Janayugom Online
mudiyanaya puthran

കാലത്തിനൊപ്പം മുടിയനായ പുത്രന്‍

Web Desk
Posted on October 07, 2018, 11:04 am

ലക്ഷ്മണ്‍ മാധവ്
മങ്ങിയ സന്ധ്യയില്‍ അരിച്ചിറങ്ങിയ ഇരുട്ടിന്റെ മറവില്‍, ബീഡിത്തീയുടെ കനല്‍ച്ചൂടില്‍, പുകച്ചുരുളിന്റെ നിഗൂഢതയില്‍ അവന്റെ ചിന്തകള്‍ നുരഞ്ഞുയര്‍ന്നു. ഏതോ കുത്സിതത്തിന്റെ ആവേശവും അസ്വസ്ഥതയും ത്രസിപ്പിച്ചു. ആര്‍ത്തിപൂണ്ട കണ്ണുകള്‍ അകലേക്കു പാഞ്ഞു. അത്.… അവള്‍ തന്നെ ചാത്തന്‍ പുലയന്റെ മകള്‍ ചെല്ലമ്മ. പൂത്തുലഞ്ഞ യൗവനത്തിന്റെ കറുത്ത മാദകമായി നിഷ്‌കളങ്കതയില്‍ ലയിച്ച് അവള്‍ അതുവഴി വന്നു. ചോദ്യം ചെയ്യപ്പെടാനാവാത്ത അഹങ്കാരത്തിന്റെ അലര്‍ച്ചയില്‍ അവന്‍ അവള്‍ക്കുമേല്‍ ചാടി വീണു. നിലവിളിച്ച് കുതറി മാറുന്നതിനിടയില്‍ അവള്‍ അവന്റെ കൈത്തണ്ടയില്‍ കടിച്ചു. അവന്റെ ബലിഷ്ഠ കരങ്ങള്‍ മുറുകിയപ്പോള്‍ കുപ്പിവളകള്‍ ഉടഞ്ഞ് അവളുടെ കൈയില്‍ മുറിവേറ്റു. കാലത്തിനു മായ്ക്കാനാവാത്ത രണ്ട് മുറിവുകള്‍ പരസ്പരം അടയാളപ്പെടുത്തിക്കൊണ്ട് അവര്‍ ഇരു വഴികളിലേക്കു പോയി. സകലമാന ദുശ്ശീലങ്ങളുടെയും സ്വഭാവദൂഷ്യത്തിന്റെയും അഹങ്കാരത്തിന്റെയും ആള്‍രൂപമായി അവന്‍ അവതരിച്ചു, മുടിയനായ പുത്രന്‍.
1957ല്‍ കെപിഎസി അവതരിപ്പിച്ച ‘മുടിയനായ പുത്രന്‍’ എന്ന നാടകം പതിറ്റാണ്ടുകള്‍ കടന്ന് കാലാനുസാരിയായി ഒരിക്കല്‍ കൂടി അരങ്ങിലെത്തുന്നു. ഭൂവുടമയില്‍ അധിഷ്ഠിതമായ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഭൂമികയില്‍ തെമ്മാടിയാകേണ്ടി വന്ന ഒരു മേലാളന്റെ മാനസാന്തരത്തിലൂടെ സ്‌നേഹമെന്ന മഹത്തായ സന്ദേശം നല്‍കുകയാണ് ഈ നാടകം. അരങ്ങേറുമ്പോള്‍ നാടകമെഴുതി സംവിധാനം ചെയ്ത തോപ്പില്‍ ഭാസിയും ഗാനങ്ങളെഴുതിയ ഒഎന്‍വി കുറുപ്പും സംഗീതം ചെയ്ത ദേവരാജന്‍ മാഷും രംഗപടമെഴുതിയ ആര്‍ട്ടിസ്റ്റ് കേശവനും നമ്മോടൊപ്പമില്ല. ശീര്‍ഷക കഥാപാത്രമായ മുടിയനായ പുത്രന്‍ എന്ന കളീക്കല്‍ രാജനെ ആദ്യമായി അവതരിപ്പിച്ച ഒ മാധവനും തുടര്‍ന്ന് വന്ന കെ പി ഉമ്മറും അരങ്ങൊഴിഞ്ഞു. അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇന്നും ജീവിക്കുന്നു.
