Web Desk

തിരുവനന്തപുരം

January 11, 2021, 4:11 pm

ലീഗിന്റെ രാഷ്ട്രീയഗൂഢാലോചനയുടെ ഇരയാണ് മുല്ലപ്പള്ളിയെന്ന് ഐഎൻഎല്‍

Janayugom Online

യുഡിഎഫിെന്റെ കടിഞ്ഞാൺ പിടിച്ചെടുക്കാൻ മുസ്ലിം ലീഗ് നെയ്യുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് ഐഎൻഎൽ . പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ ഇറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. തങ്ങളുമായി ആദ്യമായി തെരഞ്ഞെടുപ്പ് ചർച്ച നടത്തിയത് മുല്ലപ്പള്ളി രാമചന്ദ്രനാണ് എന്ന വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റിന്റെ വൈകിയുള്ള വെളിപ്പെടുത്തൽ ലീഗ് നേതൃത്വത്തിെന്റെ സമ്മർദം മൂലമാകാനേ തരമുള്ളൂയെന്നും പ്രസ്തവനയില്‍ വ്യക്തമാക്കുന്നു.

കോൺഗ്രസിൽ വിഭാഗീയത മൂർഛിപ്പിച്ച് അതുവഴി ആ പാർട്ടിയെ ദുർബലമാക്കാനും യുഡിഎഫിൽ മേധാവിത്തം ഉറപ്പിക്കാനുമുള്ള ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ആസൂത്രിത നീക്കത്തിന് കൂട്ടുനിന്നത് മാന്യമായ രാഷ്ട്രീയ പ്രവർത്തനമല്ല. മുല്ലപ്പള്ളിയുമായാണ് തുടക്കത്തിൽ തെരഞ്ഞെടുപ്പ് ചർച്ച നടത്തിയിരുന്നതെങ്കിൽ ഇവ്വിഷയകമായി കോൺഗ്രസിനകത്തും യുഡിഎഫിലും തർക്കം മൂർഛിച്ചപ്പോഴെങ്കിലും നിജസ്ഥിതി വെളിപ്പെടുത്താൻ സത്യസന്ധത കാണിക്കണമായിരുന്നു. അതുണ്ടാവാത്തത് കൊണ്ട് മുല്ലപ്പള്ളിയുടെ കാപട്യം ഇതുവരെ മൂടിവെക്കപ്പെട്ടു. മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ധാരണയിലേർപ്പെടുന്നതിൽ മുല്ലപ്പള്ളി തടസ്സമാവുമെന്ന കണക്കുകൂട്ടലാവണം ഇപ്പോഴത്തെ വെളിപ്പെടുത്തലിനു പിന്നിൽ. രാഷ്ട്രീയ സാഹചര്യങ്ങളെ ക്ഷമാപൂർവം നേരിടുന്നതിനു പകരം, അധികാരരാഷ്ട്രീയത്തിലേക്കുള്ള കുറുക്കുവഴി തേടിയതിെൻറ പരിണതിയാണീ ദുരന്തമെന്ന് കാസിം ഇരിക്കൂർ പ്രസ്‌താവനയിൽ പറഞ്ഞു

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ടീയത്തില്‍ സജീവമാകുന്നതും യുഡിഎഫിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമായിട്ടാണെന്നുഅഭിപ്രായം ഉയരുന്നു. നിലവിലുള്ള സീറ്റില്‍ നിന്നും അധികമായി 8 സീറ്റും കൂടിയാണ് ലീഗ് ആവശ്യപ്പെടുന്നത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തും, കൊല്ലത്തും സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് ലീഗ്. കൂടാതെ എല്‍ജെഡി മത്സരിച്ച വയനാടിനു വേണ്ടിയും അവകാശം ഉന്നയിച്ചു കഴിഞ്ഞു. കോണ്‍ഗ്രിസിനെ സമ്മര്‍ദ്ദിലാക്കി പരമാവധി സീറ്റുകളില്‍ മത്സരിക്കാനാണ് ലീഗ് ശ്രമം. ലീഗിന് സ്വാധീനമുള്ള മലപ്പുറം ജില്ലയില്‍ പോലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പല മണ്ഡലങ്ങളും സുരക്ഷിതമല്ലെന്നു ലീഗ് നേതൃത്വത്തിനു ബോധ്യമുണ്ട്. വികസന നേട്ടങ്ങളുമായി എല്‍ഡിഎഫ് മുന്നോട്ട് പോകുന്നതും , ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ രഹസ്യധാരണയും മുസ്ലീം ജനവിഭാഗത്തെ യുഡിഎഫില്‍ നിന്നും അകറ്റിയതും ലീഗ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്

Eng­lish sum­ma­ry: Mul­lap­pal­ly is a vic­tim of the League’s polit­i­cal conspiracy

You may also like this video: