May 25, 2023 Thursday

Related news

May 15, 2023
March 25, 2023
March 11, 2023
March 1, 2023
March 1, 2023
February 18, 2023
February 16, 2023
December 6, 2022
December 2, 2022
November 18, 2022

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭം: കോൺഗ്രസിൽ മുല്ലപ്പള്ളി ഒറ്റപ്പെടുന്നു

Janayugom Webdesk
December 22, 2019 10:08 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടത് പക്ഷവുമായി യോജിച്ച് പ്രക്ഷോഭത്തെ എതിർക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഒറ്റപ്പെടുന്നു. ബിജെപിയെ നേരിടാൻ കമ്മ്യുണിസ്‌റ്റ്‌ പാർട്ടികളുമായി യോജിച്ച്‌ നീങ്ങേണ്ട കാലമാണിതെന്നും ദേശീയതലത്തിൽ കോൺഗ്രസ്‌ ഇടതുമായി ചേർന്ന് സമരത്തിൽ ഇടപെടുന്നതിനാൽ മറിച്ചൊരു നിലപാട്‌ കേരളത്തിൽ സാധ്യമല്ലെന്നുമാണ് ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളും വ്യക്തമാക്കുന്നത്. ഉമ്മൻചാണ്ടിയ്ക്ക് പിന്നാലെ വി ഡി സതീശനും ഐഎൻടിയുസിയും മുസ്ലിം ലീഗുമടക്കം മുല്ലപ്പള്ളിയുടെ നിലപാടിനെ തള്ളി യോജിച്ച പ്രക്ഷോഭമാണ് ആവശ്യമെന്ന് ആവർത്തിച്ച് രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന നിലപാട് ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വി ഡി സതീശൻ എംഎൽഎ കഴിഞ്ഞ ദിവസവും മുല്ലപ്പള്ളിയെ പരസ്യമായി വിമർശിച്ചിരുന്നു. ഇന്നലെ വീണ്ടും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി സതീശൻ വ്യക്തമാക്കുകയും ചെയ്തു. കോൺഗ്രസിലെ എല്ലാ നേതാക്കളും ചേർന്നാണ് ഭരണപക്ഷവുമായി യോജിച്ചുള്ള സമരം തീരുമാനിച്ചത്. സമരം കഴിഞ്ഞ് വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ലെന്നും ദേശീയ നേതൃത്വം തീരുമാനിച്ചാൽ ഇനിയും എൽഡിഎഫുമായി യോജിച്ച് സമരം ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി. സോണിയയും യെച്ചൂരിയും ഡി രാജയും ഒരുമിച്ചാണ് രാഷ്ട്രപതിയെ കാണാൻ പോയത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ താൽക്കാലിക ലാഭനഷ്ടം കണക്കാക്കിയുള്ള തീരുമാനമാകരുത് എടുക്കേണ്ടതെന്നും സതീശൻ പറയുമ്പോൾ അത് മുല്ലപ്പള്ളിക്കുള്ള മറുപടി കൂടിയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷവുമായി യോജിച്ച സമരമില്ലെന്ന നിലപാട്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പുനഃപരിശോധിക്കണമെന്ന്‌ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരനും ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് സമരം ചെയ്തതിനെതിരെയുള്ള വിമർശനങ്ങൾക്ക് പ്രസക്തിയില്ലെന്ന് കോൺഗ്രസ് നേതാവ് എം എം ഹസനും വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ സംരക്ഷണത്തിന് കോട്ടംതട്ടുന്ന സാഹചര്യത്തിലാണ് ഗവൺമെന്റിനൊപ്പമുള്ള പ്രക്ഷോഭം പ്രതിപക്ഷം പ്രഖ്യാപിച്ചതെന്നും ഇത്തരം ഘട്ടങ്ങളിൽ ഒരുമിച്ച്‌ രംഗത്തിറങ്ങുമെന്ന സന്ദേശമാണ് അതിലൂടെ നൽകുന്നതെന്നും ഹസനും പറയുന്നു.

മുല്ലപ്പള്ളിയുടെ നിലപാട് തള്ളി മുസ്ലിം ലീഗും രംഗത്തെത്തി. യോജിച്ച പ്രക്ഷോഭം നടത്തുന്ന വിഷയത്തിൽ കെപിസിസി അധ്യക്ഷന്റെ നിലപാടിനോട് ശക്തമായ വിയോജിപ്പാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് രേഖപ്പെടുത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണിയുമായി യോജിച്ച സമരമാണ് വേണ്ടതെന്നും ലീഗ് ചെന്നിത്തലയ്ക്ക് ഒപ്പമാണെന്നും വ്യക്തമാക്കുന്നതാണ് മജീദിന്റെ പ്രതികരണവും. യോജിച്ച പ്രക്ഷോഭത്തെ കോൺഗ്രസിലെയും യുഡിഎഫിലെയും ഭൂരിപക്ഷം സ്വാഗതം ചെയ്യുന്നുവെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ യുഡിഎഫിൽ ഇത് സംബന്ധിച്ച് തുടർ ചർച്ചകൾ ഉണ്ടാകുമെന്നാണ് സൂചന.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.