ഫ്യൂഡല്‍ വ്യവസ്ഥിതിയോടും മുതലാളിത്തത്തോടും കലഹിച്ച് ധിക്കാരിയും നിഷേധിയുമായി മാറിയ കളീക്കല്‍ രാജന്‍ സ്‌നേഹിച്ച രാധയെന്ന പെണ്‍കുട്ടി, കോണ്‍ട്രാക്ടറായ ജ്യേഷ്ഠന്‍ ഗോപാലപിള്ളയുടെ ഭാര്യയാകുന്നത് കണ്ടു നില്‍ക്കേണ്ടി വരുന്നു. ജ്യേഷ്ഠന്റെ ഭാര്യ ആയതിനു ശേഷം സഹോദരനെ പോലെ കാണുന്ന രാജന്റെ ക്രൂരമായ പെരുമാറ്റം രാധയെ വേദനിപ്പിക്കുന്നു. പതിയിരുന്ന് പുലയത്തി ചെല്ലമ്മയുടെ കൈയില്‍ കടന്നുപിടിച്ച് സ്ത്രീയോടുള്ള വിദ്വേഷത്തിന്റെ ആക്കം കൂട്ടുന്നു. അനുജനായ രാജനെ ശത്രുവായി കാണുന്ന ഗോപാലപിള്ളയ്ക്ക് അമ്മയോട് അനുസരണക്കേടും ഭാര്യയോട് രാജനെ ചേര്‍ത്ത് സംശയവുമാണ്. ഗോപാലപിള്ള ഗുണ്ടകളെ വിട്ട് രാജനെ അടിച്ചു വീഴ്ത്തുന്നു. അവശനായ രാജന് രക്ഷകനായി തൊഴിലാളി നേതാവായ വാസു എത്തുന്നു. ചാത്തന്‍ പുലയന്റെ കുടിലില്‍ അഭയം പ്രാപിക്കേണ്ടി വരുന്ന രാജന്‍ പുലയരുടെ നിഷ്‌ക്കളങ്കതയില്‍ നിന്ന് സ്‌നേഹമെന്തെന്ന് അറിയുന്നു. ചാത്തന്റെ മകള്‍ ചെല്ലമ്മയുടെ ആത്മാര്‍ത്ഥമായ പരിചരണം രാജന്റെ മനസ്സിനെ മാറ്റി നല്ല മനുഷ്യനാക്കുന്നു. ക്രമേണ ചെല്ലമ്മ രാജന്റെ പ്രേമഭാജനമാകുന്നു. തൊഴിലാളികളുടെ അവകാശസമരത്തിനിടയില്‍ ഗോപാലപിള്ളയുടെ ഗുണ്ടയായ കരടി കുട്ടപ്പന്‍ കൊല്ലപ്പെടുന്നു. രാജനാണ് കൊലയാളിയെന്ന് ഗോപാലപിള്ള കള്ള സാക്ഷി പറയുന്നതോടെ നിരപരാധിയായ രാജന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. രാധയുടെ കൈയില്‍ നിന്ന് സഹോദരനെ പോലെ ഒരു കപ്പ് ചായ കുടിക്കാനും ചെല്ലമ്മയുടെ കൈയില്‍ കുപ്പിവളയണിയിച്ച് അവളെ അമ്മയെ ഏല്പിക്കാനും അന്ത്യാഭിലാഷം പറയുന്ന ജയിലിലെ ട്രാജിക് എന്‍ഡില്‍ നാടകത്തിന് തിരശ്ശീല വീഴുന്നു.
