പ്രതിഭാധനനായ എം ടിപ്രതിഭാധനനായ എം ടി

Web Desk
Posted on January 08, 2018, 7:44 pm

ഭരതന്നൂര്‍ ഡോ. സി വസന്തകുമാരന്‍

മലയാള നാടിനും ഭാഷയ്ക്കും സമാനതകളില്ലാത്ത അമൂല്യസംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന എം ടി ‘സിനിക്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നു. മാടത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലുള്ള കുടലൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ടി നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും ഇളയമകനായി 1933 ജൂലൈ മാസം 15-ാം തീയതി ജനിച്ചു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ബാലസാഹിത്യകാരന്‍, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളില്‍ ഖ്യാതി ആര്‍ജ്ജിച്ചിട്ടുള്ള അദ്ദേഹം അധ്യാപകനായും പത്രാധിപരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാത്രമല്ല, അദ്ദേഹം ഒരു യഥാര്‍ത്ഥ പരിസ്ഥിതിവാദിയും കൂടിയാണ്. അദ്ദേഹത്തിന്റെ സാഹിത്യരചനകളില്‍ സാമൂഹികമായ വിഷയങ്ങളോടൊപ്പം പാരിസ്ഥിതിക വിഷയങ്ങള്‍ക്കും മുന്തിയസ്ഥാനം നല്‍കിയിട്ടുള്ളതായി നമുക്ക് ഏവര്‍ക്കും ദര്‍ശിക്കുവാന്‍ സാധിക്കും. നിലവിലുള്ള എട്ടാംതരത്തിലെ മലയാള ഭാഷാ പുസ്തകത്തില്‍ നല്‍കിയിട്ടുള്ള ‘കുപ്പായം’ എന്ന പാഠഭാഗത്ത് പരാമര്‍ശിച്ചിട്ടുള്ള അനിതരസാധാരണമായ ഭാഷാശൈലിയും ആശയങ്ങളും അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ ഏതൊരുകുട്ടിക്കും നേരിട്ട് അനുഭവവേദ്യമാക്കുവാന്‍ പര്യാപ്തമാണ്.

വിദ്യാഭ്യാസം

കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് അദ്ദേഹം വിദ്യാഭ്യാസം ആരംഭിച്ചത്. തുടര്‍ന്ന് മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമാരനെല്ലൂര്‍ ഹൈസ്‌കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്നും രസതന്ത്രം ഐച്ഛിക വിഷയമെടുത്ത് ഉപരിപഠനം പൂര്‍ത്തിയാക്കി.

പ്രധാന സേവനമേഖലകള്‍

മാതൃഭൂമി പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍, തുഞ്ചന്‍ സ്മാരക സമിതി അധ്യക്ഷന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സാഹിത്യമേഖലകളിലെ സുപ്രധാന സംഭാവനകള്‍

അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സാഹിത്യരചനകള്‍ക്ക് തുടക്കം കുറിച്ചു. വിക്‌ടോറിയ കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ആദ്യത്തെ കഥാസമാഹാരമായ രക്തംപുരണ്ട മണ്‍തരികള്‍ പ്രസിദ്ധീകരിച്ചത്. 1954‑ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി ദിനപത്രം നടത്തിയ കഥാമത്സരത്തില്‍ അദ്ദേഹത്തിന്റെ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതോടെ മലയാള സാഹിത്യത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരനായി എം ടി മാറി. 1957‑ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സബ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്ന കാലഘട്ടത്തിലാണ് ‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ പുറത്തുവന്നത്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ നോവലായ ‘നാലുകെട്ടി‘ന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. അതിനുശേഷം പ്രസിദ്ധീകരിച്ച ‘സ്വര്‍ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. 1963 — 64 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി സിനിമാലോകത്തേയ്ക്ക് എം ടി പ്രവേശിച്ചു. 1970‑ല്‍ ‘കാലം’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അവാര്‍ഡ് ലഭിച്ചു. 1973‑ല്‍ ആദ്യമായി അദ്ദേഹം സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചലച്ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണപ്പതക്കം ലഭിച്ചു. 1985‑ല്‍ ‘രണ്ടാമൂഴ’ത്തിന് വയലാര്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. 50-ലധികം തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുപ്രാവശ്യം ഈ മേഖലയില്‍ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. അവ യഥാക്രമം 1990‑ല്‍ ഒരു വടക്കന്‍ വീരഗാഥയ്ക്കും 1992‑ല്‍ ‘കടവി‘നും 1993‑ല്‍ ‘സദയ’ത്തിനും 1995‑ല്‍ ‘പരിണയ’ത്തിനും ആയിരുന്നു. 2005‑ല്‍ മാതൃഭൂമി പുരസ്‌കാരവും എം ടിക്കുതന്നെയാണ് ലഭിച്ചത്.

