കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തിൽ സഹകരിക്കാനില്ലെന്ന നിലപാട് ആവർത്തിച്ച് കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളിയാണ് മുല്ലപ്പള്ളി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. താൻ ആർ. എസ്. എസ്സുമായി ധാരണ ഉണ്ടാക്കിയെന്ന സി. പി. എം ആരോപണം ശുദ്ധ അസംബന്ധവും ഗീബൽസിയൻ നുണയുമാണ്. ജനസംഘത്തിന്റെ പിറവി മുതൽ സംഘപരിവാരത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. തനിക്ക് ഒന്നും ഒളിച്ചുവെക്കാനില്ല. നിലപാടിൽ വെള്ളം ചേർക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല. ഗവർണർ രാഷ്ട്രീയ അഭിപ്രായം പറയുന്നത് ശരിയല്ല. മോദിക്ക് വേണ്ടി സംസാരിക്കുന്നതിന് വേണ്ടിയല്ല ഗവർണറെ നിയമിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സിപിഎമ്മിന് ആത്മാർത്ഥതയില്ലെന്നും കോഴിക്കോട് ഡി. സി. സി പ്രസിഡന്റ് ഉൾപ്പടെയുള്ള 57 കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച സംഭവം പ്രാകൃതവും കേട്ടു കേൾവിയില്ലാത്തതുമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കെ. പി. സി. സി പ്രസിഡന്റ് എന്ന നിലയിൽ താൻ പറയുന്നതാണ് പാർട്ടി നിലപാട്. സിപിഎമ്മുമായി കൈകോർക്കുന്നത് പ്രവർത്തകർക്കിടയിൽ എതിർ വികാരമുണ്ടാക്കും. നിലപാട് മാറ്റണമെങ്കിൽ പാർട്ടി യോഗം ചേർന്ന് തീരുമാനമെടുക്കണം. ഫാസിസ്റ്റ് നിലപാട് തിരുത്താതെ സി. പി. എമ്മുമായി കൈകോർക്കാൻ കോൺഗ്രസ് തയ്യാറല്ല. അരിയിൽ ഷുക്കൂർ, മട്ടന്നൂരിലെ ഷുഹൈബ്, പെരിയയിലെ ശരത്ലാൽ, കൃപേഷ്, ഒഞ്ചിയത്തെ ടി. പി ചന്ദ്രശേഖരൻ തുടങ്ങിയ എതിർ ശബ്ദമുയർത്തിയവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ചരിത്രമാണ് സി. പി. എമ്മിനുള്ളത്.
ഈ സ്റ്റാലിനിസ്റ്റ് സമീപനം അംഗീകരിക്കാൻ കഴിയില്ല. മോദിയുടെ അതേ രൂപത്തിലും ഭാവത്തിലുമാണ് പിണറായി പ്രവർത്തിക്കുന്നത്. മോദി ഫാസിസ്റ്റും പിണറായി സ്റ്റാലിനിസ്റ്റുമാണ്. ജനസംഘത്തിന്റെ സഹായത്തോടെ ആദ്യ തവണ നിയമസഭയിലെത്തിയ പിണറായി മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. ഫാസിസ്റ്റ് പോരാട്ടത്തിന്റെ നായകരാണെന്ന് തങ്ങളെന്ന് സി. പി. എം പറഞ്ഞാൽ അച്യുതാനന്ദന്റെ ഭാഷ കടമെടുത്താൽ അന്നം തിന്നുവർക്ക് വിശ്വസിക്കാൻ കഴിയില്ലെന്ന് മാത്രമാണ് പറയാനുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ ദേശീയ ഐക്യം തകർത്തത് പിണറായിയും കൂട്ടരുമാണ്. ഇടതുപക്ഷവുമായി തെരഞ്ഞെടുപ്പിൽ സഹകരിക്കാമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അന്ന് ആദ്യം സ്വാഗതം ചെയ്തത് താനായിരുന്നു. അതിന് സിപി. എമ്മുമായി പാലമിടുന്നവനെന്നടക്കം ആരോപിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ തനിക്കെതിരെ ഉണ്ടായ ആക്രമണം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.