നേമം പ്രസംഗം, മുള്ളൂർക്കര സഖാഫിക്ക് വിലക്ക് , വിശദീകരണവുമായി സഖാഫി രംഗത്ത്

Web Desk
Posted on November 18, 2019, 1:25 pm

തിരുവനന്തപുരം: വിവാദമായ നേമം പ്രസംഗത്തിന്റെ പേരിൽ മുള്ളൂർക്കര മുഹമ്മദലി സഖാഫിയെ പൂർണമായി അകറ്റി നിർത്താൻ കാന്തപുരം വിഭാഗം തീരുമാനിച്ചു. സംസ്ഥാന പിന്നാക്ക കമ്മിഷൻ അംഗവും സിപിഎം സഹയാത്രികനും എ പി സുന്നി അനുഭാവിയുമാണ് സഖഫി.

ബാബറി വിധിയുടെ പശ്ചാത്തലത്തിൽ മുള്ളൂർക്കര സഖാഫി നേമത്ത് നടത്തിയ പ്രഭാഷണത്തിലെ ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ സംഘപരിവാർ മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ഉപയോഗിച്ച സാഹചര്യം പരിഗണിച്ചാണ് തീരുമാനം.

കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദിന്റെ നിർമാണം സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസംഗം ചരിത്ര വിരുദ്ധമാണെന്ന ആരോപണം ഉയർന്നിരുന്നു. ബാബറി വിധി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മുള്ളൂർക്കര സഖാഫിയുടെ പ്രസംഗങ്ങൾ മുമ്പും വിവാദമായിട്ടുണ്ട്. സഖാഫിയുടെ രാഷ്ട്രീയ പ്രസംഗങ്ങൾ വിശ്വാസത്തിന്റെയും മാന്യതയുടെയും അതിരുകൾ ഭേദിച്ചെന്ന് വിലിയിരുത്തി നാല് വർഷം മുമ്പ് തന്നെ കാന്തപുരം വിഭാഗം സംഘടനാ പരിപാടികൾക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നത് നിർത്തിയിരുന്നു. സംഘടനാ പരിപാടികളിൽ വിലക്കുണ്ടായിരുന്നെങ്കിലും സംഘടനയുമായി ബന്ധമുള്ള കോളജുകളിലും മറ്റും പരിപാടികൾക്കായി അദ്ദേഹത്തെ ക്ഷണിക്കാറുണ്ടായിരുന്നു. ഇപ്പോൾ നേമം പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ പൂർണമായും അകറ്റി നിർത്താനാണ് തീരുമാനം.

പ്രസ്ഥാനവുമായി ബന്ധമുള്ള കണ്ണൂരിലെ സ്ഥാപനത്തിൽ നിശ്ചയിച്ച പരിപാടിക്ക് വരേണ്ടതില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. എസ്എസ്എഫിന്റെയും കേരള മുസ്ലീം ജമാഅത്തിന്റെയും പ്രമുഖ നേതാക്കൾ തന്നെ മുള്ളൂർക്കരയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

വിമർശനം കടുത്തതോടെ തന്റെ പ്രസംഗം ചരിത്ര വിരുദ്ധമാണെന്ന് മനസിലാക്കിയെന്നും ഖേദിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. വിവാദങ്ങൾ ഒഴിവാക്കണമെന്നും സമുദായ ഐക്യം തകർക്കരുതെന്നും അദ്ദേഹം പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.