Web Desk

കോഴിക്കോട്

January 19, 2020, 9:06 pm

യുഡിഎഫ് മേഖലാ റാലിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കാതിരുന്നത് അദ്ദേഹത്തിന് സാഹചര്യമില്ലാത്തതിനാൽ: എം കെ മുനീർ

Janayugom Online

കോഴിക്കോട് നടന്ന യുഡിഎഫ് മേഖലാ റാലിയിൽ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി പങ്കെടുക്കാതിരുന്നത് അദ്ദേഹത്തിന് സാഹചര്യമില്ലാത്തതിനാലാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ എംഎൽഎ. കെപിസിസി അദ്ധ്യക്ഷനും ഉമ്മൻചാണ്ടിയും പങ്കെടുക്കേണ്ടതായിരുന്നെങ്കിലും ഡൽഹിയിൽ ചിലപരിപാടികളുള്ളതിനാലാണ് പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ മുനീർ പറഞ്ഞു. ലവ്ജിഹാദ് ഉണ്ടെന്ന സീറോ മലബാർ സഭയുടെ അഭിപ്രായത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. അങ്ങനെ ഉണ്ടോയെന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. ഹൈന്ദവ, ക്രൈസ്തവ സാമുദായിക സംഘടനകൾ പരസ്യമായി രംഗത്തിറങ്ങുന്നില്ലെങ്കിലും പ്രതിഷേധത്തിനൊപ്പമാണ്.

വരുംദിവസങ്ങളിൽ എല്ലാവരും ഒന്നിച്ചിറങ്ങി സമരം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതിക്കെതിരായ സമരം മുസ്ലിങ്ങളെ മാത്രമല്ല എല്ലാ ജനങ്ങളെയും ബാധിക്കുന്നതാണെന്ന് ജനങ്ങൾക്ക് മനസിലായെന്നും മുനീർ പറഞ്ഞു. ഇടതുപക്ഷവുമായി ചേർന്നുള്ള സമരത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള മുല്ലപ്പള്ളിയുടെ തീരുമാനത്തെ സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ വിമർശിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ എം. കെ മുനീർ ഏകദിന ഉപവാസ സമരം നടത്തും. 21ന് രാവിലെ 9 മുതൽ രാത്രി 9 വരെ കോഴിക്കോട് ബീച്ചിലാണ് ഉപവാസ സമരം നടക്കുക. രാംപുനിയാനി, ഉമ്മൻചാണ്ടി, ദീപികാ സിംഗ് രജാവത്, ബാഷാ സിങ്, പി. കെ കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ ഉപവാസ സമരത്തിന് അഭിവാദ്യമർപ്പിക്കുമെന്ന് മുനീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമരത്തിലേക്ക് ഇടതുപക്ഷ നേതാക്കളെയും ജനപ്രതിനിധികളെയും ക്ഷണിച്ചിട്ടുണെന്ന് എം. കെ മുനീർ പറഞ്ഞു. ഒരു പൗരനെന്ന നിലയിലാണ് സമരം നടത്തുന്നതെന്നും പാർട്ടി ബാനറിലല്ല പരിപാടിയെന്നും മുനീർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഗവർണർ രാഷ്ട്രീയക്കാരനായി മാറിയിരുക്കുന്നു. സംസ്ഥാന കാര്യങ്ങളിലേക്കാൾ കേന്ദ്ര സർക്കാരിൻറെ കാര്യങ്ങൾക്കാണ് ഗവർണർ പ്രാധാന്യം നൽകുന്നത്. മുഖ്യമന്ത്രിയെയും പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുത്തു ഒരുമിച്ചുപോകാൻ ഗവർണ ശ്രമിക്കണമെന്നും മുനീർ കൂട്ടിച്ചേർത്തു.

Eng­lish sum­ma­ry: Mul­la­pal­ly Ramachan­dran not attend­ing UDF region­al ral­ly as he was not in good con­di­tion: MK Muneer

YOU MAY ALSO LIKE THIS VIDEO