ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ആസ്തിയിൽ 28 ശതമാനത്തിന്റെ കുറവ്. ഓഹരി വിപണിയിലുണ്ടായ തകർച്ചയെ തുടർന്ന് കഴിഞ്ഞ രണ്ടു മാസത്തിനിടെ പ്രതിദിനം 2,200 കോടിയുടെ നഷ്ടമാണ് അംബാനിയുടെ സമ്പത്തിൽ ഉണ്ടായത്. ഇതനുസരിച്ച് മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം അദ്ദേഹത്തിന്റെ സമ്പത്തിൽ 3.6 ലക്ഷം കോടിയുടെ ഇടിവ് ഉണ്ടായി. ആസ്തിയിൽ ഗണ്യമായ കുറവ് വന്നതോടെ ഹുറൺ ഗ്ലോബൽ റിച്ച് പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി എട്ട് സ്ഥാനം താഴ്ന്ന് 17 ൽ എത്തിയിരുന്നു. അതേസമയം മറ്റ് പ്രമുഖ ഇന്ത്യൻ വ്യവസായികളുടെ ആസ്തിയിലും വൻ ഇടിവാണ് വന്നിട്ടുള്ളത്.
ഗൗതം അഡാനിയുടെ സമ്പത്തിൽ 37 ശതമാനം (45,000 കോടി) എച്ച്സിഎൽ ടെക്നോളജി ചെയർമാൻ ശിവ് നാടാറിന്റെ സമ്പത്തിൽ 26 ശതമാനം (37,000 കോടി), ഉദയ് കോട്ടക്കിന്റെ സമ്പത്തിൽ 28 ശതമാന (30, 000 കോടി) ത്തിന്റെ ഇടിവും വന്നു. ഇതോടെ മൂവരും സമ്പന്നരുടെ പട്ടികയിലെ ആദ്യത്തെ 100 പേരിൽ നിന്നും പുറത്തായി. ഇതോടെ ഹുറൺ പട്ടികയിൽ ആകെയുള്ള ഇന്ത്യക്കാരൻ അംബാനി മാത്രമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് മാസത്തോളമായി ഇന്ത്യ ഓഹരി വിപണി വലിയ നഷ്ടമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതോടെ കമ്പനികളെല്ലാം ആഗോളതലത്തിൽ വലിയ തോതിൽ ഓഹരികൾ വിറ്റഴിച്ചിരുന്നു. ഇന്ത്യയിലെ വ്യവസായ പ്രമുഖരുടെ ഓഹരികളിൽ 26 ശതമാനത്തിന്റെ ഇടിവുണ്ടായി.
കൂടാതെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 5.6 ശതമാനത്തിന്റെ കുറവും ഉണ്ടായി. ഫ്രഞ്ച് ഫാഷൻ ഭീമനായ എൽവിഎംഎച്ച് എക്സിക്യൂട്ടീവ് ബെർനാഡ് അർനോൾട്ട് കഴിഞ്ഞാൽ ആഗോളതലത്തിൽ ആസ്തിയിൽ ഏറ്റവും കുറവുണ്ടായ ധനികൻ അംബാനിയാണെന്ന് ഹുറൺ റിപ്പോർട്ട് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അനസ് റഹ്‌മാൻ പറയുന്നു. പട്ടികയിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുള്ള കാർലോസ് സ്ലിം, ബിൽ ഗേറ്റ്സ്, മാർക്ക് സുക്കർബർഗം, ലാരി പേജ്, സെർഗേ ബ്രിൻ, മൈക്കൽ ബ്ലൂംബെർഗ് തുടങ്ങിയവരുടെ സമ്പത്തിലും ഇടിവുണ്ടായിട്ടുണ്ട്. 10 ലക്ഷം കോടി ആസ്തിയുള്ള ആമസോൺ സ്ഥാപകനാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ. എന്നാൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിൽ ഒമ്പത് ശതമാനത്തിന്റെ ഇടിവ് മാത്രമാണ് ഉണ്ടായത്. ഈ കാലയളവിൽ ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ ഏഴ് ലക്ഷം കോടി (14 ശതമാനം) യുടെ ഇടിവുണ്ടായി. അതേസമയം സമ്പന്നരിലെ ആദ്യത്തെ നൂറുപേരുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് മൂന്നും ചൈനയിൽനിന്ന് ആറും പേര്‍ക്ക് സ്ഥാനം നഷ്ടമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.