അഭിമന്യു കൊലക്കേസിൽ നിർണായക അറസ്റ്റ്

Web Desk
Posted on July 26, 2018, 11:12 am

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പിഎം മുഹമ്മദ് റിഫ അറസ്റ്റില്‍. കൊലയാളി സംഘത്തിനു സഹായം ചെയ്തുകൊടുത്ത ഫസലു എന്ന റഫസലുദ്ദീന്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം അറസ്റ്റിലായ മറ്റൊരു പ്രതി സനീഷിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. മുഹമ്മദ് റിഫ ദിവസങ്ങളായി പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നാണു സൂചന. എറണാകുളം പൂത്തോട്ട എസ്എന്‍ ലോ കോളജിലെ മൂന്നാംവര്‍ഷ നിയമവിദ്യാര്‍ഥിയായ ഇയാള്‍ കൊലപാതകം നടന്ന ജൂലൈ ഒന്നിനു മഹാരാജാസ് കോളജ് പരിസരത്തുണ്ടായിരുന്നു. ഇതിനു ശേഷം ലോ കോളജില്‍ എത്താതെ കണ്ണൂരിലേക്ക് കടന്നു. എറണാകുളം നോര്‍ത്ത് റയില്‍വെ സ്റ്റേഷന് സമീപത്തെ കൊച്ചിന്‍ഹൗസ് കേന്ദ്രീകരിച്ചു ജില്ലയിലെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത് റിഫയായിരുന്നു.
അഭിമന്യുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും കൊലയാളി സംഘത്തെ ഏര്‍പ്പാടാക്കിയതിലും റിഫ സുപ്രധാന പങ്കു വഹിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഒന്നാംപ്രതി മുഹമ്മദിന്റെ ഫോണിലേക്ക് കോളുകള്‍ പോയിട്ടുണ്ട്. അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണര്‍മാരായ സുരേഷ്‌കുമാര്‍, ലാല്‍ജി എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യുന്നതു തുടരുന്നു.