12 April 2024, Friday

Related news

December 26, 2023
December 23, 2023
December 21, 2023
November 24, 2023
November 23, 2023
March 20, 2023
December 25, 2022
December 14, 2022
December 5, 2022
November 9, 2022

ഇടുക്കിയില്‍ ജാഗ്രത

എവിൻ പോൾ
ഇടുക്കി
October 26, 2021 10:51 pm

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ ഏഴ് വില്ലേജുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പെരിയാര്‍ തീരത്തോട് ചേര്‍ന്നുള്ള ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാനും ഒരുക്കം തുടങ്ങി. അതിനിടെ ഡാമില്‍ ജലനിരപ്പ് 137.60 അടിയായി തുടരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളായ പീരുമേടും തേക്കടിയിലും ഇന്നലെ രാവിലെ വരെ ശരാശരി 10. 9 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് തമിഴ്‌നാട് ടണൽ വഴി കൊണ്ടുപോകുന്നതിനേക്കാൾ അധികമായി തുടരുകയാണ്. 2496 ഘനയടി വെള്ളം സെക്കന്റിൽ ഒഴുകിയെത്തുന്നതായാണ് തമിഴ്‌നാടിന്റെ ഏറ്റവും ഒടുവിലത്തെ കണക്ക്. 2200 ഘനയടിയാണ് തമിഴ്‌നാട് ടണൽ വഴി കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ്. വരും ദിവസങ്ങളിലും ഇടുക്കി ജില്ലയിൽ ഉൾപ്പെടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതോടെ ജില്ലാ ഭരണകൂടം പെരിയാറിന്റെ തീരങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. പീരുമേട്, ഇടുക്കി, ഉടുമ്പൻ ചോല താലൂക്കുകളിലെ ഏഴ് വില്ലേജുകളിൽ ഉൾപ്പെട്ട 3320 പേരെ മാറ്റിപാർപ്പിക്കണമെന്നാണ് ജില്ലാ കളക്ടർ ഷീബ ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ വണ്ടിപ്പെരിയാറിൽ ചേർന്ന യോഗം വ്യക്തമാക്കിയത്. 20 ക്യാമ്പുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് സജ്ജീകരിച്ചതായി പീരുമേട് തഹസീൽദാർ വിജയലാൽ കെ എസ് ജനയുഗത്തോട് പറഞ്ഞു. വളർത്തു മൃഗങ്ങളെ മാറ്റാനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ജില്ലാതലത്തിലും താലൂക്ക്, വില്ലേജ്, തലങ്ങളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. മുല്ലപ്പെരിയാർ സ്പെഷ്യൽ ഓഫീസർമാരായി രണ്ട് ഡെപ്യൂട്ടി കളക്ടർമാരെയും നിയോഗിച്ചു. എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടന്നും ജില്ലാ കളക്ടർ അറിയിച്ചു.

137 അടിയായി നിലനിർത്തണം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിർത്തണമെന്ന് ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കേരളം. 139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന് 2018ൽ സുപ്രീം കോടതി നിർദ്ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാൾ മോശം അവസ്ഥയാണ് ഇപ്പോൾ. കേരളത്തിൽ തുലാവർഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. നിലവിലെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തമിഴ്‌നാട് അംഗീകരിച്ച റൂൾ കർവ് പ്രകാരം 138 അടിയിൽ ജലനിരപ്പ് ഉയർന്നാൽ തുറന്നു വിടാനും യോഗത്തിൽ ധാരണ ആയി. ഒക്ടോബർ 30 വരെയാണ് ഇത് ബാധകമാകുന്നത്. മുല്ലപ്പെരിയാർ ഉന്നതതല സമിതി യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് പങ്കെടുത്തു. അഡീഷണൽ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി, തമിഴ്‌നാട് പ്രതിനിധി) സന്ദീപ് സക്‌സേന, കേന്ദ്ര ജലകമ്മിഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Mul­laperi­yar Dam Water lev­el is rising

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.