മുഖച്ചാര്‍ത്ത്

Web Desk
Posted on June 24, 2018, 10:41 pm
ചിത്രം: സുരേഷ് ചൈത്രം

മനു പോരുവഴി

കളിവിളക്കിന്റെ നാളത്തില്‍ ആടിത്തിമിര്‍ക്കുന്ന കളിയാട്ടങ്ങള്‍ക്ക് ഭാവത്തിന്റെ നിറപ്പകര്‍ച്ച നല്‍കാന്‍ പിന്നണിയില്‍ ഇമ ചിമ്മാത്ത കണ്ണുകളും വിറയ്ക്കാത്ത കൈവിരലുകളുമുണ്ടായിരിക്കും. എണ്ണയില്‍ ചാലിച്ച നിറങ്ങള്‍ പച്ച ഈര്‍ക്കിലില്‍ തൊട്ട് ആട്ടക്കാരന്റെ മുഖപടത്തിലേക്ക് പകര്‍ത്തുമ്പോള്‍ ചുട്ടി കലാകാരന്‍ അവന്റെ ആത്മാംശം തന്നെ കഥകളിക്ക് പകര്‍ന്നു നല്‍കുകയാണ്. അധികമാരും അറിയാത്ത പിന്നണിയില്‍ മാത്രം നിന്ന് തന്റെ ചായക്കൂട്ടില്‍ കഥാസരിത്‌സാഗരം വിരിയുന്നത് നോക്കിനിന്നിരുന്ന മുതുപിലാക്കാട് ചന്ദ്രശേഖരപിള്ളയെന്ന ചുട്ടി കലാകാരനെ തേടി ലളിതകലാ അക്കാഡമി പുരസ്‌കാരമെത്തിയത് അര്‍ഹതയ്ക്കുള്ള അംഗീകാരമായാണ്. തേവലപ്പുറത്തെ കുടുംബ വീട്ടില്‍ നില്‍ക്കുമ്പോഴാണ് കേരള സാഹിത്യ അക്കാഡമി സെക്രട്ടറി രാധാകൃഷ്ണന്റെ വിളിയെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അക്കാഡമിയുടെ ഗുരുപൂജാ പുരസ്‌കാരം ലഭിച്ചുവെന്ന വാര്‍ത്ത ശരിക്കും ഞെട്ടിച്ചു. അപേക്ഷിക്കാതെ തന്നെ തേടിയെത്തിയ അംഗീകാരത്തില്‍ ആ നിമിഷം വലിയ സന്തോഷം തോന്നി.

കൊല്ലം കുന്നത്തൂര്‍ മുതുപിലാക്കാട് കിഴക്ക് പുതുവീട്ടില്‍ ബാലകൃഷ്ണപിള്ളയുടേയും പങ്കജാക്ഷിയമ്മയുടേയും മകനായി നാല്‍പ്പത്തിയേഴിലാണ് ഇന്ന് നാടറിയുന്ന ചന്ദ്രശേഖരപിള്ളയെന്ന ചുട്ടി കലാകാരന്‍ ജനിച്ചത്.കഥകളിയെന്ന കലാരൂപത്തോട് ചെറുപ്രായത്തില്‍ തോന്നിയ അഭിനിവേശമാണ് ഈ കലയില്‍ പൂര്‍ണ്ണമായും അലിഞ്ഞു ചേരുന്നതിനിടയാക്കിയത്.അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ കഥകളി കാണാന്‍ പോകുന്നത് പതിവായിരുന്നു. കളിയോടൊപ്പം ക്ഷേത്രത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചിരുന്ന കഥകളി കളരിയും ഇതിലേക്ക് മനസ്സിനെ എത്തിക്കുന്നതിനിടയാക്കി.
ചെറുപ്രായത്തില്‍ ഹൃദയത്തില്‍ രൂപമെടുത്ത ഈ ആഗ്രഹത്തില്‍ നിന്നാണ് കഥകളിയെന്ന കലാരൂപത്തിന്റെ ഭാഗ്യമാകാനെടുത്ത ഉറച്ച തീരുമാനം.

