Web Desk

മുംബൈ

June 21, 2020, 6:57 pm

പത്തൊന്‍പത് നില കെട്ടിടം കോവിഡ് രോഗികള്‍ക്കായി വിട്ടുനല്‍കി കെട്ടിടനിര്‍മ്മാതാവ്

Janayugom Online

കോവിഡ് വ്യാപനം നിയന്ത്രാണാതീതമായി തുടരുന്നതിനിടെ പലരും സഹായങ്ങളുമായി രംഗത്തെത്തുന്നുണ്ട്. എന്നാല്‍ അല്‍പ്പം വലുപ്പമേറിയ സഹായത്തിലൂടെ ശ്രദ്ധേയനായിരിക്കുകയാണ് നഗരത്തിലെ ഒരു കെട്ടിട നിര്‍മ്മാതാവ്.

പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പത്തൊന്‍പത് നിലകളുള്ള പുതിയ കെട്ടിടം കോവിഡ് രോഗികള്‍ക്കായി വിട്ട് കൊടുത്ത് കൊണ്ടാണ് ഇദ്ദേഹം മാതൃകയായിരിക്കുന്നത്. ഷീജി ഷരണ്‍ ഡെവലപ്പേഴ്‌സിന്റെ മെഹുല്‍ സാന്‍ഗ്വിയാണ് ഇത്തരമൊരു വേറിട്ട മാതൃകയിലൂടെ ശ്രദ്ധേയനായിരിക്കുന്നത്. കെട്ടിടത്തില്‍ ഫ്‌ലാറ്റ് ബുക്ക് ചെയ്തിരിക്കുന്നവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇത് ക്വാറന്റൈന്‍ കേന്ദ്രമാക്കാനായി വിട്ടു നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. മലാഡിലെ എസ് വി റോഡിലാണ് കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഇതില്‍ 130 ഫഌറ്റുകളുണ്ട്. ഇത് ഉടമകള്‍ക്ക് വിട്ട് നല്‍കാനുള്ള അന്തിമഘട്ടത്തിലെത്തിയിരുന്നു.

ഇതുവരെ പുതിയ കെട്ടിടത്തിലേക്ക് മൂന്നുറ് രോഗികളെ എത്തിച്ചിട്ടുണ്ട്. ഒരു ഫഌറ്റില്‍ നാല് രോഗികള്‍ എന്ന കണക്കിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവരുടെ ചികിത്സയും ഇവിടെ തുടരും. മലാഡ് എംപി ഗോപാല്‍ ഷെട്ടിയുടെ പരിശ്രമത്തിലൂടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കെട്ടിട ഉടമ നീങ്ങിയത്.

മഹാരാഷ്ട്രയില്‍ ഇന്നലെ ഒറ്റ ദിവസം മാത്രം 3,874 പുതിയ രോഗികളാണുണ്ടായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,28,205 ആയി. ഇന്നലെ മാത്രം 160 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 5,984 ആയി.

മുംബൈയില്‍ മാത്രം ഇന്നലെ 136 പേര്‍ മരിച്ചു. 1,197പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിലെ ആകെ രോഗികളുടെ എണ്ണം 65,265 ആയി. ആകെ മരണം 3,559 ആണ്.

eng­lish sum­ma­ry: Mum­bai Builder Hands Over 19-Storey Build­ing For COVID-19 Facility

you may also like this story: