24 April 2024, Wednesday

ഹരിതയുടെ പരാതി ;എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ നവാസ് അറസ്റ്റിൽ

Janayugom Webdesk
കോഴിക്കോട്
September 10, 2021 9:07 pm

സ്ത്രീത്വത്തെ അപമാനിച്ചെന്ന എംഎസ്എഫിന്റെ വനിതാ വിഭാഗമായ ‘ഹരിത’ നേതാക്കളുടെ പരാതിയിൽ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് അറസ്റ്റിൽ. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നവാസിനെ ജാമ്യത്തിൽ വിട്ടു. മൊഴിയെടുക്കാനായി നവാസിനോട് ഹാജരാകാൻ ചെമ്മങ്ങാട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് സ്റ്റേഷനിൽ എത്തിയ നവാസിനെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് സ്വാഭാവിക നടപടിയെന്നായിരുന്നു നവാസിന്റെ പ്രതികരണം. പദവിയിൽ നിന്ന് നീക്കുന്നതടക്കമുള്ള പാർട്ടി സ്വീകരിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും നവാസ് വ്യക്തമാക്കി. നേരത്തെ ഹരിതയിലെ പത്ത് അംഗങ്ങൾ നവാസിനെതിരെ ലൈംഗിക അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതി വനിതാ കമ്മിഷന് നൽകിയിരുന്നു. ഈ പരാതി പിന്നീട് പൊലീസിന് കൈമാറുകയും നിയമനടപടികളിലേക്ക് കടക്കുകയുമായിരുന്നു.


ഇതു കൂടി വായിക്കുക: മുസ്‌ലിം ലീഗിനെതിരെ തുറന്ന പോരിന് ‘ഹരിത’; പാര്‍ട്ടിയില്‍ പുരുഷന്മാർ മുതലാളികളും സ്ത്രീകൾ തൊഴിലാളികളുമായി തുടരുന്നുവെന്ന് ഹരിത അധ്യക്ഷ


കേസെടുത്ത വെള്ളയിൽ പൊലീസ് പിന്നീട് ചെമ്മങ്ങാട് വനിതാ സി ഐയ്ക്ക് പരാതി കൈമാറി. തുടർന്ന് പരാതിക്കാരായ പെൺകുട്ടികളെ ചെമ്മങ്ങാട് സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴിയെടുക്കുകയും ചെയ്തിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകാൻ പെൺകുട്ടികൾ തീരുമാനിച്ചതിന് പിന്നാലെയാണ് നവാസിന്റെ അറസ്റ്റിലേക്ക് കടന്നത്.

വനിതാ കമ്മിഷന് നൽകിയ പരാതി പിൻവലിക്കാൻ മുസ്‌ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ഹരിത നേതാക്കൾ വഴങ്ങിയില്ല. തുടര്‍ന്ന് ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു. വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ, ഹരിത മുൻ സംസ്ഥാന ഭാരവാഹിയായ ഹഫ്സമോൾ എന്നിവരുൾപ്പെടെ രംഗത്ത് വന്നിരുന്നു. അതേസമയം അറസ്റ്റിന് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്നും നവാസല്ല മുസ്‌ലിം ലീഗാണ് ലക്ഷ്യമെന്നും എം കെ മുനീർ പ്രതികരിച്ചു. പൊലീസ് നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു.

Eng­lish sum­ma­ry;  MSF state pres­i­dent Nawaz arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.