August 9, 2022 Tuesday

ജനജാഗ്രതാ സദസ്സ്‌ ജനം ബഹിഷ്കരിച്ചു: പ്രസിഡന്റ്‌ മോഹിയായ എം ടി രമേശിനേറ്റത് കനത്ത തിരിച്ചടി

എസ് അഭിജിത്ത്
ആലപ്പുഴ
January 14, 2020 6:16 pm

പൗരത്വ നിയമത്തെ പറ്റി വിശദീകരിക്കുവാനായി മുതിർന്ന നേതാവ് വേദിയിലെത്തും മുമ്പെ അത് ബഹിഷ്കരിച്ചുകൊണ്ട് കടകൾ അടച്ച് വ്യാപാരികളും ജനങ്ങളും ഒഴിഞ്ഞു മാറിക്കൊണ്ട് നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയിരിക്കുകയാണ് ബി.ജെ.പി. കേന്ദ്രങ്ങൾ. ആലപ്പുഴയിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്സിൽ ആളുകളില്ലാതെ ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി പ്രസംഗിക്കേണ്ടിവന്നത് സംസ്ഥാന നേതാവ് എം.ടി. രമേശിനാണ്. മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിപാടിക്കായി പാർട്ടി പ്രവർത്തകർ കസേരകൾ നിരത്താൻ ആരംഭിച്ചതോടെ വ്യാപാരികൾ കടകളുടെ ഷട്ടറിടുകയായിരുന്നു.

സംഭവം ബി.ജെ.പിക്ക് മാത്രമല്ല പാർട്ടി സംസ്ഥാന പ്രസിഡണ്ടാക്കുവാൻ കൃഷ്ണദാസ് പക്ഷം ശക്തമായി വാദിക്കുന്ന എം.ടി.രമേഷിന് അപ്രതീക്ഷിതമായി ഏറ്റ രാഷ്ടീയ പ്രഹരം കൂടെയാണിത്. ശബരിമല സമരനായകൻ എന്ന പ്രതിച്ഛായയുള്ള കെ.സുരേന്ദ്രനാണ് പാർട്ടി പ്രസിഡണ്ടാകുവാനുള്ള സാധ്യത കൂടുതൽ എന്നാൽ സുരേന്ദ്രനെ പ്രസിഡണ്ടാക്കിയാൽ സഹരിക്കില്ല എന്ന നിലപാടാണ് എതിർ ചേരി കൈക്കൊണ്ടത്. കേന്ദ്ര നേതൃത്വവും ആർ.എസ്.എസും കിണഞ്ഞു ശ്രമിച്ചിട്ടും എം.ടി.രമേശിനെ പ്രസിഡണ്ടാക്കണം എന്ന പിടിവാശിലാണ് കൃഷ്ണദാസ് പക്ഷം. എന്നാൽ എം.ടി.രമേശിന് ജനപിന്തുണയില്ല എന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ.

ഇതിനെ ഒന്നുകൂടെ അരക്കെട്ടുറപ്പിക്കുന്നതാണ് ആലപ്പുഴയിലെ സംഭവ വികാസങ്ങൾ. പ്രദേശ വാസികൾ ബഹിഷ്കരിച്ച ചടങ്ങിൽ അവിടെ ഉണ്ടായിരുന്ന ഏതാനും പാർട്ടിക്കാർക്കും ഏതാനും പോലീസുകാർക്കും മുമ്പിൽ തന്റെ ലഘുപ്രസംഗം നടത്തി യോഗസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. സദസ് ശുഷ്കമായതിനാൽ മറ്റു നേതാക്കളും പ്രസംഗം ചുരുക്കി. വലിയ തോതിലുള്ള പ്രചാരണങ്ങളും മുന്നോരുക്കങ്ങളും നടത്തി സംഘടിപ്പിച്ച പരിപാടി ദയനീയമായി പരാജയപ്പെട്ടത് വലിയ നാണക്കേടായി എന്നാണ് അണികൾക്കിടയിലെ സംസാരം. മുൻ കൂട്ടി നിശ്ചയിച്ച് വാർത്തയാക്കുവാനായി കടകൾ അടച്ചതാണെന്ന് ഒരു വിഭാഗം പറയുമ്പോൾ എം.ടി.രമേശിന് ജനങ്ങൾക്കിടയിൽ സ്വാധീനം ഇല്ലാത്തതാണ് കാരണമെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് രാഷ്ടീയമായി കനത്ത വെല്ലുവിളികൾ നേരിടുന്ന ബി.ജെ.പിക്ക് നേതൃത്വം നൽകുവാൻ ഗ്രൂപ്പ് താല്പര്യം മുൻ നിർത്തി എം.ടി.രമേശിന് വിട്ടു നൽകിയാൽ അത് പാർട്ടിക്ക് കൂടുതൽ ക്ഷീണം ഉണ്ടാക്കുമെന്നാണ് ആലപ്പുഴ സംഭവം നൽകുന്ന സൂചന. ആലപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തിൽ രമേശിനെ ഒഴിവാക്കി സമവായത്തിലൂടെ എ.എൻ.രാധാകൃഷണൻ ഉൾപ്പെടെ മറ്റാർക്കെങ്കിലും പ്രസിഡന്റ്‌ സ്ഥാനം നൽകുവാൻ കൃഷ്ണദാസ് പക്ഷവും നിർബന്ധിതമായേക്കും.

YOU MAY ALSO LIKE THIS:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.