ഗ്രൂപ്പ് പോര് തടയുന്നതിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പരാജയം; കെ മുരളീധരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ഹൈക്കമാന്റിന് മുന്നിൽ ആവശ്യം

Web Desk
Posted on November 21, 2019, 6:12 pm

പി പി അനിൽകുമാർ

കോഴിക്കോട്: കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വലിയ പരാജയമാണെന്നും അദ്ദേഹത്തെ മാറ്റണമെന്നുമുള്ള ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. വടകര ലോകസഭാ മണ്ഡലത്തിലെ വിജയത്തോടെ കോൺഗ്രസ്സിൽ വീണ്ടും ശ്രദ്ധാകേന്ദ്രമായ കെ മുരളീധരനെ മുൻനിർത്തിയാണ് പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗം മുല്ലപ്പള്ളിക്കെതിരായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇത്തരം നീക്കങ്ങൾക്ക് ബലംനൽകുന്ന തരത്തിൽ കെ മുരളീധരൻ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാഗാന്ധിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയും വാർത്തയായിരുന്നു. ഈ വാർത്ത മുരളീധരൻ പിന്നീട് നിഷേധിച്ചെങ്കിലും കോൺഗ്രസ്സിൽ ഇത്തരത്തിലുള്ള ചർച്ച ഉയർത്തിക്കൊണ്ടുവരുന്നതിൽ തങ്ങൾ വിജയിച്ചെന്നാണ് മുരളി അനുകൂലികൾ വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ കോൺഗ്രസ്സിലെ ഗ്രൂപ്പ് പോര് തടയുന്നതിൽ മുല്ലപ്പള്ളി പരാജയപ്പെട്ടെന്നും കെപിസിസി സ്ഥാനം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും സന്നദ്ധത അറിയിച്ച് കെ മുരളീധരൻ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. കെ പി സി സി ഭാരവാഹി പട്ടികയെ ചൊല്ലി കോൺഗ്രസിൽ വലിയ കലാപം ഉടലെടുത്തിന് പിന്നാലെയാണ് മുരളീധര അനുകൂലികളുടെ നീക്കം എന്നതും ശ്രദ്ധേയമാണ്. പട്ടികയെ ചൊല്ലി മുല്ലപ്പള്ളിക്കെതിരെ എ ഐ സി സിയിലേക്ക് പരാതി പ്രവാഹമാണ്. ഇതിനിടയിലാണ് മുല്ലപ്പള്ളിയെ മാറ്റണമെന്ന് ആവശ്യം ശക്തമാകുന്നത്. അമ്പത് വയസ്സിന് താഴയുള്ളവർക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന ഹൈക്കമാൻഡ് തീരുമാനത്തെ തള്ളിയാണ് ഇരട്ട പദവി മുതൽ അറുപത് വയസ് കഴിഞ്ഞവർ വരെ ഭാരവാഹി പട്ടികയിൽ ഇടംപിടിച്ചതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. എ, ഐ ഗ്രൂപ്പുകളുടെ വീതംവെയ്പ്പിലൂടെയാണ് 126 പേരുടെ ജംബോ പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്ന് പരാതിപ്പെട്ട് ചില യൂത്ത് കോൺഗ്രസ് നേതാക്കൾ ഹൈക്കമാന്റിനെ സമീപിച്ചിട്ടുമുണ്ട്. കെ പി സി സി അധ്യക്ഷൻ എന്ന നിലയിൽ ഗ്രൂപ്പുകൾക്കെതിരായ നിലപാടു സ്വീകരിക്കുന്നതിനു പകരം മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ഗ്രൂപ്പുകൾക്ക് കുടപിടിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. പാർട്ടിയുടെ വ്യത്യസ്ത ഘടകങ്ങളിൽ നിന്നും ഉയർന്നുവന്നിട്ടുള്ള അഭിപ്രായങ്ങൾ ഒന്നും പരിഗണിക്കാതെ ഗ്രൂപ്പുകളുടെ ആവശ്യങ്ങൾ എല്ലാം കെ പി സി സി അധ്യക്ഷൻ അംഗീകരിക്കുകയാണുണ്ടായതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രനു കീഴിൽ സംസ്ഥാനത്ത് കോൺഗ്രസ് നേട്ടം കൈവരിച്ചെങ്കിലും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥിതി മാറി. ഇത് മുല്ലപ്പള്ളിയുടെ നിലപാടുകളോടുള്ള പാർട്ടി പ്രവർത്തകരുടെ വികാരമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളിൽ മൂന്നിടത്തും കോൺഗ്രസ് പരാജയപ്പെടുകയായിരുന്നു. യു ഡി എഫിന്റെ കുത്തക മണ്ഡലങ്ങളായ കോന്നിയും വട്ടിയൂർക്കാവും പാലായുമാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഇത് മുല്ലപ്പള്ളിയുടെ കീഴിൽ പാർട്ടിക്ക് സംഭവിച്ച വീഴ്ചയാണെന്നും പ്രസിഡന്റ് എന്ന നിലയിലുള്ള മുല്ലപ്പള്ളിയുടെ പരാജയമാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പാർട്ടിക്കുള്ളിൽ സമൂലമായ ഉടച്ചുവാർക്കൽ ആവശ്യമാണെന്ന് ആവശ്യം ഉയരുന്നത്.

സംസ്ഥാനത്ത് നിലനിൽക്കുന്ന ഗ്രൂപ്പ് തർക്കങ്ങൾ പരിഹരിക്കാൻ മുല്ലപ്പള്ളിക്ക് കഴിയുന്നില്ലെന്ന് മുരളീധരൻ സോണിയയെ ധരിപ്പിച്ചെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. കെപിസിസി പുനസംഘടനയ്ക്കായി തയ്യാറാക്കിയ ജംബോ റിപ്പോർട്ട് തന്നെ ഇതിന്റെ തെളിവാണെന്നാണ് മുരളീധരന്റേയും അനുകൂലികളുടേയും ആരോപണം. എന്നാൽ കെ മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഭൂരിപക്ഷത്തിനും താല്പര്യമില്ലെന്നാണ് മുല്ലപ്പള്ളി അനുകൂലികൾ സൂചിപ്പിക്കുന്നത്. മുരളീധരൻ സ്വീകരിച്ച പല നിലപാടുകളും പാർട്ടിക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെന്നും ഇനിയും പാർട്ടിയെ അത്തരമൊരവസ്ഥയിലേക്ക് തള്ളിവിടരുതെന്നുമാണ് ഇവരുടെ വാദം. എഐസിസി അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ മുരളീധരൻ നടത്തിയ പരാമർശങ്ങൾ പോലും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തിന് വേണ്ടി താൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സമീപിച്ചുവെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് കെ മുരളീധരൻ തന്റെ ഫേസ് ബുക്കിൽ കുറിച്ചു. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇത്തരം വാർത്തയ്ക്ക് പിന്നിലെന്നും മുരളീധരൻ കുറിക്കുന്നു. എന്നാൽ മുരളീധരന്റെ നീക്കങ്ങൾക്കെതിരെ പാർട്ടിയിൽ ഉയർന്നുവന്ന ശക്തമായ പ്രതിഷേധമാണ് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പിന് പിന്നിലെന്നാണ് മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നത്.