അറുപത് വര്‍ഷത്തിനു ശേഷം മൂടിയനായ പുത്രന്റെ അരങ്ങ് വീണ്ടുമുണരുമ്പോള്‍ മാറിയ കാലത്തിന്റെ സങ്കേതങ്ങള്‍ നാടകാവതരണത്തെ സ്വാധീനിച്ചിട്ടില്ല. അതിഭാവുകത്വമോ ഭ്രമ കല്പനയോ സൃഷ്ടിക്കാതെ, ഇതിവൃത്തത്തെ ജീവിതഗന്ധിയാക്കുന്ന സംഭാഷണങ്ങളും വസ്ത്രധാരണവും പശ്ചാത്തല സംഗീതവും പ്രകാശവിതാനവും പഴയതുപോലെ തന്നെ നിലനിര്‍ത്തിയിരിക്കുന്നു. ആര്‍ട്ടിസ്റ്റ് സുജാതന്റെ രംഗപടം ഏറ്റവും വലിയ ആകര്‍ഷണമായി മാറുന്നു. ജീവിതത്തിന്റെ പരിഛേദമായി നാടകം അരങ്ങിനെ സജീവമാക്കുമ്പോള്‍ 1957ല്‍ കേരളം ഇങ്ങനെ ആയിരുന്നെന്നും ഇതുപോലൊരു വ്യവസ്ഥിതി ഉണ്ടായിരുന്നെന്നും പുതിയ തലമുറയ്ക്ക് അറിയാന്‍ കഴിയുന്നു. കെ എസ് ജോര്‍ജ്, ദേവരാജന്‍ മാഷ്, കെപിഎസി സുലോചന എന്നിവരുടെ പാടിപ്പതിഞ്ഞ പാട്ടുകള്‍ നാടകത്തില്‍ അതേപടി നിലനിര്‍ത്തിക്കൊണ്ട് നാടകഗാനങ്ങളുടെ പ്രസക്തി തെളിയിക്കുകയാണ് കാലത്തിനതീതമായ ഈ നാടകം.
അന്‍പതുകളുടെ സാമൂഹിക പശ്ചാത്തലം മാറാതെ കാലത്തോടൊപ്പമോ കാലാതീതമായോ മുടിയനായ പുത്രന്‍ സഞ്ചരിക്കുകയാണ്. അഭിനേതാക്കളുടെ ശരീരഭാഷയും ഗ്രാമീണതയുടെയും വീടിന്റെയും രംഗപടവും നാട്ടിന്‍പുറ സംഭാഷണവും പ്രേക്ഷമനസ്സിനെ ഗൃഹാതുരമാക്കുന്നു. നാടകത്തിന്റെ ഗതിയും വളര്‍ച്ചയും പച്ചയായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തോപ്പില്‍ ഭാസി എന്ന നാടകകാരന്റെ മാനുഷിക നീതിബോധത്തിന്റെ കൈയൊപ്പിന് അടിവരയിടാന്‍ പുനരവതരണ സംവിധാന സഹായിയായ കെപിഎ സി രാജേന്ദ്രന്റെ പരിശ്രമം വിജയിക്കുന്നുണ്ട്.
ഒ മാധവനും കെ പി ഉമ്മറും അഭിനയചക്രവര്‍ത്തി സത്യനും സായികുമാറുമൊക്കെ അഭിനയിച്ചു ഫലിപ്പിച്ച മുടിയനായ പുത്രന്‍ പുനരവതരിപ്പിക്കാന്‍ രാജ്കുമാര്‍ ഏറ്റെടുത്ത ദൗത്യം ലക്ഷ്യം കാണുന്നു. ചെല്ലമ്മ എന്ന നായിക കഥാപാത്രത്തെ പൂര്‍ണ്ണതയോടെ അവതരിപ്പിച്ച കെപിഎസി സുലോചനയോളം എത്തുന്നുണ്ട് പുനരവതരണത്തില്‍ നായിക വേഷത്തിലെത്തുന്ന അനിത. നകുലന്‍ അഴീക്കലിന്റെ ചാത്തന്‍ പുലയന്‍ ശക്തനാണ്. തമാശയ്ക്കു വേണ്ടി തമാശ പറയാതെ സാധാരണ സംസാരത്തിലൂടെയും മാനറിസത്തിലൂടെയും കെ കെ വിനോദിന്റെ ശാസ്ത്രി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു. ധാര്‍ഷ്ട്യത്തിന്റെ നെഗറ്റീവുകളില്‍ കനിതര്‍ യാദവിന്റെ കോണ്‍ട്രാക്ടര്‍ ഗോപാലപിള്ള മികച്ചു നില്‍ക്കുന്നു. കെപിഎസി കലേഷിന്റെ വാസുവും മുഹമ്മദ് കുറുവയുടെ കരയോഗം കൃഷ്ണന്‍ നായരും ഷെല്‍വിയുടെ കൊച്ചു കുഞ്ഞും ഒട്ടും പിന്നിലല്ല. മുടിയനായ പുത്രന്റെ അമ്മയുടെ ആവലാതികളും ദു:ഖവും താമരക്കുളം മണിയുടെ അഭിനയത്തില്‍ ആവോളമുണ്ട്. ചേട്ടന്റെ ഭാര്യ രാധയായി സീതയും സഹോദരിയായി സ്‌നേഹയും ഗ്രാമീണ നിഷ്‌കളങ്ക സ്ത്രീത്വത്തിന്റെ പ്രതീകമാകുന്നു.
മുടിയനായ പുത്രന്‍ പഴയ കാലഘട്ടത്തിന്റെ മാത്രം നാടകമല്ല. ജാതി വ്യവസ്ഥയും അസമത്വവും അരക്ഷിതാവസ്ഥയും ഭീകരമാക്കിയ ഫ്യൂഡല്‍ വ്യവസ്ഥിതിയെ സമകാലിക സമൂഹം തിരിച്ചറിയുന്നതോടൊപ്പം അതിനു മാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിനും നാടകം അവസരമൊരുക്കുകയാണ്. മനുഷ്യനെ നല്ലവനാക്കുന്നതും തെമ്മാടിയാക്കുന്നതും ഒരേ സമൂഹമാണ്. മേല്‍ക്കോയ്മകള്‍ ഒരു മഹാ ഭൂരിപക്ഷത്തെ കീഴ്‌വഴക്കങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നിഷേധികളാവുന്നവരും പ്രതികരിക്കുന്നവരും അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ ഈ ആധുനികതയിലും തുടരുന്നു. കുടുംബത്തിനും സമൂഹത്തിനും തുണയാകേണ്ട യുവത്വം വഴിതെറ്റി, അസ്വസ്ഥതകള്‍ സൃഷ്ടിക്കുമ്പോള്‍ സാമൂഹിക സമാധാനം ഇല്ലാതാകുന്നു. കുടുംബ ബന്ധങ്ങള്‍ തകരുന്നു. ജന്മിത്വവും മുതലാളിത്തവും സമകാലിക സമൂഹത്തില്‍ പരിഷ്‌കൃത രൂപത്തിലുണ്ട്. ദിശാബോധമില്ലാതെ പൊതു സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുന്ന മുടിയനായ പുത്രന്മാരെ നന്മയിലേക്ക് നയിക്കുകയും തത്ത്വശാസ്ത്രത്തിന്റെ പേജുകളില്‍ എവിടെയെങ്കിലും സ്‌നേഹവും എഴുതിച്ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് ഈ നാടകം. അതു കൊണ്ടുതന്നെ മുടിയനായ പുത്രന്‍ കാലഘട്ടങ്ങളെ വിമര്‍ശിച്ചുകൊണ്ടേയിരിക്കും.