പരോളിലിറങ്ങി മുങ്ങിയ മുംബൈ സ്ഫോടനക്കേസ് പ്രതി ജലീസ് അൻസാരി (68) പിടിയിൽ. 21 ദിവസത്തെ പരോളിലായിരുന്ന ഇയാളെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ അഗ്രിപാഡ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ കർശന പരിശോധനയ്ക്കിടെയാണ് കാൺപൂരിലെ പള്ളിയിൽ നിന്ന് ജുമാ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ജലീസ് അൻസാരി പിടിയിലാകുന്നത്.
സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും ബോംബ് നിര്‍മ്മിക്കുന്നതിലും വിദഗ്ധനായ ജലീസ് അന്‍സാരിയെ ഡോക്ടര്‍ ബോംബ് എന്നാണ് വിളിച്ചിരുന്നത്. രാജ്യത്തൊട്ടാകെ 50ലധികം ബോംബ് സ്ഫോടന കേസുകളില്‍ പ്രതിയാണ് ജലീസ് അന്‍സാരി. 1993 മാര്‍ച്ച് 12ന് 250 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടനത്തിലെ പ്രതിയാണ് അന്‍സാരി.
2008ല്‍ ജയ്പൂര്‍ സ്ഫോടനത്തിലാണ് ജലീസ് അന്‍സാരി പിടിയിലാകുന്നത്. സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ പോലുള്ള സംഘടനകള്‍ക്ക് ബോംബ് ഉണ്ടാക്കി കൊടുക്കാന്‍ സഹായിച്ചു എന്ന കേസില്‍ അജ്മീര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെയാണ് 21 ദിവസത്തെ പരോളില്‍ ഇറങ്ങുന്നത്. പരോള്‍ കാലാവധി കഴിഞ്ഞ് വെള്ളിയാഴ്ച ഹാജരാവേണ്ടതായിരുന്നു. ഇതിനിടെയാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്.
English summary: Mumbai blast case accused Jalis Ansari arrested in kanpoor
you may also like this video