മുതുപിലാക്കാട് എന്‍ എസ് എസ് യു പി എസില്‍ ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച ശേഷം തയ്യല്‍ പഠനത്തിനു ചേര്‍ന്നു. മനസിലെ ആഗ്രഹം കൊണ്ടാകാം വളരെ വേഗം തയ്യല്‍ പഠിച്ചെടുത്തു.സിനിമാ പറമ്പ് ജംഗ്ഷനില്‍ സ്വന്തമായി തുന്നല്‍ കടയും ഒപ്പം ആയൂര്‍വേദ ഏജന്‍സിയും ആരംഭിച്ചു. അപ്പോഴും കഥകളിയെന്ന സ്വപ്‌നം മനസില്‍ വല്ലാതെ തിരയിളക്കം സൃഷ്ടിച്ചു കൊണ്ടേയിരുന്നു.

ഈ കാലയളവിലാണ് ക്ഷേത്രത്തിലെ ശാന്തിക്കാരനായി വന്ന പോരുവഴി സ്വദേശി നീലമന ഈശ്വരന്‍ പോറ്റി ഒരു കഥകളിയോഗം വിലയ്ക്കു വാങ്ങിയത്. ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശനത്തിനൊപ്പം കിട്ടുന്ന സമയമൊക്കെ ഈശ്വരന്‍ പോറ്റിയോട് കഥകളിയെ കുറിച്ച് ചോദിക്കാന്‍ തുടങ്ങി. കലയോടുള്ള താല്‍പ്പര്യം മനസിലാക്കിയ അദ്ദേഹം ചുട്ടി കുത്തുന്നതിന് ആളില്ലാത്തതിനാല്‍ അഭ്യസിക്കാന്‍ കഴിയുമോ എന്നു ചോദിച്ചു. സമ്മതം അറിയിച്ചപ്പോള്‍ അദ്ദേഹം കഥകളി നടനായ മുതുപിലാക്കാട് പരമേശ്വരന്‍ കുട്ടി ആശാന്റെയടുത്തേക്ക് അയച്ചു. മൂന്നു മാസത്തെ പ്രാഥമിക പഠനത്തിനു ശേഷം നെടുവത്തൂര്‍ രാമചന്ദ്രന്‍ പിള്ള എന്ന ചുട്ടി ആശാനോടൊപ്പവും രണ്ടു വര്‍ഷം പഠിച്ചു കൊണ്ട് ചുട്ടി കലാകാരനായി രംഗത്തിറങ്ങി.
ഇരുപതാം വയസിലാണ് പാവുമ്പ മഹാദേവര്‍ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഗുരുവായ പരമേശ്വരന്‍ കുട്ടി ആശാന്റെ മുഖത്തു തന്നെ ചുട്ടി കുത്താന്‍ അവസരം ലഭിച്ചു. വലിയ ഭീതിയുണ്ടായിരുന്നെങ്കിലും മനസിനെ നിയന്ത്രിച്ച് മനോഹരമായി ചുട്ടി കുത്തി.ആദ്യമായി ചെയ്ത പച്ച വേഷം നന്നായതിന്റെ ആത്മവിശ്വാസത്തില്‍ പിന്നീട് ചെയ്തത് അന്നത്തെ പ്രശസ്തനായിരുന്ന ഹരിപ്പാട് രാമകൃഷ്ണപിള്ള ആശാന്റെ മുഖത്ത് ചെയ്ത കത്തിവേഷമായിരുന്നു. ആദ്യത്തെ ഈ രണ്ട് സംരംഭങ്ങളും നന്നായി ചെയ്യാന്‍ കഴിഞ്ഞതോടെ ഈ മേഖലയില്‍ ഉറച്ചു നില്‍ക്കാന്‍ മനസില്‍ തീരുമാനമെടുത്തു. ഏകദേശം മുപ്പത്തി അയ്യായിരത്തില്‍പ്പരം വേഷങ്ങള്‍ക്ക് വേഷപ്പകര്‍ച്ച നല്‍കുവാന്‍ ചന്ദ്രശേഖരപിള്ളയ്ക്ക് കഴിഞ്ഞു.

ഒരു വര്‍ഷത്തില്‍ ശരാശരി നൂറിലധികം കലാകാരന്‍മാര്‍ക്ക് ചുട്ടി കുത്താന്‍ കഴിയുന്നുണ്ട്. വലിയ തോതില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ജോലിയാണെങ്കിലും ശ്രദ്ധയോടു കൂടി ചെയ്താല്‍ ഇതിനെ അതിജീവിക്കാന്‍ കഴിയും. പഠനത്തേക്കാള്‍ മനസ്സിലെ കണക്കുകൂട്ടലുകളാണ് ചുട്ടിയുടെ കൃത്യതയ്ക്ക് പിന്നിലുള്ളത്.

പൂര്‍ണ്ണമായും രാസപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കി പ്രകൃതിദത്തമായ സാധനങ്ങാണ് ചുട്ടിയ്ക്ക് ഉപയോഗിക്കുന്നത്. അരിയും ചുണ്ണാമ്പും അരച്ചുള്ള മിശ്രിതം, സ്പിരിറ്റ് ഗം, പഞ്ഞി, ഡ്രായിംഗ് ഷീറ്റ്, എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നിറങ്ങള്‍ക്കു വേണ്ടി മനയോല, നീലം, ചായം, എന്നിവയും കണ്‍മഷി, സിങ്ക് വൈറ്റ്, എന്നിവയും ഉപയോഗിക്കാറുണ്ട്. അരിയും ചുണ്ണാമ്പും വെള്ളത്തിലും നിറങ്ങളെല്ലാം വെളിച്ചെണ്ണയിലും ചാലിച്ചാണ് ഉപയോഗിക്കുന്നത്. ആദ്യം മുഖത്തെ ഈര്‍പ്പം പൂര്‍ണ്ണമായും ഒഴിവാക്കും. ഇതിനു ശേഷം സ്പിരിറ്റ് ഗം പുരട്ടിയ ശേഷം പഞ്ഞി പിടിപ്പിച്ച് ഇതിന്റെ മുകളിലാണ് ചുട്ടി കുത്തുന്നത്.മുഖത്തിന് വേണ്ടി വരുന്ന പേപ്പറുകള്‍ അളവെടുത്ത് ഡ്രായിംഗ് പേപ്പറില്‍ മുറിച്ചെടുത്ത് ഉപയോഗിക്കും. പുരുഷവേഷങ്ങള്‍ക്കാണ് ചുട്ടിയുടെ ആവശ്യം വരുന്നത്. സ്ത്രീവേഷങ്ങള്‍ക്ക് ചുട്ടി കുത്താറില്ല.എന്നാല്‍ സ്ത്രീ, രാക്ഷസ വേഷങ്ങള്‍ക്ക് ചുട്ടി കുത്തല്‍ അനിവാര്യമാണ്.

പച്ച, കത്തി, താടി, കരി എന്നിങ്ങനെ നാലുതരം വേഷങ്ങളാണുള്ളത്. കത്തിവേഷങ്ങള്‍ക്ക് രണ്ടു മണിക്കൂര്‍ വരെയും താടി വേഷങ്ങള്‍ക്ക് ഒന്നര മണിക്കൂറും, പച്ച, കരിവേഷങ്ങള്‍ക്ക് മുക്കാല്‍ മണിക്കൂര്‍ സമയം വരെയും എടുക്കാറുണ്ട്. കത്തിച്ചുട്ടിയാണ് ഏറ്റവും സൗന്ദര്യമുള്ളത്. രാവണനും, ദുര്യോധനനുമൊക്കെ കത്തിച്ചുട്ടിയും, അര്‍ജ്ജുനന്‍ ‚കൃഷണന്‍ എന്നിവര്‍ക്ക് പച്ച ചുട്ടിയും, കാട്ടാള വേഷങ്ങള്‍ക്ക് കരിയും, ഹനുമാന് വെളുത്ത താടിയും, ബാലി- സുഗ്രീവന്‍ മാര്‍ക്ക് ചുവന്ന താടിയുമാണ് കുത്തുന്നത്. ശ്രദ്ധയോടെ ഈ ജോലിയില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ പരിസരം പോലും മറന്നു പോകും. അത്രയ്ക്ക് സൂഷ്മതയും ശ്രദ്ധയും ഈ ജോലിയ്ക്ക് ആവശ്യമാണ്.

