എംഎസ്എഫ് പ്രവര്‍ത്തകരുടെ റാഗിംഗ്; വിദ്യാര്‍ഥിയുടെ ചെവിക്ക് ഗുരുതര പരിക്ക്

Web Desk
Posted on July 18, 2019, 9:07 am

പാലക്കാട്: കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്കു നേരെ എംഎസ്എഫ് പ്രവര്‍ത്തകരായ സീനിയര്‍ വിദ്യാര്‍ഥികള്‍ നടത്തിയ റാഗിംഗില്‍ വിദ്യാര്‍ത്ഥിയുടെ ചെവിക്ക് ഗുരുതര പരിക്കേറ്റു. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലാണ് സംഭവം. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയുടെ കര്‍ണ്ണപുടം തകര്‍ന്നു. ആക്രമണം നടത്തിയ എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു.

ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ദില്‍ഷാദാണ് സീനീയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായത്. കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്‌ബോള്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ദില്‍ഷാദിനെ ആക്രമിക്കുകയായിരുന്നു. പത്തംഗ സംഘത്തിന്റെ മര്‍ദ്ദനത്തില്‍ ദില്‍ഷാദിന്റെ ചെവിയുടെ കര്‍ണ്ണപുടം തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ദില്‍ഷാദിനെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വുഷു താരമായ ദില്‍ഷാദ് കഴിഞ്ഞ തവണ ദേശീയ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റതിനാല്‍ ഈയാഴ്ച നടക്കുന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന ആശങ്കയിലാണ് ദില്‍ഷാദ്. എംഎസ്എഫ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന ഗ്യാങ്ങിന്റെ പേരിലാണ് റാഗിംഗ് നടത്തിയത്. എം എസ് എഫ് പ്രവര്‍ത്തകരായ മുഹമ്മദ് ഷിബില്‍, ഷനില്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന മറ്റ് നാല് പേര്‍ക്കെതിരെയുമാണ് മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷങ്ങളിലും സമാനരീതിയിലുള്ള ആക്രമണങ്ങള്‍ ഇവിടെ നടന്നിരുന്നു.

you may also like this video