Janayugom Online
life theories janayugom

‘മുകളില്‍ ആകാശം, താഴെ ഭൂമി, നേരേ റോഡ്’

Web Desk
Posted on July 29, 2018, 8:03 am

സിനിമാമോഹികളായ ഒരുപറ്റം കോളജ് വിദ്യാര്‍ത്ഥികള്‍.… അവരുടെ കൂട്ടായ്മയുടെ പേര് ‘ലൈഫ് തിയറീസ് എന്റര്‍ടെയ്ന്‍മെന്റ്’. ഈ കൂട്ടായ്മയില്‍ നിന്നും ഉയിര്‍കൊണ്ട ഒരു സീറോബഡ്ജറ്റ് ഹ്രസ്വചിത്രമാണ് ‘മുകളില്‍ ആകാശം, താഴെ ഭൂമി, നേരേ റോഡ്’. കൊല്ലം നഗരത്തിന്റെ രാത്രികാല ഭംഗി ഫ്രെയിമുകളില്‍ പകര്‍ത്തിയ ഈ ഹ്രസ്വചിത്രത്തിന് പിന്നില്‍ കൊല്ലം ശ്രീനാരായണ കോളജിലെ ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍ ചിലരാണ്.
എംടിഎന്‍ എന്ന ചുചുരുക്കപ്പേരിലുള്ള, പതിനെട്ടര മിനിറ്റ് ദൈര്‍ഘ്യത്തിലുള്ള ഈ ചിത്രം ഒത്തൊരുമയോടെയുള്ള ഒരു സംഘത്തിന്റെ അധ്വാനമാണ്. പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാനാവാതെ ഒളിച്ചോടുന്ന വ്യക്തി, യാത്രാമദ്ധ്യേ കൊല്ലത്തുവച്ച് ജീവിതത്തെ പോസിറ്റീവായി മാത്രം കാണുന്ന ഒരാളെ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിവേക് എസ് നായര്‍, അമല്‍ വിഷ്ണു എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിച്ചത് മനു എം കുറുപ്പാണ്.

mtn Short film janayugom

വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിളെല്ലാം ചെയ്തത്. കഥാതന്തുവിന്റെ ഭൂരിഭാഗവും രാത്രിയിലായതിനാല്‍ ഒരു കാമറയും രണ്ട് ചെറിയ എല്‍ഇഡി ലൈറ്റുകളും മാത്രം ഉപയോഗിച്ച്, പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൃത്രിമത്വങ്ങളില്ലാതെ കൊല്ലം നഗരത്തിന്റെ സൗന്ദര്യം ചിത്രീകരിക്കുക എന്നത് അങ്ങേയറ്റം ശ്രമകരമായിരുന്നു. ക്യാമറ അനുബന്ധ ഉപകരണങ്ങളടെ സഹായമില്ലാതെ ഏഴ് രാത്രികളിലായി ക്യാമറാമാന്‍ അല്‍ജെറിയും ക്യാമറ അസോസിയേറ്റ് ആരോമലും തെരുവ് വിളക്കിന്റെ വെളിച്ചത്തിലാണ് കൊല്ലത്തിന്റെ രാത്രികാല ജീവിതം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്നതില്‍ എഡിറ്റര്‍ അനൂപിന്റെ പങ്കും ശ്രദ്ധേയമാണ്. ശബ്ദലേഖനത്തിലൂടെയും ശബ്ദ മിശ്രണത്തിലൂടെയും മികച്ച ഒരു ശബ്ദാനുഭവം കാഴ്ചവച്ചത് തിരുവനന്തപുരം സ്വദേശിയും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ വരുണ്‍ജോണ്‍ ആണ്. പശ്ചാത്തല സംഗീതം ജിതിന്‍ മാത്യു ജോര്‍ജ്ജ്, വരുണ്‍ ജോണ്‍ എന്നിവരാണ്. ഇവരെക്കൂടാതെ സായി ജയറാം, മനു എം എസ്, ഗോകുല്‍, സുഗതന്‍, നന്ദുഷ, അതുല്‍മോഹന്‍, കാര്‍ത്തിക് എന്‍, വിനായക് വി പിള്ള എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
കോളജിലെ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റേയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇവര്‍ ഈ ചെറിയ സിനിമ നിര്‍മ്മിച്ച് യുട്യൂബ് വഴി പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും തടസം കൂടാതെയുള്ള ചിത്രീകരണത്തിന് ഇവരെ സഹായിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തെ കഷ്ടപ്പാടിനും അധ്വാനങ്ങള്‍ക്കുമൊടുവില്‍ ഒരു സീറോബജറ്റ് ഹ്രസ്വചിത്രം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് ടീം ലൈഫ് തിയറീസ് എന്റര്‍ടെയ്ന്‍മെന്റ്.