കഥകളി കലാകാരന്‍മാര്‍ക്ക് ലഭിക്കുന്ന അംഗീകാരം അണിയറയില്‍ അധ്വാനിക്കുന്ന ചുട്ടി കലാകാരന്‍മാര്‍ക്ക് ഒരിക്കലും ലഭിക്കാറില്ല. പണ്ടുകാലത്തൊക്കെ മേളക്കാരേയും, ചുട്ടിക്കാരെയും, നടന്‍മാരേയും, അണിയറ പ്രവര്‍ത്തകരേയും കളിയോഗക്കാര്‍ ഒന്നിച്ചു വിളിക്കുകയായിരുന്നു പതിവ്. അന്നൊക്കെ തുച്ഛമായ വേതനമായിരുന്നു കിട്ടിയിരുന്നത്.ഇന്നത്തെ കാലഘട്ടത്തില്‍ ഇതിനു മാറ്റമുണ്ട്. കലാകാരന്‍മാരെ പ്രത്യേകം വിളിയ്ക്കുന്നതിനോടൊപ്പം ചുട്ടി, മേളം, എന്നിവരെയും പ്രത്യേകം പ്രത്യേകം ഇഷ്ടത്തിനനുസരിച്ച് ക്ഷണിയ്ക്കുന്നതിനാല്‍ ജീവിക്കാന്‍ കഴിയുന്ന തുക ലഭിക്കാറുണ്ട്. നാല്‍പ്പത്തിയെട്ട് വര്‍ഷങ്ങളിലായി കേരളത്തിനകത്തും പുറത്തും നിരവധി കലാകാരന്‍മാരുടെ മുഖത്ത് നവരസങ്ങള്‍ മിന്നി മറഞ്ഞപ്പോള്‍ അതിലൊരു ഭാഗമാകാന്‍ കഴിഞ്ഞതു തന്നെ തനിക്ക് ലഭിച്ച അംഗീകാരമായി അദ്ദേഹം കാണുന്നു.

പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി, ഹരിപ്പാട് രാമകൃഷണപിള്ള, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍, പത്മശ്രീ കലാമണ്ഡലം ഗോപി, ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള, ചമ്പക്കുളം പാച്ചുപിള്ള, വെള്ളനേഴി നാണു നായര്‍, മയ്യനാട് കേശവന്‍ നമ്പൂതിരി, കീഴ്പാടം കുമാരന്‍ നായര്‍, എന്നിങ്ങനെ നിരവധി പ്രഗല്‍ഭരുടെ ചുട്ടിക്കാരനായി മാറാന്‍ കഴിഞ്ഞിട്ടുണ്ട്. തയ്യല്‍ക്കട അടച്ചു പൂട്ടിയെങ്കിലും വരുമാനമില്ലാത്ത ഈ ജോലിയില്‍ നിന്നും ലഭിച്ച അംഗീകാരം അതിനേക്കാള്‍ എത്രയോ വലുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു വയ്ക്കുന്നു.

കഥകളിയെന്ന ക്ഷേത്രകലയുടെ അണിയറയില്‍ ചിലവഴിച്ച പ്രയത്‌നത്തിനും, പ്രതിഭയ്ക്കുമായി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. രണ്ടായിരത്തി പതിനഞ്ചിലെ ചുട്ടികലാകാരനുള്ള കേരള കലാമണ്ഡലം അവാര്‍ഡ് ‚കൊല്ലം കഥകളി ക്ലബ്ബ് അവാര്‍ഡ്, കേരള നാട്യധര്‍മ്മി പുരസ്‌കാരം, തകഴി മാധവക്കുറുപ്പ് സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് അവാര്‍ഡ്, എന്നിവ ലഭിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങളേക്കാള്‍ താന്‍ അണിയിച്ചൊരുക്കിയ വേഷങ്ങള്‍ അരങ്ങിലെത്തി ആടിത്തിമിര്‍ക്കുന്നതു കാണുമ്പോഴുള്ള ആത്മസംതൃപ്തിയാണ് വലുതെന്ന് ആശാന്‍ പറയുന്നു. അദ്ദേഹത്തിന്റെ കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവുമായി ഭാര്യ ഭാനുമതിയമ്മയും മക്കളായ ബിന്ദുവും സിന്ധുവും കൊച്ചുമക്കളും കൂടെയുണ്ട്. ജീവിതം പൂര്‍ണ്ണമായി ഈ ക്ഷേത്രകലയുടെ പുരോഗതിയ്ക്കു വേണ്ടി സ്വയം അര്‍പ്പിച്ചിരിക്കുകയാണ് ഈ കലാകാരന്‍.

ഫോട്ടോ : അനന്തു ചിത്രാഞ്ജലി