ കൂട്ടുകാരനായിരുന്ന മണിയാണ് മലയാളത്തിലെ ആദ്യ യുദ്ധകാര്യ ലേഖകന്‍. ചൈനീസ് യുദ്ധരംഗത്തുനിന്നുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ തീക്ഷ്‌ണമായ ആ പോരാട്ടത്തിന്റെ വാങ്മയ ചിത്രങ്ങളായി. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പുതുവഴികള്‍ കണ്ടെത്തിയ അദ്ദേഹം സംസ്ഥാനത്തെ വനംകൊള്ളയെക്കുറിച്ചു നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഏറെ കോളിളക്കം സൃഷ്ടിക്കുന്നവയായി.

വിമോചന സമരത്തേയും അടിയന്തിരാവസ്ഥയേയും ശക്തിയായി എതിര്‍ത്ത മണി എന്നും തിന്മകളോട് കലഹിക്കാനുള്ള വേദിയായി പത്രപ്രവര്‍ത്തനത്തെ ഫലപ്രദമായും സാരവത്തായും ഉപയോഗിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തില്‍ പാഞ്ച്കുയിന്‍ റോഡും പാലികപ്രദേശവും ബുള്‍ഡോസര്‍കൊണ്ട് ഇടിച്ചുനിരപ്പാക്കി ചേരിനിവാസികളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന കാലം. ആയിടയ്ക്കാണ് മണിയുടെ അനുജന്‍ എം എസ് മധുസൂദനന്‍ സഞ്ജയ് ഗാന്ധിയുമായുള്ള സചിത്ര അഭിമുഖവുമായെത്തുന്നത്. അടിയന്തിരാവസ്ഥയോട് എതിര്‍പ്പുണ്ടായിരുന്ന അദ്ദേഹം ഈ അഭിമുഖം പ്രസിദ്ധീകരിക്കുന്നതിനെതിരായിരുന്നുവെങ്കിലും അത് കേരളകൗമുദിയില്‍ അച്ചടിച്ചു വന്നു. കുറേക്കാലം കൂടി പിന്നീട് താന്‍ ചീഫ് എഡിറ്ററായ പത്രത്തില്‍ നിന്നും പടിയിറക്കത്തിന്റെ കാലം. അതോ പടിയിറക്കലിന്റെകാലമോ എന്ന് ‘കേരളകൗമുദി‘യുടെ ചരിത്രം പറഞ്ഞുതരുമായിരിക്കും. മുംബെെയില്‍ നിന്നും ‘കലാകൗമുദി’ ദിനപത്രം തുടങ്ങിയ അദ്ദേഹം പിന്നീട് തിരുവനന്തപുരത്തുനിന്നും ‘കലാകൗമുദി’ വാരിക പ്രസിദ്ധീകരിച്ച് അതിന്റെ സ്ഥാപകപത്രാധിപരായി.

ആനുകാലികങ്ങളുടെ മേഖലയില്‍ ‘ജനയുഗം’ വാരികയ്ക്ക് ശേഷം ഏറ്റവും ശ്രദ്ധേയമായ വാരികയാക്കി ‘കലാകൗമുദി‘യെ വളര്‍ത്തിയെടുക്കാന്‍ മണിക്ക് കഴിഞ്ഞു. ശിവഗിരിയിലെ അധികാര തര്‍ക്കങ്ങള്‍ അക്രമങ്ങളിലേയ്ക്ക് നീങ്ങിയപ്പോള്‍ ‘ശിവഗിരിയില്‍ തീമേഘങ്ങള്‍’ എന്ന പേരില്‍ അദ്ദേഹം എഴുതിയ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള പത്രപ്രവര്‍ത്തന മേഖലയിലെ അതികായന്മാരായ ആനന്ദ്, എം പി നാരായണപിള്ള, കാക്കനാടന്‍, എം മുകുന്ദന്‍, ആനന്ദ്, സച്ചിദാനന്ദന്‍, വികെഎന്‍ എന്നിവരെ ‘കലാകൗമുദി‘യില്‍ അണിനിരത്തി സാഹിത്യത്തിന്റെ പൂക്കാലം തന്നെ അദ്ദേഹം ഒരുക്കി. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ ‘കേരളകൗമുദി‘യുടെ സ്ഥിരം വിദേശകാര്യ ലേഖകനാക്കിയതും മണി തന്നെയായിരുന്നു. മണിക്ക് മലയാള മാധ്യമലോകം അര്‍ഹിക്കുന്ന ആദരം നല്കിയിട്ടുണ്ടോ എന്ന് ഒരു ആത്മപരിശോധന നടത്താന്‍ ഈ വിയോഗവ്യഥയ്ക്കിടയിലും നമുക്കു കഴിയട്ടെ. ഏതാനും ദിവസം മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത മാധ്യമ പുരസ്കാരമായ സ്വദേശാഭിമാനി- കേസരി പുരസ്കാരം വെെകിയാണെങ്കിലും അദ്ദേഹത്തെ തേടിയെത്തി. ആ പുരസ്കാരം ഏറ്റുവാങ്ങും മുമ്പ് ആ മാധ്യമ മഹാപ്രതിഭ നമ്മോടു വിടചൊല്ലിയിരിക്കുന്നു.