സാഹിത്യരംഗത്തെ അമൂല്യസംഭാവനകള്‍ക്കുള്ള അംഗീകാരം

ഭാരതത്തിലെ സാഹിത്യരംഗത്തെ എറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995‑ല്‍ എം ടിക്ക് ലഭിച്ചു. 1996‑ല്‍ മലയാള സാഹിത്യത്തിന് നല്‍കിയ അമൂല്യ സംഭാവനകള്‍ പരിഗണിച്ചുകൊണ്ട് കാലിക്കറ്റ് സര്‍വകലാശാല അദ്ദേഹത്തിന് ബഹുമാനസൂചകമായി ഡി ലിറ്റ് ബിരുദം നല്‍കി. 2005‑ല്‍  എം ടിക്ക് പത്മഭൂഷണ്‍ ബഹുമതി നല്‍കി രാഷ്ട്രം ആദരിക്കുകയുണ്ടായി. 2013‑ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് അദ്ദേഹത്തിന് നല്‍കി.

ഇതര പുരസ്‌കാരങ്ങള്‍

മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം (ബന്ധനം, 1978)മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം (കടവ്, 1991) മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം (കേരളവര്‍മ്മ പഴശ്ശിരാജ, 2009)എഴുത്തച്ഛന്‍ പുരസ്‌കാരം (2011)ജെ സി ഡാനിയേല്‍ പുരസ്‌കാരം (2013)പ്രധാന കൃതികള്‍ നോവല്‍മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍ വെളിച്ചവും, അറബിപ്പൊന്ന് (എന്‍ പി മുഹമ്മദുമായി ചേര്‍ന്നെഴുതിയത്), രണ്ടാമൂഴം, വാരണാസി തുടങ്ങിയവ.കഥകള്‍ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേട്ടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാര്‍-എസ്-സലാം, രക്തം പുരണ്ട മണ്‍തരികള്‍, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെര്‍ലക്ക്, ഓപ്പോള്‍, നിന്റെ ഓര്‍മ്മയ്ക്ക് എന്നിവ.

തിരക്കഥകള്‍

ഓളവും തീരവും, മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, നഗരമേ നന്ദി, അസുരവിത്ത്, പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേട്ടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതംഗമയ, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, ഋതുഭേദം, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്‌വാരം, സുകൃതം, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ എന്ന ചെറുകഥയെ ആശ്രയിച്ച്), തീര്‍ത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്), പഴശ്ശിരാജ, ഒരു പുഞ്ചിരി എന്നിവ.

ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും

നിര്‍മ്മാല്യം (1973), മോഹിനിയാട്ടം (ഡോക്യുമെന്ററി 1977), മഞ്ഞ് (1982), കടവ് (1991), ചെറുപുഞ്ചിരി (2000), തകഴി (ഡോക്യുമെന്ററി). മറ്റ് കൃതികള്‍ഗോപുരനടയില്‍ (നാടകം), കാഥികന്റെ കല, കാഥികന്റെ ഹെമിംഗ് വേ എന്നീ പ്രബന്ധങ്ങള്‍, ജാലകങ്ങളും കവാടങ്ങളും വന്‍കടലിലെ തുഴവള്ളക്കാര്‍, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി, രമണീയം, ഒരു കാലം, ആള്‍ക്കൂട്ടത്തില്‍ തനിയെ, മനുഷ്യര്‍ നിഴലുകള്‍ എന്നിവ.