Janayugom Online
Suresh Prabhu

മള്‍ട്ടിസ്പീഷീസ് അക്വാകള്‍ച്ചര്‍ സെന്‍റര്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു രാജ്യത്തിന് സമര്‍പ്പിച്ചു

Web Desk
Posted on December 08, 2018, 8:27 pm

കൊച്ചി: മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിന് കേരളത്തില്‍ ഒരു അന്താരാഷ്ട്ര സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് കേന്ദ്രവാണിജ്യവ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതിനാവശ്യമായ എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കൊച്ചി വല്ലാര്‍പാടത്ത് 7.26 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച സമുദ്രോത്പന്ന കയറ്റുമതി അതോറിറ്റിയുടെ(എം.പി.ഇ.ഡി.എ) മള്‍ട്ടിസ്പീഷീസ് അക്വാകള്‍ച്ചര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് ഭാവിയുടെ പ്രതീക്ഷയെന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് സുരേഷ് പ്രഭു പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷികോത്പന്നമേഖലയിലെ കയറ്റുമതി 60 ബില്യണ്‍ ഡോളറാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ജപ്പാന്‍, കൊറിയ മുതലായ രാജ്യങ്ങളില്‍ ഇന്ത്യയിലെ സമുദ്രോത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. അവിടെ നിന്നുള്ള വാണിജ്യ സംഘത്തെ ഉള്‍പ്പെടുത്തി കേരളത്തില്‍ വാണിജ്യനിക്ഷേപക സംഗമം വിളിക്കാവുന്നതാണ്. അതിനായി എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. കയറ്റുമതി മേഖല, കര്‍ഷകര്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവരുമായും വിദഗ്ധ സംഘത്തിന് ആശയവിനിമയം നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മത്സ്യബന്ധന മേഖല ഇന്ന ബഹുമുഖമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവുമധികം ഭീഷണി നേരിടുന്നത് സമുദ്രത്തിലെ മത്സ്യസമ്പത്തിനാണ്. ഈ സാഹചര്യത്തില്‍ ഉള്‍നാടന്‍ ജലാശയങ്ങളിലൂടെയുള്ള മത്സ്യകൃഷിക്ക് ഏറെ പ്രാധാന്യമുണ്ട്.
കയറ്റുമതി ലക്ഷ്യം വച്ചു കൊണ്ടാകണം ഓരോ കര്‍ഷകനും മത്സ്യകൃഷിയെ കാണേണ്ടതെന്ന് മന്ത്രി പറഞ്ഞു. അതിനായി കയറ്റുമതി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. മത്സ്യകൃഷിയില്‍ സുസ്ഥിരമായ സാങ്കേതിക വിദ്യ പൂര്‍ണമായും ഉപയോഗിക്കണം. ഇതിനായി എല്ലാ സഹായവും എം.പി.ഇ.ഡി.എ കര്‍ഷകര്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അക്വാകള്‍ച്ചര്‍ സെന്ററില്‍ നിന്ന് കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെയും കേന്ദ്രമന്ത്രി വിതരണം ചെയ്തു. നഴ്‌സറിയിലേക്ക് ആദ്യ ബാച്ച് മത്സ്യക്കുഞ്ഞുങ്ങളെ മന്ത്രി നിക്ഷേപിച്ചു.
രാജ്യത്തെ മത്സ്യോത്പാദനത്തില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടത്തിനാണ് എം. പി. ഇ. ഡി. എ യുടെ മള്‍ട്ടി സ്പീഷീസ് അക്വാകള്‍ചര്‍ സെന്റര്‍ വഴിയൊരുക്കുന്നത്. വല്ലാര്‍പാടത്ത് എം. പി. ഇ. ഡി. എയുടെ കീഴിലുള്ള ഒമ്പത് ഏക്കറിലാണ് പദ്ധതി. ആഗോളതലത്തില്‍ ഏറെ വാണിജ്യപ്രാധാന്യമുള്ള കാരച്ചെമ്മീന്‍, വളവോട്(പൊംപാനോ), കാളാഞ്ചി, മോത, ഗിഫ്റ്റ് തിലാപ്പിയ, ഞണ്ട് എന്നിവയുടെ രോഗരഹിതമായ കുഞ്ഞുങ്ങളെയാണ് ആദ്യപടിയായി ഇവിടെ നിന്നും നല്‍കിത്തുടങ്ങുന്നത്.
സെന്ററിലെ 20 ദശലക്ഷം ശേഷിയുള്ള കാരച്ചെമ്മീന്‍ വിത്തുല്‍പാദന കേന്ദ്രമാണ് ഏറ്റവും വലിയ ആകര്‍ഷണം. ഒരു കാലത്ത് ഇന്ത്യയിലെ ചെമ്മീന്‍ കൃഷിയുടെ മുഖ്യ ആകര്‍ഷണമായിരുന്ന കാരച്ചെമ്മീന്‍ കൃഷിയുടെ പുനരുജ്ജീവനവും ഇതിലൂടെ എം. പി. ഇ. ഡി. എ ലക്ഷ്യമിടുന്നു. ഇതു കൂടാതെ കാളാഞ്ചി, മോത, ഗിഫ്റ്റ് തിലാപ്പിയ, വളവോട് (പൊംപാനോ) എന്നിവയുടെ 16.5 ലക്ഷം കുഞ്ഞുങ്ങളെയും, അര ലക്ഷം ഞണ്ട് കുഞ്ഞുങ്ങളെയും പരിപാലിക്കാന്‍ ശേഷിയുള്ള 6 നഴ്‌സറികളും ഈ പദ്ധതിയില്‍ സജ്ജമാണ്.
സുരക്ഷിതമായ പ്രവര്‍ത്തനം നടത്തുന്നതിനാവശ്യമായ മികച്ച ക്വാറന്റൈന്‍ സംവിധാനവും മലിനജല നിയന്ത്രണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജൈവസുരക്ഷയ്ക്കാവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കുളങ്ങളടക്കമുള്ളവയുടെ നിര്‍മ്മാണം നടത്തിയത്.
സുസ്ഥിര മത്സ്യകൃഷിക്ക് ഏറ്റവും തടസ്സമായിട്ടുള്ളത് രോഗരഹിതമായിട്ടുള്ള മീന്‍ കുഞ്ഞുങ്ങളുടെ അഭാവമാണ്. എം. പി. ഇ. ഡി. എ യുടെ ഈ ചുവടു വയ്പ് മഹാരാഷ്ട്രയിലെ കൊങ്കണ്‍ പ്രദേശമടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതേ രീതിയിലുള്ള മറ്റ് സെന്ററുകള്‍ ആരംഭിക്കുന്നതിന് വഴിയൊരുക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടുത്തുള്ളതിനാല്‍ ഈ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ ഇതര സംസ്ഥാനങ്ങളിലുള്ള വിപണന കേന്ദ്രങ്ങളില്‍ വളരെ വേഗം എത്തിക്കാന്‍ സാധിക്കും.
മത്സ്യകൃഷിയില്‍ സ്വയംപര്യാപ്തതയിലെത്താന്‍ സംസ്ഥാനത്തിനാവശ്യമുള്ളയത്രയും മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ നിന്നും ലഭിക്കുമെന്നത് സംസ്ഥാനത്തിന് ഏറെ ഗുണകരമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ശ്രീമതി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
വൈവിദ്ധ്യമാര്‍ന്ന ഇനം മത്സ്യക്കുഞ്ഞുങ്ങള്‍ എം.പി.ഇ.ഡി.എ യുടെ പ്രജനന കേന്ദ്രത്തിലുണ്ട്. രാജ്യത്തെ മത്സ്യോത്പാദനത്തിന്റെ 57 ശതമാനം കൃഷിയിലൂടെയാണെങ്കിലും കേരളത്തില്‍ ഇത് തുലോം കുറവാണ്. ഉള്‍നാടന്‍ ജലാശയങ്ങളെ മത്സ്യകൃഷിക്ക് അനുയോജ്യമാക്കുക വഴി മത്സ്യോത്പാദനത്തില്‍ വലിയ നേട്ടം സംസ്ഥാനത്തിന് കൈവരിക്കാന്‍ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കെവി തോമസ് എം പി, എസ് ശര്‍മ്മ എം എല്‍ എ
തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭ എംപി എ നവനീത് കൃഷ്ണന്‍, എം.പി.ഇ.ഡി.എ മുന്‍ ചെയര്‍മാനും സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. എ ജയതിലക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എം. പി. ഇ. ഡി. എ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് സ്വാഗതവും സെക്രട്ടറി ബി ശ്രീകുമാര്‍ കൃതജ്ഞതയും പറഞ്ഞു.
പ്രസ്തുത പരിപാടിയ്ക്കു ശേഷം സുരേഷ് പ്രഭു കൊച്ചി പനമ്പിള്ളി നഗറിലെ എം.പി.ഇ.ഡി.എ ആസ്ഥാനമന്ദിരത്തില്‍ സജ്ജീകരിച്ച സീഫുഡ് ഇന്ത്യ എന്ന പ്രദര്‍ശനവില്‍പന കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ചു. എംപിഇഡിഎയുടെ ആസ്ഥാനമന്ദിരത്തില്‍ 1700 ചതുരശ്ര അടിയിലാണ് സീഫുഡ് ഇന്ത്യ പ്രവര്‍ത്തനം തുട ങ്ങിയിരിക്കുന്നത്. ആഗോളതലത്തിലും ആഭ്യന്തരതലത്തിലും മികവ് പുലര്‍ത്തുന്ന മത്സ്യോത്പന്നങ്ങളുടെ വിപണനം, പ്രദര്‍ശനം,
പോഷകവിശദാംശങ്ങള്‍, പാചക വിധി എന്നിവയെല്ലാം സീഫുഡ് ഇന്ത്യയിലുണ്ടാകും. സി.എം.എഫ്.ആര്‍.ഐ, സി.ഐ.എഫ്.ടി, നിഫാറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എം.പി.ഇ.ഡി.എ സ്ഥാപനങ്ങളായ നെറ്റ്ഫിഷ്, ആര്‍.ജി.സി.എ, എന്‍.എ.സി.എസ്.എ എന്നിവയുടെ പ്രസിദ്ധീകരണങ്ങളും ഇവിടെയുണ്ടാകും.
രാജ്യത്തെ വിവിധ സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി 600 ചതുരശ്ര അടിയാണ് സീഫുഡ് ഇന്ത്യയില്‍ നീക്കി വച്ചിരിക്കുന്നത്. മത്സ്യോത്പന്നങ്ങളുടെ പൂര്‍ണവിവരമടങ്ങുന്ന കിയോസ്‌കുകള്‍ സീഫുഡ് ഇന്ത്യയുടെ മുഖ്യ ആകര്‍ഷണമാണ്.