Janayugom Online
M Mukundan

മുകുന്ദായനം

Web Desk
Posted on November 11, 2018, 4:31 pm

നാലപ്പാടം പത്മനാഭന്‍

ഴുത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് സ്വയം നവീകരിക്കുകയും ഏതുകാലത്തും നിലനില്‍ക്കാനുള്ള ത്രാണി ഉണ്ടാക്കുകയും ചെയ്ത എഴുത്തുകാരനാണ് എം മുകുന്ദന്‍. ഭൂമിയുടെ ഏതറ്റം വരെ പോയാലും മയ്യഴിക്കാരനായി മടങ്ങിയെത്തുന്ന നാട്ടുമ്പുറത്തുകാരന്‍. നാട്ടോര്‍മ്മകളെ ശിരസ്സിലേറ്റിയും നാട്ടു ഭാഷയെ നാവിലേറ്റിയും മലയാളിയുടെ സ്വത്വംപേറി നടക്കുന്ന അനശ്വര കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ഈ കഥാകാരന്‍. വള്ളത്തോള്‍ പുരസ്‌കാരത്തിനു പിന്നാലെ എഴുത്തച്ഛന്‍ പുരസ്‌കാരവും നേടി ശിരസ്സുയര്‍ത്തി നില്‍ക്കുകയാണ് എം മുകുന്ദന്‍. മന്ത്രതൂലികയാല്‍ വായനക്കൂട്ടങ്ങളെ മുമ്പേ തെളിച്ചു കൊണ്ടുപോകുന്ന കഥാകാരനുമായി നടത്തിയ അഭിമുഖത്തിന്റെ സാരസര്‍വ്വസ്വം.

മുകുന്ദന്‍ എന്ന ഗ്രാമീണന്‍

മയ്യഴിയിലെ നാട്ടുമ്പുറത്തെ ജീവിതമാണ് മുകുന്ദനെ എഴുത്തുകാരനാക്കിയത്. രോഗാതുരമായ കുട്ടിക്കാലത്ത് കൂട്ടുകാര്‍ ഓടിച്ചാടിക്കളിക്കുമ്പോള്‍ ജാലകത്തിലൂടെ കളി നോക്കി കിനാവുകണ്ട ഒരു കുട്ടിയുടെ സ്വപ്‌നങ്ങളാണ് പിന്നീട് പല കഥാപാത്രങ്ങളായി ജീവന്‍ വെച്ചത്. അത്രയൊന്നും ശാരീരിക അദ്ധ്വാനം ആവശ്യമില്ലാത്ത വായന ആ കുട്ടിയെ ലഹരി പിടിപ്പിച്ചു. വായനയില്‍ നിന്നും എഴുത്തിലേക്ക് എത്തിനോക്കിയപ്പോള്‍ എഴുത്തുകള്‍ക്ക് കിട്ടുന്ന പ്രശംസയും അധികാരവും വളരെ വിലപ്പെട്ടതാണെന്ന് ആ ചെറുപ്പക്കാരന് തോന്നി. അപ്പോള്‍ മലയാളത്തില്‍ ആധുനികതയുടെ ആരംഭകാലമായിരുന്നു. എന്താണ് ആധുനികത എന്ന് തിരിച്ചറിയുകയും ആധുനികതയുടെ ഉപലബ്ധികളായ കഥകളും നോവലുകളും എഴുതി പുതിയൊരു പ്രസ്ഥാനത്തിന്റെ നായക പദവിയിലേക്കു യരുകയും ചെയ്തു മുകുന്ദന്‍. 

‘മയ്യഴിപ്പുഴയുടെ തീരങ്ങള്‍’ ആണ് എം മുകുന്ദനെ ജനപ്രിയനാക്കിയത്. മയ്യഴിയുടെ ചരിത്രത്തോടൊപ്പം ദാസന്റെയും ചന്ദ്രികയുടെയും പ്രണയവും വായനക്കാര്‍ നെഞ്ചേറ്റി. അതേ സമയം ഭ്രമഭാവനകളിലും അസ്തിത്വദുഃഖത്തിലും അവസാനിക്കുന്ന ധാരാളം കഥകളും അക്കാലത്ത് എഴുതി. അരാജകജീവിതങ്ങളുടെ ആവിഷ്‌കാരമെന്ന നിലയില്‍ ‘ഹരിദ്വാറില്‍ മണി മുഴങ്ങുന്നു’ തുടങ്ങിയ കൃതികളും വാഴ്ത്തപ്പെട്ടു. മയ്യഴിയുടെ മണമുള്ള നാടന്‍ കഥാപാത്രങ്ങളും നഗരകാന്താരത്തില്‍ ഒറ്റപ്പെട്ടു പോകുന്ന ആധുനിക കഥാപാത്രങ്ങളും ഒരു പോലെ മുകുന്ദന്റെ തൂലികയില്‍ നിന്നും പിറവിയെടുത്തു. ആധുനികത എന്നത് പാരമ്പര്യത്തിന്റെ നിഷേധമല്ല എന്നും അത് പാരമ്പര്യത്തെ പുതിയ കാലത്തിന് അനുസൃതമായി പുതുക്കിപ്പണിയുന്ന സര്‍ഗാത്മക വൃത്തിയാണെന്നും എം മുകുന്ദന്‍ സാക്ഷ്യപ്പെടുത്തി.

നാട്ടുഭാഷയുടെ തമ്പുരാന്‍

ഡല്‍ഹിയില്‍ ഫ്രഞ്ച് എംബസിയില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോഴും തന്റെ നാട്ടുഭാഷയെ എം മുകുന്ദന്‍ മുറുകെപ്പിടിച്ചു. ഇംഗ്ലീഷും, ഹിന്ദിയും, ഫ്രഞ്ചും സംസാരിക്കുമ്പോഴും മയ്യഴിയിലെ ആദിതീയ്യന്റെ നാട്ടുവര്‍ത്തമാനങ്ങളും നാടന്‍ പ്രയോഗങ്ങളും കലര്‍പ്പില്ലാതെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഡല്‍ഹിയില്‍ പല നാട്ടുകാരായ മലയാളികളോട് സംസാരിക്കുമ്പോഴും അച്ചടിഭാഷ വായിക്കുമ്പോഴും തന്റെ നാട്ടുഭാഷ തേയ്മാനം വരാതെ നിലനിര്‍ത്തിയത് മുകുന്ദന്റെ ഉള്ളിലുള്ള ഗ്രാമീണനാണ്. കോട്ടും സ്യൂട്ടുമിട്ട് ജീവിക്കുമ്പോഴും തന്റെ എഴുത്തു മുറിയില്‍ തനിമയുള്ള പച്ച മനുഷ്യനായി ജീവിച്ച അദ്ദേഹം ‘ഡല്‍ഹി‘യും ‘ഡല്‍ഹിഗാഥ’കളും എഴുതി തന്റെ ഡല്‍ഹി ജീവിതത്തെ അടയാളപ്പെടുത്തിയിട്ടും അവസാനിക്കാത്ത കഥകളുടെ കലവറ മയ്യഴിയിലാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങിയെത്തി. 

മുമ്പേ നടക്കുന്ന മുകുന്ദന്‍

ആധുനികത കെട്ടടങ്ങി എന്ന് പറയുമ്പോഴും ആധുനിക ജീവിതത്തെ കഥകളിലും നോവലുകളിലും ആവിഷ്‌കരിച്ചു കൊണ്ടേയിരുന്നു അദ്ദേഹം. ‘നൃത്ത’ത്തില്‍ ഭാഷമാത്രമല്ല ശരീരഭാഷയും പ്രമേയമായി. വിവര സാങ്കേതിക വിദ്യയുടെ ആരംഭകാലത്ത് അതിനെയും പ്രമേയമാക്കി അദ്ദേഹം. ‘ഒരു ദളിത് യുവതിയുടെ കദനകഥ’യില്‍ ഒരു പക്ഷെ വര്‍ത്തമാന സമൂഹം ചര്‍ച്ച ചെയ്യുന്ന സ്ത്രീ സ്വത്വാവിഷ്‌കാരത്തിന്റെ ആദിമാതൃക സൃഷ്ടിച്ചു. ‘കേശവന്റെ വിലാപങ്ങ’ളില്‍ എം മുകുന്ദനിലെ രാഷ്ട്രീയ നിരീക്ഷകനെ കേരളീയ സമൂഹം തിരിച്ചറിഞ്ഞു. ‘ദൈവത്തിന്റെ വികൃതികളി‘ലൂടെ, ‘കുട നന്നാക്കുന്ന ചോയിയി‘ലൂടെ ‘നൃത്തം ചെയ്യുന്ന കുടകളി’ ലൂടെ മയ്യഴിയുടെ ഒടുങ്ങാത്ത ചരിത്രം പുനരാവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ് എം മുകുന്ദന്‍. എഴുതിക്കൊണ്ട് ജീവിക്കണമെന്നും വായിച്ചു കൊണ്ട് മരിക്കണമെന്നും ആഗ്രഹിക്കുന്ന എം മുകുന്ദന്‍ ഇനിയും ധാരാളം എഴുതിക്കൊണ്ട് അനേകകാലം ജീവിച്ചിരിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

 

- നാലപ്പാടം പത്മനാഭന്‍

സീനിയര്‍ പ്രൊഡ്യൂസര്‍

ദര്‍ശന ടി.വി

എരഞ്ഞിപ്പാലം തപാല്‍

കോഴിക്കോട്  673006

8547226366