അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവം; പ്രധാനാധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Web Desk
Posted on May 29, 2019, 9:00 pm

കോഴിക്കോട്: മുക്കം നീലേശ്വരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരം ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ ഒന്നാം പ്രതിയായ പ്രധാനാധ്യാപിക കെ റസിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. സംഭവത്തിലെ രണ്ടും മൂന്നും പ്രതികളായ നിഷാദ് വി മുഹമ്മദ്, പി കെ.ഫൈസല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ചൊവ്വാഴ്ച തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് സൂചനയുണ്ട്.

വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ഇതേസമയം സംഭവം നടന്ന് മൂന്നാഴാചയോളമായിട്ടും അധ്യാപകരെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. അധ്യാപകര്‍ തൊട്ടടുത്ത ജില്ലയില്‍ രഹസ്യമായി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടും അറസ്റ്റ് വൈകുകയാണെന്നാണ് ആക്ഷേപം. മുക്കം സി ഐ കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവ ശേഷം ഒളിവില്‍ കഴിയുന്ന പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എവിടെയുമെത്തിയിട്ടില്ല. വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയെത്തുടര്‍ന്ന് അധ്യാപകര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഉണ്ടായാല്‍ മാത്രമേ കുട്ടികള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ എവിടെയെന്നത് സംബന്ധിച്ച് വ്യക്തത കൈവരൂ. കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കണമെങ്കിലും ഇത് ലഭിക്കേണ്ടതുണ്ട്. അധ്യാപകരെ നേരത്തെ തന്നെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.