Web Desk

കാസർകോട്:

January 13, 2021, 3:08 pm

യുഡിഎഫ് കൺവീനറെ തള്ളി കെപിസിസി പ്രസിഡന്റ്; അധികാരത്തിലെത്തിയാൽ ലൈഫ് പിരിച്ചുവിടില്ലെന്ന് മുല്ലപ്പള്ളി

Janayugom Online

യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. പുതിയ കക്ഷികളെ ഉൾപ്പെടുത്തി യുഡിഎഫിനെ വിപുലീകരിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്നും ഇന്ന് രാവിലെ കാസർകോട് ഡിസിസി ഓഫീസിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അധികാരത്തിൽ എത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ നേരത്തെ നടത്തിയ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് ലൈഫ് മിഷനെ കുറിച്ച് കോൺഗ്രസിന് കൃത്യമായ അഭിപ്രായമുണ്ടെന്നും ഒരിക്കലും പിരിച്ചുവിടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞത്.ലൈഫ് മിഷനിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

എൻസിപിയിലെ ഒരു വിഭാഗവും പിസി ജോർജിന്റെ നേതൃത്വത്തിലുള്ള വിഭാഗവും യുഡിഎഫിൽ ചേരുമെന്ന പ്രചാരണത്തോട് പ്രതികരിച്ചുകൊണ്ടാണ്,മുന്നണി വിപുലീകരണം ഇപ്പോൾ പരിഗണനയിലില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞത്.യുഡിഎഫിൽ ചേരുന്ന കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പിസി ജോർജ് തന്നെ സമീപിച്ചിട്ടില്ല. എൻ. സി. പി ഇപ്പോഴും എൽ. ഡി. എഫിൽ തന്നെയാണുള്ളത്അദ്ദേഹം പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു. ഡി. എഫ് സ്ഥാനാർത്ഥികളിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകും. തദ്ദേശതിരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് മത്സരിപ്പിച്ചതിനെക്കാൾ കൂടുതൽ യുവതീയുവാക്കളെ നിർത്തിയത് യു. ഡി. എഫാണ്മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

ENGLISH SUMMARY:mullappally ramachan­dran oppose hasan

YOU MAY ALSO LIKE THIS VIDEO