മുള

Web Desk
Posted on July 14, 2019, 5:04 am

രാജു കാഞ്ഞിരങ്ങാട്

നിങ്ങള്‍ കവിതയെ കണ്ടിട്ടുണ്ടോ?
അത് പാടത്ത്, പറമ്പില്‍
തളര്‍ച്ചയിലും ഉത്സാഹം വിടാതെ
പണിയെടുക്കുന്നു
നേരവും കാലവും നോക്കാതെ.

അതിനു രസിപ്പിക്കുന്ന വാക്കോ
കൊതിപ്പിക്കുന്ന നോക്കോ
സോപ്പിട്ട് നടപ്പോ
ചാക്കിട്ട് പിടുത്തമോ അറിയില്ല
പച്ചയായ ജീവിതമല്ലാതെ.

അതിന് എടുപ്പോ തുടുപ്പോയില്ല
ഒളിഞ്ഞുനോട്ടമില്ല
ഞെളിഞ്ഞിരിപ്പില്ല
വാചക കസര്‍ത്തില്ല
നിശ്ശബ്ദം വന്ന്
മേലുടുപ്പില്ലാതെ
മദപ്പാടില്ലാതെ
പണിയെടുക്കും.

അടുക്കളയിലും
കിടപ്പറയിലും
വിരുന്ന് മുറിയിലും
കുടിലിലും
കൊട്ടാരത്തിലും
എന്നും ഒരേ സ്ഥാനമാണ്.

നോക്കൂ
അകംകൊള്ളെവളഞ്ഞ
ഒരു കവിത
വാക്കുകളെ നിരത്തിവെച്ച്
വരികളില്‍ ചേര്‍ത്തുവെച്ച്
ചോരയും, നീരും വളമാക്കി
ഒരു ജീവിതത്തെ
മുളപ്പിച്ചെടുക്കുന്നത്.