കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കൾ ഒറ്റക്കെട്ടായി തനിക്കെതിരെ നീങ്ങുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ അറിയിച്ചു. സ്ഥിതിഗതികൾ വഷളാവാതിരിക്കാൻ രാഷ്ട്രീയകാര്യ സമതിയോഗം ഉടൻ വിളിച്ചുചേർക്കരുതെന്ന് ഹൈക്കമാൻഡ് മുല്ലപ്പള്ളിക്ക് നിർദ്ദേശം നൽകി. ഇതോടെ മാർച്ച് എട്ടിന് നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചു. 25ന് ചേരുന്ന യുഡിഎഫ് ഏകോപന സമതിയോഗത്തിൽ കോൺഗ്രസിലെ വിഴുപ്പലക്ക് ചർച്ചയാകരുതെന്നും ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കെപിസിസി ഭാരവാഹി പട്ടികയിൽ നിന്നും പ്രമുഖരടക്കമുള്ള കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾ നിർദ്ദേശിച്ചവരെ ഒഴിവാക്കിയതോടെയാണ് സംസ്ഥാന കോൺഗ്രസിൽ പുതിയൊരു കലാപത്തിന് തിരിതെളിച്ചത്. ഫെബ്രുവരി 18ന് ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ തനിക്കുനേരെ ഗ്രൂപ്പ് നേതാക്കൾ ഒറ്റതിരിഞ്ഞ് നടത്തിയ ആക്രമണത്തെയും അത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതും മുല്ലപ്പള്ളി തെളിവ് സഹിതം ഹൈക്കമാൻഡിന് കൈമാറിയിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ കെപിസിസി ആസ്ഥാനത്ത് മുൻനിര നേതാക്കൾ വാർത്താസമ്മേളനം വിളിച്ചുചേർക്കുകയും പാർട്ടിയെയും തന്നെയെയും വ്യക്തിഹത്യ നടത്തിയെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പാർട്ടി പ്രശ്നങ്ങൾ പരിഹരിച്ചശേഷം രാഷ്ട്രീയ കാര്യസമിതിയോഗം വിളിച്ചാൽ മതിയെന്ന് ഹൈക്കമാൻഡ് അറിയിച്ചത്.
വിഴുപ്പലക്കാൻ വേണ്ടിമാത്രം ഇത്തരമൊരു കമ്മിറ്റിയുടെ ആവശ്യമില്ലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. കെപിസിസി പ്രസിഡന്റിനെ അപ്രസക്തമാക്കി ജനറൽ സെക്രട്ടറിമാർ ഭരണം നടത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ്. പണം ശേഖരിച്ചു നൽകാനും തെരഞ്ഞെടുപ്പ് തോൽവിയുടെ പാപഭാരം ഏൽക്കാനും മാത്രമാണോ കെപിസിസി പ്രസിഡന്റെന്ന് മുല്ലപ്പള്ളി ചോദിക്കുന്നു. പാർട്ടി പുനഃസംഘടനയിൽ എംഎൽഎമാരെയോ എംപിമാരെയോ പരിഗണിക്കേണ്ടതില്ലെന്ന തന്റെ കർശന നിലപാടിൽ തെറ്റുണ്ടോയെന്ന് ഹൈക്കമാൻഡ് വ്യക്തത നൽകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ENGLISH SUMMARY:Mullapally’s complaint against group leaders
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.